'എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷേ മിസോറാമിലല്ല'; അമിത് മാളവ്യക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്

'എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷേ മിസോറാമിലല്ല'; അമിത് മാളവ്യക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്

ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയും സച്ചിന്‍ പൈലറ്റും തമ്മിൽ എക്സിൽ വാക്പോര്
Updated on
1 min read

1966 മാർച്ച് 5ന് മിസോറാമിൽ ബോംബിട്ടത് അന്ന് വ്യോമസേനാ പൈലറ്റായിരുന്ന രാജേഷ് പൈലറ്റാണെന്ന ബിജെപി വാദം തള്ളി മകനും കോൺഗ്രസ് നേതാവുമായി സച്ചിൻ പൈലറ്റ്. ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ ആരോപണമാണ് സച്ചിൻ പൈലറ്റ് രേഖകൾ സഹിതം പൊളിച്ചടുക്കിയത്. സമൂഹമാധ്യമമായ എക്സിൽ ഇത് സംബന്ധിച്ച രേഖകൾ സച്ചിൻ പോസ്റ്റ് ചെയ്തു.

രാജേഷ് പൈലറ്റിന്റെ വ്യോമസേനാ സർവീസ് വിശദാംശങ്ങളുമായാണ് സച്ചിൻ പൈലറ്റിന്റെ പോസ്റ്റ്. 1966 മാർച്ച് അഞ്ചിന് രാജേഷ് പൈലറ്റ് വ്യോമസേനയിൽ ജോലി ആരംഭിച്ചിട്ടില്ലെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് മിസോറാം തലസ്ഥാനമായ ഐസോളിൽ ബോംബിട്ടെന്ന ആരോപണം സച്ചിൻ തള്ളിക്കളയുന്നത്. 1966 ഒക്ടോബർ 29നാണ് രാജേഷ് പൈലറ്റ് വ്യോമസേനയിൽ പ്രവേശിച്ചതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സച്ചിൻ പങ്കുവച്ചു.

'' വ്യോമസേനാ പൈലറ്റ് എന്ന നിലയിൽ അച്ഛൻ ബോംബ് വർഷിച്ചിട്ടുണ്ട്. അത് മിസോറാമിലല്ല, 1971ലെ ഇന്ത്യ - പാക് യുദ്ധകാലത്ത് കിഴക്കൻ പാകിസ്താനിലാണ്'' - സച്ചിൻ കുറിച്ചു.

ഐസോളില്‍ ബോംബെറിഞ്ഞതിന് പ്രതിഫലമായാണ് വ്യോമസേനാ വിമാനങ്ങള്‍ പറത്തിയ രാജേഷ് പൈലറ്റിനും സുരേഷ് കല്‍മാഡിക്കും ഇന്ദിരാ ഗാന്ധി രാഷ്ട്രീയത്തിൽ അവസരം നൽകിയത് എന്നായിരുന്നു അമിത് മാളവ്യയുടെ ആരോപണം. സച്ചിൻ പൈലറ്റിന്റെ മറുപടി വന്നതോടെ, രാജേഷ് പൈലറ്റ് മിസോറാമിൽ ബോംബ് വർഷിച്ചെന്ന് 2011ൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതായി അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു.

'എന്റെ അച്ഛൻ ബോംബിട്ടിട്ടുണ്ട്, പക്ഷേ മിസോറാമിലല്ല'; അമിത് മാളവ്യക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനികതല ചർച്ച: ഇന്ത്യയുടെ പ്രധാന ആവശ്യത്തിന് അംഗീകാരമില്ല

1966ല്‍ മിസോറാമില്‍ ഇന്ത്യന്‍ വ്യോമസേനയെ ഉപയോഗിക്കാനുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിച്ച് നിസാരമായ തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in