പിഴ ഈടാക്കാന്‍ ടിടിഇമാരുടെ മത്സരം; സെന്‍ട്രല്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം

പിഴ ഈടാക്കാന്‍ ടിടിഇമാരുടെ മത്സരം; സെന്‍ട്രല്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം

മുംബൈ ഡിവിഷൻ ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡിലെ ടിടിഇ സുനിൽ നൈനാനിയാണ് പിഴ ഇനത്തിൽ വ്യക്തിഗതമായി ഏറ്റവും കൂടുതൽ വരുമാനം നേടിയത്

2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ - ഒക്ടോബർ കാലയവളില്‍ പിഴയിനത്തില്‍ റെക്കോഡ് വരുമാനം നേടി സെന്‍ട്രല്‍ റെയില്‍വേ. മുംബൈ ഡിവിഷനിലെ നാല്‌ ടിടിഇമാർ മാത്രം നാലു കോടിയിലധികം രൂപയാണ് പിഴയീടാക്കിയതിലൂടെ റെയില്‍വേയ്ക്ക് നേടിക്കൊടുത്തത്. മുംബൈ ഡിവിഷൻ ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡിലെ ടിടിഇ സുനിൽ നൈനാനിയാണ് ഇക്കൂട്ടത്തിൽ ഒന്നാമന്‍. 1,00,02,830 രൂപയാണ് പതിനായിരത്തില്പരം ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്നും സുനിൽ നൈനാനി പിഴയായി ഈടാക്കിയത്. ഇദ്ദേഹത്തിന് പുറമെ മുംബൈ ഡിവിഷനിൽ തന്നെയുള്ള ഭിം റെഡ്‌ഡി, എം എം ഷിൻഡെ, ആർ ഡി ബാഹോത് എന്നിവരാണ് 'കോടിപതികളായ' മറ്റു മൂന്ന് ടിടിഇമാർ.

പിഴയുടെ വ്യക്തമായ കണക്കുൾപ്പടെ സുനിൽ നൈനാനിയുടെ ചിത്രവും ഒപ്പം യാത്രക്കാരോട് ടിക്കറ്റ് എടുത്ത് മാന്യമായി യാത്ര ചെയ്യണം എന്ന് അഭ്യർത്ഥിച്ചുള്ള കുറിപ്പും ചേർത്താണ് സെന്‍ട്രല്‍ റെയിൽവേ ഈ വിവരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

പിഴ ഈടാക്കാന്‍ ടിടിഇമാരുടെ മത്സരം; സെന്‍ട്രല്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം
വനിതാ സംവരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കണം; കോൺഗ്രസ് നേതാവ് ജയാ താക്കൂർ സുപ്രീംകോടതിയിൽ

മാർച്ചിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴയായി ഈടാക്കിയത് നൂറ് കോടി രൂപയായിരുന്നു. അന്നും, മുംബൈ ഡിവിഷനിൽ നിന്നാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവെ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്, എന്നാൽ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിനുള്ള തെളിവാണ് പിഴയുടെ കണക്കുകളിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in