വിവിപാറ്റുകൾ മുഴുവൻ എണ്ണാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി മുന്നോട്ടുവച്ച നിർദേശങ്ങൾ

വിവിപാറ്റുകൾ മുഴുവൻ എണ്ണാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി മുന്നോട്ടുവച്ച നിർദേശങ്ങൾ

വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇവിഎമ്മുകളിൽ ഇടുന്ന ഓരോ വോട്ടും ക്രോസ് വെരിഫൈ ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ വിവിപ്പാറ്റുകളും എണ്ണണമെന്ന ഹർജി ഇന്ന്‌ സുപ്രീംകോടതി തള്ളിയിരുന്നു. കാര്യങ്ങളെല്ലാം വിശദമായ പഠിച്ചുവെന്നും ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കോടതി പറഞ്ഞിരുന്നു. എല്ലാ വിവിപ്പാറ്റുകളും എണ്ണാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സൻജീവ്‌ ഖന്ന എന്നിവരുടെ ബെഞ്ച് പറഞ്ഞെങ്കിലും രണ്ട് നിർദേശങ്ങൾ കൂടി അവർ മുന്നോട്ടുവച്ചിരുന്നു.

മെഷീനിലേക്ക് ചിഹ്നങ്ങളുടെ ലോഡിങ് പൂർത്തിയാക്കിയാൽ സിംബൽ ലോഡിങ് യുണിറ്റ് കുറഞ്ഞത് 45 ദിവസത്തേക്ക് സീൽ ചെയ്ത് സൂക്ഷിക്കണമെന്ന നിർദേശമാണ് കോടതി ഉത്തരവിൽ നിർദേശിച്ച ആദ്യ കാര്യം. ജൂൺ ഒന്നിനോ അതിന് ശേഷമോ നടക്കുന്ന വോട്ടെടുപ്പുകളിലാണ് ഇക്കാര്യം ബാധമാകുക. എസ് എൽ യു സൂക്ഷിക്കുന്ന കണ്ടെയ്‌നറുകൾ സ്ഥാനാർത്ഥികളുടെ ഒപ്പോടുകൂടി സീൽ ചെയ്യാനാണ് ഉത്തരവ്.

ഫലപ്രഖ്യാപനത്തിന് ശേഷം തോറ്റ സ്ഥാനാർത്ഥികൾക്ക് ആവശ്യമെങ്കിൽ ഇവിഎം മൈക്രോ കോൺട്രോളറിന്റെ ബേൺഡ് മെമ്മറി എഞ്ചിനിയർമാരുടെ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാം. ഫലപ്രഖ്യാപനമുണ്ടായി ഏഴുദിവസത്തിനുള്ളിൽ വേണം അപേക്ഷ നൽകാൻ. പരിശോധന നടത്താനുള്ള പണച്ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണം. എന്തെങ്കിലും ക്രമക്കേട് കണ്ടെത്തുകയാണെങ്കിൽ പണം തിരികെ നൽകുമെന്നും കോടതി പറഞ്ഞു.

വിവിപാറ്റുകൾ മുഴുവൻ എണ്ണാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി മുന്നോട്ടുവച്ച നിർദേശങ്ങൾ
'ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കാനാകില്ല, എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുക അസാധ്യം'; ഹർജികൾ തള്ളി സുപ്രീംകോടതി

വിവിപിഎ എന്നത് ഇവിഎമ്മിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സ്വതന്ത്ര സംവിധാനമാണ്. അത് വോട്ടർമാർക്ക് അവരുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ സഹായിക്കുന്നു. ഒരു വോട്ട് രേഖപ്പെടുത്തുമ്പോൾ, സ്ഥാനാർത്ഥിയുടെ സീരിയൽ നമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ഒരു സ്ലിപ്പ് വിവിപാറ്റിൽ പ്രിൻ്റ് ചെയ്യും. ഏഴ് സെക്കൻഡ് നേരം ആ പ്രിന്റ് കാണാനും സാധിക്കും. അതിനുശേഷം മെഷീനിലെ സീൽഡ് ബോക്സിലേക്ക് സ്ലിപ് ശേഖരിക്കപ്പെടും.

പൊരുത്തക്കേടുകൾ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ, പ്രഖ്യാപിത ഫലം സാധുവാണോ എന്നറിയാൻ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയ വോട്ടുകൾക്കെതിരെ പേപ്പർ സ്ലിപ്പുകൾ ക്രോസ്-ചെക്ക് ചെയ്യാം. പാർട്ടി ചിഹ്നങ്ങൾ സൂക്ഷിക്കുന്ന ഓരോ വിവിപാറ്റ് മെഷീനിലും 4 എംബി ഫ്ലാഷ് മെമ്മറികളാണുള്ളത്. ഈ എസ്എൽയു യൂണിറ്റുകളാണ് ഇവിഎമ്മുകൾക്കൊപ്പം സ്റ്റോർറൂമുകളിൽ സൂക്ഷിക്കുമെന്ന് കോടതി പറഞ്ഞത്.

ഇവിഎമ്മിനാകട്ടെ പ്രധാനമായും രണ്ട് യൂണിറ്റുകളാണുള്ളത് - കൺട്രോൾ യൂണിറ്റും വോട്ടിങ് യൂണിറ്റും. ഇവ കേബിളുകൾ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കൺട്രോൾ യൂണിറ്റ് പോളിങ് പ്രിസൈഡിങ് ഓഫീസറുടെ പക്കലും വോട്ടിംഗ് യുണിറ്റ് ആളുകൾ വോട്ട് ചെയ്യുന്നതിന് സമീപവുമാണ് സൂക്ഷിക്കുക. വോട്ടർക്ക് മാത്രം കാണാവുന്ന തരത്തിലായിരിക്കും വോട്ടിങ് യൂണിറ്റുകൾ ഉണ്ടാകുക. ഓരോ മൈക്രോചിപ്പുകൾ ഇരു സംവിധാനത്തിലുമുണ്ടാകും. ഒറ്റത്തവണമാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ഇവ തിരുത്താനോ റീ പ്രോഗ്രാം ചെയ്യാനോ സാധിക്കില്ല.

വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇവിഎമ്മുകളിൽ ഇടുന്ന ഓരോ വോട്ടും ക്രോസ് വെരിഫൈ ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയുടെ മുമ്പാകെയുള്ള ഒരു കൂട്ടം ഹർജികൾ. തിരഞ്ഞെടുപ്പിൻ്റെ നിയന്ത്രണ അതോറിറ്റിയല്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് ബോഡിയുടെ പ്രവർത്തനം നിർദേശിക്കാൻ കഴിയില്ലെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in