സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്

'സോണിയ അല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവ്'; ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിക്ക് രഹസ്യധാരണ: സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരായ പോരാട്ടം കടുപ്പിച്ച് സച്ചിൻ പൈലറ്റ്. ഗെഹ്‌ലോട്ടിന് ബിജെപി നേതാക്കളുമായി രഹസ്യധാരണയുണ്ടെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവെന്ന് തോന്നുന്നുവെന്നും മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു.

ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസുന്ധര രാജെ സർക്കാർ അഴിമതിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായി
സച്ചിൻ പൈലറ്റ്

തന്റെ സർക്കാർ അട്ടിമറിക്കപ്പെടുന്നതിൽനിന്ന് സംരക്ഷിച്ച് നിർത്തിയതിൽ വസുന്ധര രാജെയുടെ സഹായം ലഭിച്ചുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞതിന് പിന്നാലെയാണ് സച്ചിന്റെ പ്രസ്താവന. ''മുഖ്യമന്ത്രിയുടെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയനെന്നാണ് പ്രസംഗം കേട്ട ശേഷം തോന്നുന്നത്,'' സച്ചിൻ പറഞ്ഞു. തന്റെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചുവെന്ന് പറഞ്ഞ ഗെഹ്‌ലോട്ട് സർക്കാരിനെ രക്ഷിക്കാൻ ബിജെപി നേതാവ് സഹായിച്ചെന്നും പറയുന്നു. വാക്കുകളിലെ ഈ വൈരുധ്യം അദ്ദേഹം വിശദീകരിക്കണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ധോൽപുരിൽ നടന്ന റാലിയിലായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ പരാമർശം. സർക്കാരിനെ 2020ൽ താഴെവീഴാതിരിക്കാൻ സഹായിച്ചത് വസുന്ധര രാജെയും മറ്റ് രണ്ട് ബിജെപി നേതാക്കളുമാണ്. പല എംഎൽഎമാർക്കും ബിജെപി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. അതേസമയം, ഈ വാക്കുകൾ സ്വന്തം പാർട്ടിയിലെ എം എൽ എ മാറി അപമാനിക്കുന്നതിന് തുല്യമാണെന്ന് സച്ചിൻ പ്രതികരിച്ചു.

“ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വസുന്ധര രാജെ സർക്കാർ അഴിമതിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി,” അദ്ദേഹം ആക്ഷേപിക്കുന്നത് സോണിയ ഗാന്ധിയെ കൂടിയാണ്. ബിജെപി നേതാക്കളുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ഗെഹ്‌ലോട്ട് കഴിഞ്ഞ സർക്കാരിലെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സ്തംഭിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പൈലറ്റ് ആരോപിച്ചു.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ തനിക്കെതിരെ പല കളിയാക്കലുകളും ഗെഹ്‌ലോട്ടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതെല്ലാം സഹിച്ചതും മറിച്ചൊന്നും പറയാതിരുന്നതും പാർട്ടിക്ക് കോട്ടം തട്ടരുതെന്ന് കരുതിയാണ്. ചതിയൻ എന്നുവരെ ആരോപണമുണ്ടായി. 2020ൽ രാജസ്ഥാനിലൊരു നേതൃമാറ്റമാണ് ആവശ്യപ്പെട്ടിരുന്നത്. അഹമ്മദ് പട്ടേലുമായി അതിനെ പറ്റിസംസാരിക്കുകയും ചെയ്തിരുന്നുവെന്നും സച്ചിൻ പറഞ്ഞു.

ജൻ സംഘർഷ് യാത്ര എന്ന പേരിൽ റാലി സച്ചിൻ പ്രഖ്യാപിച്ചു. അജ്‌മീർ മുതൽ ജയ്‌പൂർ വരെ നടത്തുന്ന റാലി ആർക്കുമെതിരെയല്ല, അഴിമതിക്കെതിരെയാണ്. റാലിയിൽ യുവജനത നേരിടുന്ന പ്രശ്നങ്ങളും ഉയർത്തുമെന്നും സച്ചിൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in