നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ആർജെഡി പോസ്റ്റർ; വിവാദം ഒഴിവാക്കാൻ പിൻവലിച്ചു

നിതീഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ആർജെഡി പോസ്റ്റർ; വിവാദം ഒഴിവാക്കാൻ പിൻവലിച്ചു

നിതീഷ് കുമാർ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതാണ് പോസ്‌റ്ററിലുള്ളത്

2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ചിത്രീകരിക്കുന്ന പോസ്റ്ററുമായി ആർജെഡി. പട്‌നയിലെ പാർട്ടി ഓഫീസിന് സമീപമാണ് പോസ്‌റ്റർ പ്രദർശിപ്പിച്ചത്. ആർജെഡി സംസ്ഥാന ഘടകത്തിന്റെ വനിതാ വിഭാഗം ജനറൽ സെക്രട്ടറി പൂനം റായിയാണ് പോസ്റ്റർ ഒട്ടിച്ചത്. നിതീഷ് കുമാർ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതാണ് പോസ്‌റ്ററിലുള്ളത്. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാനായി പിന്നീട്‌ പോസ്റ്റർ നീക്കം ചെയ്തു.

പ്രതിപക്ഷപാർട്ടികളുടെ സമ്മതത്തോടെ നിതീഷ്‌കുമാർ പ്രധാനമന്ത്രിയാകുന്നതാണ് പോസ്റ്ററിൽ കാണിച്ചിട്ടുള്ളത്

പ്രതിപക്ഷ സമ്മതത്തോടെയുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയായാണ് നിതീഷ് കുമാറിനെ പോസ്റ്ററിൽ കാണിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർജെഡി നേതാവ് ലാലു പ്രസാദ്, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ നിതീഷ് കുമാറിന് ചുറ്റും നിൽക്കുകയും അദ്ദേഹം പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതുമാണ് പോസ്‌റ്ററിൽ ഉള്ളത്. 

പാർട്ടി ഓഫീസിന് പുറത്ത് ഏതെങ്കിലും പോസ്റ്റർ പതിക്കുന്നതിനായി ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗിന്റെ അനുമതി ആവശ്യമാണ്.  എന്നാൽ ഈ പോസ്‌റ്ററിന് അനുമതി ലഭിച്ചില്ലെന്നും വിവാദമാകും മുൻപ് എടുത്ത് മാറ്റിയെന്നുമാണ് റിപ്പോർട്ട്. പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്ന് നിതീഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷത്തിന്റെ ഐക്യത്തിനായാണ് താൻ പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in