ബിൽക്കിസ് ബാനു
ബിൽക്കിസ് ബാനുGoogle

ബിൽക്കിസ് ബാനു കേസ് : പ്രതികളെ വെറുതെ വിട്ടതിനെതിരെ റിട്ട: ജസ്റ്റിസ് യു. ഡി. സാൽവി

കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ന്യായാധിപനാണ് യു. ഡി. സാൽവി

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ റിട്ട: ജസ്റ്റിസ് യു. ഡി. സാൽവി. 2002 ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ന്യായാധിപനാണ് യു. ഡി. സാൽവി. "അനുഭവിച്ചവർക്ക് മാത്രമേ അന്നു നടന്നതിന്റെ വേദന മനസിലാകുവെന്ന്" സാൽവി പ്രതികരിച്ചു.

ശിക്ഷാ ഇളവിനുള്ള അപേക്ഷ പരിഗണിച്ച ഗുജറാത്ത് സർക്കാർ തിങ്കളാഴ്ച 11 പ്രതികളെയും ജയിൽ മോചിതരാക്കിയിരുന്നു. 2008ൽ മുംബൈ സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ പ്രത്യേക ജഡ്ജിയായിരുന്ന ജസ്റ്റിസ് യു. ഡി. സാൽവി, വിചാരണ വേളയിൽ ബിൽക്കിസ് ബാനുവിന്റെ 'മൊഴി' ധീരമെന്ന് വിശേഷിപ്പിച്ചിരുന്നു.

ബിൽക്കിസ് ബാനു
'നീതിയ്ക്ക് വേണ്ടി പോരാടുന്ന സ്ത്രീകളെ ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു': ബില്‍ക്കിസ് ബാനു

കേസിന്റെ വാദം 2004ൽ ഗുജറാത്തിൽ നിന്ന് മുംബൈ കോടതിയിലേക്ക് മാറ്റിയിരുന്നു. ബിൽക്കിസ് ബാനുവിന് ഭീഷണികൾ നേരിട്ട സാഹചര്യത്തിലായിരുന്നു കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. സാക്ഷി മൊഴികൾ അടക്കം 1000 പേജിലുള്ള തെളിവുകളാണ് കേസിൽ സമർപ്പിച്ചിട്ടുള്ളത്.

“വിധി വളരെക്കാലം മുമ്പാണ് വന്നത്. ഇപ്പോൾ അത് സർക്കാരിന്റെ കൈയിലാണ്. സംസ്ഥാനമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സർക്കാരിന്റെ തീരുമാനത്തിലെ ശരിതെറ്റുകൾ നിർണ്ണയിക്കേണ്ടത് ബന്ധപ്പെട്ട കോടതിയോ സുപ്രിംകോടതിയോ ആണ്,” ജസ്റ്റിസ് സാൽവി പറഞ്ഞു.

പ്രതികളെ ജയിൽമോചിതരാക്കിയ നടപടിയോട് പ്രതികരിച്ചു കൊണ്ട് അഭിഭാഷകൻ മുഖേന നൽകിയ പ്രസ്താവനയിൽ ' ഒരു സ്ത്രീയുടെ ഭാവി എങ്ങനെയാണ് ഇത്തരത്തിൽ അവസാനിപ്പിക്കുക' എന്ന ചോദ്യം അവർ ഉന്നയിച്ചിരുന്നു. . " ഇന്ന് , എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ - ഒരു സ്ത്രീയുടെ നീതി എങ്ങനെ ഇങ്ങനെ അവസാനിക്കും? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഞാൻ ഈ സംവിധാനത്തെ വിശ്വസിച്ചു. നേരിട്ട ആഘാതത്തിൽ നിന്ന് പുറത്തുവരാനും ജീവിതം തിരികെപ്പിടിക്കാനും പതുക്കെ പഠിക്കുകയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്റെ സമാധാനം ഇല്ലാതാക്കുകയും നീതിയിലുള്ള എന്റെ വിശ്വാസത്തെ ഉലക്കുകയും ചെയ്തു." ബിൽക്കിസ് ബാനു പറഞ്ഞു.

ബിൽക്കിസിന്റെ പ്രതികരണം താൻ കണ്ടിട്ടില്ലെന്നും എന്നാൽ കേസിലെ വിധി എല്ലാവർക്കും വായിക്കാനുള്ളതാണെന്നും ജസ്റ്റിസ് സാൽവി പറഞ്ഞു.

“വിധിക്ക് പലതും വിശദീകരിക്കാൻ കഴിയും; കേസിന്റെ സാഹചര്യങ്ങൾ, ആരാണ് ഉൾപ്പെട്ടിരിക്കുന്നത്, ഏത് വിധത്തിലാണ് കുറ്റകൃത്യം നടന്നത്. അവർ (ബിൽക്കിസ്) കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ പേര് പറഞ്ഞിരുന്നു. ഇത് പ്രതികളെ തിരിച്ചറിയുന്നതിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.വിധി സ്വയം സംസാരിക്കും. വിധി, കോടതിയുടെ മുമ്പാകെയുള്ള തെളിവുകൾ, സുപ്രീം കോടതിയുടെ വിധിയുടെ സ്ഥിരീകരണം എന്നിവ അതിൽ കാണാൻ കഴിയും. നിലവിലെ വസ്തുതാപരമായ സാഹചര്യങ്ങൾക്കൊപ്പം പൂർണമായ വീക്ഷണം നടത്തി തീരുമാനമെടുക്കുക എന്നതാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ചെയ്യേണ്ടത്. ഇതിനെ ഒറ്റപ്പെട്ടതായി കാണാൻ സാധിക്കില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in