പ്രിസൈഡിങ് ജഡ്ജിയുടെ റിപ്പോര്‍ട്ടിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് നിഷേധിക്കരുത്: സുപ്രീംകോടതി

പ്രിസൈഡിങ് ജഡ്ജിയുടെ റിപ്പോര്‍ട്ടിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് നിഷേധിക്കരുത്: സുപ്രീംകോടതി

കഠിനമായ കുറ്റകൃത്യങ്ങളില്‍ പോലും തടവുശിക്ഷയുടെ ആത്യന്തിക ലക്ഷ്യം കുറ്റവാളിയെ പരിഷ്‌കരിക്കുകയെന്നതെന്നും കോടതി പറഞ്ഞു

കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ സര്‍ക്കാര്‍, പ്രിസൈഡിങ് ജഡ്ജിയുടെയോ പോലീസിന്റെയോ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് നിഷേധിക്കരുതെന്ന് സുപ്രീംകോടതി. പരോളോ ശിക്ഷായിളവോ ലഭിക്കാതെര 24 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര അടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. പ്രിസൈഡിങ് ജഡ്ജിയുടെ പ്രതികൂല അഭിപ്രായം കാരണം രണ്ട് അവസരങ്ങളിലും റിമിഷന്‍ ബോര്‍ഡ് ജയില്‍ മോചനത്തിനുള്ള അപേക്ഷകന്റെ ഹര്‍ജി നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രിസൈഡിങ് ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയതാണ് ഹര്‍ജിക്കാരന്റെ അപേക്ഷ നിരസിച്ചതിന് പിന്നില്‍ എന്നതില്‍ കോടതി ആശങ്ക അറിയിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷയിലും ഹൈക്കോടതിയുടെ തുടര്‍ന്നുള്ള സ്ഥിരീകരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിപ്പോര്‍ട്ടാണ് അതെന്നും കോടതി വിലയിരുത്തി.

കുറ്റവാളിയേക്കാളുപരി കുറ്റകൃത്യത്തിന് പ്രാധാന്യം നല്‍കുന്ന അത്തരമൊരു റിപ്പോര്‍ട്ടിന് പ്രാധാന്യമില്ല ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി. ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിയുടെ പരിവര്‍ത്തനവും സമൂഹത്തിലേക്ക് തിരികേയെത്തിക്കാനുള്ള സാധ്യതയും വിലയിരുത്തുന്നതിന് തടവുകാരന്റെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ അടുത്തിടപഴകുന്ന പ്രൊബേഷന്‍ ഓഫീസര്‍മാരും ജയില്‍ അധികാരികളും പോലുള്ളവര്‍ക്ക് പ്രധാന പങ്കുണ്ടെന്നും കോടതി വിലയിരുത്തി.

പ്രിസൈഡിങ് ജഡ്ജിയുടെ അഭിപ്രായം സുപ്രധാനമായി പരിഗണിക്കേണ്ട ഒന്നാണെങ്കിലും നിയമപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായിരിക്കണം എന്നും മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം, അത് സമൂഹത്തെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ടോ, ആവര്‍ത്തനത്തിനുള്ള സാധ്യത, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രതിയുടെ സാധ്യതകള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

തുടര്‍ച്ചയായി തടവിലാക്കപ്പെടുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം, ആരോഗ്യം, കുടുംബ ബന്ധങ്ങള്‍, ശിക്ഷാവിധിക്ക് ശേഷമുള്ള പെരുമാറ്റം എന്നിങ്ങനെയുള്ള ഘടകങ്ങളും കണക്കിലെടുക്കണം. കസ്റ്റഡിയില്‍, പ്രതി ഏതെങ്കിലും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുണ്ടോ എന്തെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കണം. ജയില്‍ പെരുമാറ്റം, അവര്‍ ഏതെങ്കിലും സാമൂഹിക ലക്ഷ്യത്തോടെയുള്ളതോ ഉത്പ്പാദനക്ഷമമായതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, ഒരു മനുഷ്യനെന്ന നിലയില്‍ മൊത്തത്തിലുള്ള വികസനം എല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

കുറ്റകൃത്യത്തിന്റെ സ്വഭാവം, അതിന്റെ ഗൗരവം, പ്രതിയുടെ പങ്ക്, ആ ഘട്ടത്തില്‍ ലഭ്യമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ, ശിക്ഷാവിധിയുണ്ടാക്കുന്ന എല്ലാ വസ്തുതകളും അടങ്ങുന്ന, നിലവിലുള്ള രേഖയെ അടിസ്ഥാനമാക്കിയാണ് പ്രിസൈഡിങ് ജഡ്ജിയുടെ വീക്ഷണങ്ങള്‍. ശിക്ഷാവിധിക്ക് ശേഷമുള്ള പെരുമാറ്റം, പ്രത്യേകിച്ച്, തടവുകാരന്‍ നേടിയ ഇളവുകള്‍, അവരുടെ പ്രായവും ആരോഗ്യവും, ചെയ്ത ജോലി, യഥാര്‍ഥ തടവിന്റെ ദൈര്‍ഘ്യം മുതലായവ പ്രിസൈഡിങ് ജഡ്ജിയുടെ പരിഗണനയില്‍ വരില്ല. കഠിനമായ കുറ്റകൃത്യങ്ങളില്‍ പോലും തടവുശിക്ഷയുടെ ആത്യന്തിക ലക്ഷ്യം, ശിക്ഷയുടെയും പുനഃരധിവാസത്തിന്റെയും കാലഘട്ടത്തിലൂടെ കുറ്റവാളിയെ പരിഷ്‌കരിക്കുകയാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

logo
The Fourth
www.thefourthnews.in