'യോഗീ ബാബാ, നിങ്ങളിത് കാണണം'; ഉത്തര്‍പ്രദേശില്‍ വിദ്യാർത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും

'യോഗീ ബാബാ, നിങ്ങളിത് കാണണം'; ഉത്തര്‍പ്രദേശില്‍ വിദ്യാർത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും

വിവാദമായതോടെ, സ്കൂള്‍ പ്രിന്‍‌സിപ്പാളിനെ സസ്പെന്‍ഡ് ചെയ്ത ജില്ലാ മജിസ്ട്രേറ്റ് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശില്‍ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും ഉപ്പും മാത്രം നല്‍കി സർക്കാർ സ്കൂള്‍. അയോധ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. 'യോഗീബാബ, നിങ്ങളിത് കാണണം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിവാദമായതോടെ, സ്കൂള്‍ പ്രിന്‍‌സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളില്‍ കുട്ടികള്‍ നിലത്തിരുന്ന് ഉപ്പ് മാത്രം കൂട്ടി ചോറ് കഴിക്കുന്നതായാണുള്ളത്. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള ഭക്ഷണമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.

'കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല. പ്രധാന അധ്യാപകനും ഗ്രാമത്തലവനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. അപ്പോള്‍ ആരാണ് ഉത്തരവാദി?' എന്നാണ് വീഡിയോയില്‍ ചോദിക്കുന്നത്. 'ഈ കുട്ടികളെല്ലാം ചോറും ഉപ്പും കഴിക്കുന്നത് നിങ്ങള്‍ക്ക് കാണാം. കുട്ടികളെ ഇത്തരമൊരു സ്‌കൂളില്‍ അയക്കാന്‍ ആരാണ് ആഗ്രഹിക്കുന്നത്. യോഗീ ബാബ, ഈ വീഡിയോ കാണണം' എന്നും വീഡിയോയില്‍ പറയുന്നു. സ്കൂളിന്റെ ചുവരില്‍ പതിച്ചിരിക്കുന്ന ഭക്ഷണമെനുവില്‍ പാല്‍, റൊട്ടി, പരിപ്പ്, പച്ചക്കറികള്‍, അരി എന്നിവയാണുള്ളത്. ഈ മെനുവില്‍ അരിയും ഉപ്പും എവിടെയാണെന്ന് ചോദിച്ചാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

പദ്ധതി അനുസരിച്ചുള്ള ഭക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ടെന്നും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുമുന്‍പും യുപിയില്‍ നിന്ന് സമാന രീതിയിലുള്ള വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. 2019ല്‍ മിര്‍സാപൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും വിളമ്പുന്നത് ചിത്രീകരിച്ചതിന് ഒരു ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകന്‍ പവന്‍ ജയ്സ്വാളിനെതിരെ കേസെടുത്തിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന ആരോപിച്ചായിരുന്നു കേസ്. എന്നാല്‍, പിന്നീട് ജയ്സ്വാളിന് ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in