'ടണല്‍ വീണ്ടും തകരാന്‍ സാധ്യത'; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

'ടണല്‍ വീണ്ടും തകരാന്‍ സാധ്യത'; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

നാല്‍പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് ദൗത്യസംഘം അറിയിച്ചു

പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ടണല്‍ തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ, രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. നാല്‍പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് ദൗത്യസംഘം അറിയിച്ചു.

ടണല്‍ വീണ്ടും തകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയതെന്ന് നാഷണല്‍ ഹൈവെ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

സാഹചര്യം വിലയിരുത്താനായി അടിയന്തര യോഗം ചേരും. 600 മീറ്റര്‍ തുരന്നാല്‍ മാത്രമേ 800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ ഉള്ളിലേക്ക് കടത്താന്‍ സാധിക്കുള്ളു. അഞ്ചാമത്തെ പൈപ്പ് കടത്തിവിടാനുള്ള ശ്രമത്തിനിടെയാണ് വലിയ ശബ്ദം കേടട്ടത്. ഡല്‍ഹിയില്‍ നിന്നെത്തിച്ച ഡ്രില്ലിങ് മെഷീന്‍ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, 2018ല്‍ തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ തായ്‌ലന്‍ഡ്, നോര്‍വേ ദൗത്യ സംഘത്തിലെ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാനായി ഉത്തരാഖണ്ഡില്‍ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേരണം എന്നഭ്യര്‍ഥിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇവരെ സമീപിച്ചിരുന്നു.

കുടുങ്ങിക്കിടക്കുന്ന നാല്‍പ്പതുപേരുമായി രക്ഷാസംഘം ആശയവിനിമയം നടത്തുന്നുണ്ട്. ചാര്‍ ധാം ഹൈവെ പ്രോജക്ടിന്റെ ഭാഗമായി ഉത്തരകാശിയിലെ സിക്യാര-ദംദാഗാവ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റര്‍ ദൂരമുള്ള ടണലിന്റെ ഒരു ഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ ഞായറാഴ്ച തകര്‍ന്നത്. വലിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞുവീണ് പുറത്തേക്കുള്ള വഴി അടയുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴലാളികള്‍ക്ക് വെള്ളവും ഭക്ഷണവും ഓക്‌സിജനും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് എതിരെ കുടുങ്ങിയ തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in