'കൊലയാളികളായിട്ടല്ല, ഇരകളായി കാണൂ'; രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ആർ പി രവിചന്ദ്രന്‍

'കൊലയാളികളായിട്ടല്ല, ഇരകളായി കാണൂ'; രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ആർ പി രവിചന്ദ്രന്‍

രാജീവ് ഗാന്ധി വധത്തില്‍ പങ്കില്ലെന്നായിരുന്നു കേസില്‍ മോചിപ്പിക്കപ്പെട്ട നളിനിയുടെ പ്രതികരണം

കൊലയാളികളായല്ല, ഇരകളായി കാണണമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി ആര്‍ പി രവി ചന്ദ്രന്‍. കാലം തങ്ങളെ നിരപരാധികളാക്കുമെന്നും മധുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് രവി ചന്ദ്രന്‍ പറഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിച്ച് മൂന്ന് പതിറ്റാണ്ടോളം തടവില്‍ കഴിഞ്ഞിരുന്ന ആറ് പ്രതികളെ ഇന്നലെയാണ് സുപ്രീംകോടതി വിധി പ്രകാരം മോചിപ്പിച്ചത്.

'ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ തീവ്രവാദികളായോ കൊലപാതകികളായോ കാണരുത്, ഇരകളായി കാണണം. ആരാണ് തീവ്രവാദിയെന്നും ആരാണ് സ്വാതന്ത്ര്യ സമരസേനാനിയെന്നും കാലം തെളിയിക്കും' രവിചന്ദ്രന്‍ കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധി വധത്തില്‍ പങ്കില്ലെന്നായിരുന്നു കേസില്‍ മോചിപ്പിക്കപ്പെട്ട നളിനിയുടെ പ്രതികരണം. അവസരം ലഭിച്ചാല്‍ ഗാന്ധി കുടുംബത്തെ കാണുമെന്നും എന്നാലത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും നളിനി പറഞ്ഞു. പ്രിയങ്കാ ഗാന്ധി തന്നെ ജയിലില്‍ കാണാനെത്തിയിരുന്നു. തന്റെ അച്ഛനെ കൊന്നത് എന്തിനാണെന്ന് അവര്‍ ചോദിച്ചു, അച്ഛനെയോര്‍ത്ത് പ്രിയങ്ക അന്ന് കരഞ്ഞു എന്നും നളിനി പറഞ്ഞു.

ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ല, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണം. വിദേശത്ത് താമസിക്കുന്ന ഒരു മകളുണ്ട്. അങ്ങോട്ട് പോകുന്നതിലുള്ള നടപടികള്‍ നടക്കുന്നു. ഇപ്പോഴും തന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിച്ചിട്ടില്ല. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനെ ശ്രീലങ്കയിലേയ്ക്ക് അയക്കരുതെന്നും ക്യാമ്പില്‍ നിന്ന് മോചിപ്പിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നളിനി പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയാണ് നളിനി.

രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ആര്‍ പി രവി ചന്ദ്രനെയും മറ്റ് പ്രതികളായ നളിനി, മുരുകന്‍ എന്ന ശ്രീഹരന്‍, സുധീന്ദ്രരാജയെന്ന ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ ഇന്നെലായിരുന്നു ജയില്‍ മോചിതരാക്കിയത്. സുപ്രീംകോടതിക്കുള്ള പ്രത്യേകാധികാരമായ (ഭരണഘടനയുടെ 142-ാം വകുപ്പ്) ഉയോഗിച്ച് കേസിലെ ഏഴാം പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയില്‍ മോചിപ്പിച്ചിരുന്നു. ആ ഉത്തരവ് കേസിലെ എല്ലാ കുറ്റവാളികള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് എല്ലാവരെയും വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in