മായാവതി,ജെഗ്ദീപ് ധന്‍കര്‍
മായാവതി,ജെഗ്ദീപ് ധന്‍കര്‍

രാഷ്ട്രപതി- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിയെ പിന്തുണച്ച് മായാവതി ലക്ഷ്യമിടുന്നതെന്ത് ?

നീക്കം രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജാട്ട് വോട്ട് ലക്ഷ്യംവെച്ച്

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം നാളെ രാജ്യം പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കും. ദ്രൗപുദി മുര്‍മുവിന്റെ വിജയത്തിന് പിന്നാലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിഎസ്പി എടുത്ത സമീപനമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ബിഎസ്പി യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെന്താണ്?

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജെഗ്ദീപ് ധന്‍കറെ പിന്തുണക്കാന്‍ തീരുമാനിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി. അധ്യക്ഷ മായാവതിയാണ് തീരുമാനം അറിയിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനേയാണ് ബിഎസ്പി പിന്തുണച്ചിരുന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുളള വനിത എന്ന് പരിഗണിച്ചാണ് പിന്തുണ എന്നതായിരുന്നു അന്ന് മായാവതിയുടെ പ്രതികരണം.

മായാവതി
മായാവതി

പത്ത് ലോക്സഭ എംപിയും ഒരു രാജ്യസഭാ എംപിയും ഉള്ള ബിഎസ്പിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ലെങ്കിലും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിശാല പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ജഗ്ദീപ് ധന്‍ക്കറെ പിന്തുണക്കുന്നതെന്നാണ് മായാവതിയുടെ ട്വീറ്റ്.

ബിഎസ്പിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്

ജാട്ട് വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് ധന്‍കര്‍, ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ജാട്ട്. ഇതുതന്നെയാണ് ബിഎസ്പിയെ സ്വാധീനിച്ചതും.

ജഗ്ദീപ് ധന്‍കറിന് ഏറെ സ്വാധീനമുളള ഇടമാണ് രാജസ്ഥാന്‍. അവിടെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ആറ് സീറ്റ് ലഭിച്ചിരുന്നു. ധന്‍കറനെ പിന്തുണച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകള്‍ സ്വാധീനിക്കാനാവുമെന്നാണ് ബിഎസ്പി യുടെ പ്രതീക്ഷ.

ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്ക് ദളിതരാണ്, തങ്ങള്‍ക്കൊരിക്കലും നിര്‍ധനരായ വിഭാഗങ്ങളുടെ പ്രതിനിധികള്‍ക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് ബിഎസ്പി യുടെ നിലപാട്. മുസ്ലീം വോട്ടുകളെ കൂടെ നിർത്താനും മതേതര സർട്ടിഫിക്കറ്റ് ലഭിക്കാനും പ്രതിപക്ഷത്തോട് ചേര്‍ന്ന് നിൽക്കേണ്ടതില്ലാ എന്നാണ് ബിഎസ്പിയുടെ പക്ഷം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായി സഖ്യം ചേര്‍ന്നതാണ് ബിഎസ്പി ചൂണ്ടിക്കാട്ടുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ ബിഎസ്പിക്ക് ഒരു സ്ഥാനമുണ്ടെന്നും അതിന്റെ ഭാഗമായാണ് വിശാല പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള പുതിയ നീക്കമെന്നുമാണ് പാർട്ടി വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in