രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

നളിനിയും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ആറു പേരെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ക്കും മോചനം. നളിനിയും ആര്‍പി രവിചന്ദ്രനും ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന എല്ലാ പ്രതികളെയും കാലാവധി പൂർത്തിയാകും മുമ്പ് വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രതികൾ മുപ്പത് വർഷമായി ജയിലിൽ കഴിഞ്ഞെന്നും ജയിലിലെ അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇവരെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ൻ

പ്രതികളായ നളിനി ശ്രീഹർ, റോബർട്ട് പൈസ്, രവിചന്ദ്രൻ, സുതേന്തിര രാജ, ശ്രീഹരൻ , ജയ്കുമാർ എന്നിവരെ വിട്ടയയ്ക്കാനാണ് കോടതി ഉത്തരവ്. മെയില്‍ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പേരറിവാളനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഇവർക്കും ബാധകമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പേരറിവാളന്റെ മോചനത്തിന് പിന്നാലെ പ്രതികളായ നളിനിയും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽകിയിരുന്നു. പേരറിവാളനെ വിട്ടയയ്ക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിക്കാൻ ഹൈക്കോടതിക്ക് സാധിക്കില്ലെന്ന് നിരീക്ഷിച്ച് ഹർജി തള്ളുകയായിരുന്നു. നേരത്തെ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ എല്‍ടിടിയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998ൽ കേസിൽ 25 പേരെ ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. 1999 മെയില്‍ മേല്‍ക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. പിന്നീട് 2014ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in