സച്ചിന്‍ പൈലറ്റ്
സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്ര; സര്‍ക്കാരിനെതിരല്ല, അഴിമതി വിരുദ്ധ യാത്രയെന്ന് സച്ചിന്‍ പൈലറ്റ്

ജന്‍ സംഘര്‍ഷ് യാത്ര സര്‍ക്കാരിനുള്ള വിമര്‍ശനമല്,ല അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്ന് പൈലറ്റ്
Published on

രാജസ്ഥാനില്‍ അഴിമതി വിരുദ്ധ യാത്രയുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ജന്‍ സംഘര്‍ഷ് യാത്ര എന്ന അഴിമതി വിരുദ്ധ യാത്ര സര്‍ക്കാരിനുള്ള വിമര്‍ശനമല്ല മറിച്ച് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് യാത്രയുടെ ലക്ഷ്യമെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ വലിയ സ്വീകരണമാണ് യാത്രയ്‌ക്കൊരുക്കിയിരിക്കുന്നത്.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആരോപിക്കപ്പെടുന്ന അഴിമതിക്കേസുകളില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് സച്ചിന്‍ പൈലറ്റ് ജന്‍ സംഘര്‍ഷ് യാത്ര നടത്തുന്നത്. മെയ് 11 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്ര അജ്മീറില്‍ നിന്ന് ജയ്പൂരിലേക്കാണ് നടക്കുന്നത്.

സ്വന്തം സര്‍ക്കാരിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന ചോദ്യത്തിന് അഴിമതിക്കെതിരെ മാത്രമാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നാണ് സച്ചിന്‍ പൈലറ്റ് മറുപടി പറഞ്ഞത്.'ഞാന്‍ എന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയല്ല, അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ അഴിമതിക്കെതിരെ സീറോ ടോളറന്‍സ് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയില്ല,' അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബം ഈ വിഷയത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ യാത്രയോടുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിന് അഴിമതിക്കെതിരെ യാതൊരു സഹിഷ്ണുതയുമില്ലെന്നും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചായിരിക്കും യാത്ര. അജ്മീര്‍ റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വീകരണമാണ് സച്ചിന്‍ പൈലറ്റിനൊരുക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രശ്നങ്ങള്‍ അഭിസംബോധചെയ്ത് വിവിധയിടങ്ങളില്‍ പൊതുപരിപാടികളില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുക്കും.

അഴിമതിക്കെതിരെ പോരാടിയാണ് ഞങ്ങള്‍ അധികാരത്തിലെത്തിയത്, എന്നാല്‍ വസുന്ധര രാജയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ജൻ സംഘര്‍ഷ് യാത്ര നടത്താനുള്ള തീരുമാനം എടുക്കേണ്ടി വന്നത്, '' പൈലറ്റ് പറഞ്ഞു. നിരവധി പരീക്ഷകള്‍ റദ്ദാക്കിയസാഹചര്യവും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തെരുവിലിറങ്ങേണ്ടിവന്ന അവസ്ഥയും ഈ സര്‍ക്കാരിന്റെ കീഴിലുണ്ടായിട്ടുണ്ട്.എന്നാല്‍ ഗെലോട്ട് സര്‍ക്കാര്‍ അത് ശ്രദ്ധിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു.

യുവാക്കൾ പങ്കെടുക്കുന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടും.സംസ്ഥാനത്ത് ബിജെപി ഭരണകാലത്തെ അഴിമതി ആരോപിച്ച് ഗെഹ്ലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് കഴിഞ്ഞ മാസം പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്ലോട്ടിന്റെ നേതാവെന്നും സച്ചിന്‍ ആരോപണമുയര്‍ത്തി. പിന്നാലെയാണ് യാത്രാ പ്രഖ്യാപനം നടന്നത്.

logo
The Fourth
www.thefourthnews.in