സിനിമകളില്‍ ഹിന്ദുമത വികാരം വ്രണപ്പെടുന്നോയെന്ന് പരിശോധിക്കാന്‍ 'ധര്‍മ സെന്‍സര്‍ ബോര്‍ഡ്' രൂപീകരിച്ച് സന്യാസി

സിനിമകളില്‍ ഹിന്ദുമത വികാരം വ്രണപ്പെടുന്നോയെന്ന് പരിശോധിക്കാന്‍ 'ധര്‍മ സെന്‍സര്‍ ബോര്‍ഡ്' രൂപീകരിച്ച് സന്യാസി

സനാതന സംസ്‌കാരത്തിനും ഹിന്ദുമതത്തിനും എതിരായ 'ആക്രമണം' പരിശോധിക്കുകയും ഇത്തരം സിനിമകളുടെയും ഡോക്യുമെന്ററികളുടെയും വെബ് സീരീസുകളുടെയും പ്രദർശനവും റിലീസും തടയുകയുമാണ് സെൻസർ ബോർഡിന്റെ ലക്ഷ്യം

സിനിമകൾ ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി 'ധര്‍മ സെൻസർ ബോർഡ്' (റിലീജിയന്‍ സെൻസർ ബോർഡ്) രൂപീകരിച്ചതായി സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. സിനിമകളിലൂടെയുള്ള സനാതന സംസ്‌കാരത്തിനും ഹിന്ദുമതത്തിനും എതിരായ 'ആക്രമണം' പരിശോധിക്കുകയും ഇത്തരം സിനിമകളുടെയും ഡോക്യുമെന്ററികളുടെയും വെബ് സീരീസുകളുടെയും പ്രദർശനവും റിലീസും തടയുകയുമാണ് സെൻസർ ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അധ്യക്ഷതയിലാണ് 10 അംഗ സെൻസർ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യുപിയിലെ മാഘമേളയിലെ ത്രിവേണി റോഡിലുള്ള അവിമുക്തേശ്വരാനന്ദയുടെ ആശ്രമത്തില്‍ വെച്ച് മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ബോർഡിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. മതവും സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രഗത്ഭരെയാണ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. 

ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്ന സിനിമകളുടെ നിർമാണം തടയാൻ ബോർഡ് മുഖേന നടപടി സ്വീകരിക്കും

ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നതോ സംസ്കാരത്തെ തള്ളിപ്പറയുന്നതോ ആയ വീഡിയോയോ ഓഡിയോയോ ചിത്രീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ തടയുകയാണ് ബോർഡിന്റെ ലക്ഷ്യം. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്ന സിനിമകളുടെ നിർമാണം തടയാൻ ബോർഡ് മുഖേന നടപടി സ്വീകരിക്കും. വിലകുറഞ്ഞ ജനപ്രീതിക്കായി സനാതന സംസ്‌കാരത്തെ വളച്ചൊടിക്കുന്ന സിനിമകളും പരമ്പരകളും സീരിയലുകളും നിർമിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സെൻസർ ബോർഡിനെയും സർക്കാരിനെയും സഹായിക്കാനാണ് ബോർഡ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സീരിയലുകളും വെബ് സീരീസുകളും സിനിമകളും നിർമിക്കുന്നവരുമായും സംവിധായകരുമായും ബോർഡ് ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്യും. അതോടൊപ്പം ഹിന്ദു വിരുദ്ധവും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമായ സിനിമകളും സീരിയലുകളും കാണരുതെന്ന് ഹിന്ദു സമൂഹത്തോട് അഭ്യർഥിക്കുമെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഇതോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിമുക്തേശ്വരാനന്ദയെ കൂടാതെ ഒമ്പത് അംഗങ്ങളാണ് സെൻസർ ബോർഡിലുള്ളത്. മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി എം മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, സിനിമാ താരം മാനസി പാണ്ഡെ, യു പി ഫിലിം ഡെവലപ്മെന്‍റ് ബോർഡ് വൈസ് പ്രസിഡന്‍റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച 'പത്താൻ' ആവും ബോർഡ് പരിശോധിക്കുന്ന ആദ്യ ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ ബോർഡ് അംഗങ്ങൾ കണ്ട ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്ന് ബോർഡ് അറിയിച്ചു.

logo
The Fourth
www.thefourthnews.in