അതേ ക്ലോക്ക്, പക്ഷേ പുതിയ സമയം; ശരദ് പവാറിന് നഷ്ടപ്പെട്ട 'കൊടിയടയാളം'

അതേ ക്ലോക്ക്, പക്ഷേ പുതിയ സമയം; ശരദ് പവാറിന് നഷ്ടപ്പെട്ട 'കൊടിയടയാളം'

എൻസിപിയുടെ കൊടിയിലെ എക്കാലവും ഒരേ സമയം കാണിക്കുന്ന ആ ക്ലോക്ക് സൂചിപ്പിക്കുന്നത് ഒരിക്കലും മാറാത്ത ശക്തമായ നിലപാടാണെന്നാണ് ഒരു വ്യാഖ്യാനം

അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപിയെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെ ശരദ് പവാറിന് നഷ്ടപ്പെടുന്നത് പാർട്ടിയും പവറും മാത്രമല്ല കാലങ്ങളായി തങ്ങളുടേതെന്നു ജനമനസിൽ പതിഞ്ഞ തിരഞ്ഞടുപ്പ് ചിഹ്നം കൂടിയാണ്; എപ്പോഴും 10:10 എന്ന് സമയം കാണിക്കുന്ന ക്ലോക്ക്. കഴിഞ്ഞ ദിവസം മുംബൈയിൽ അജിത് പവാർ വിഭാഗത്തിന്റെ യോഗം ആരംഭിച്ചത് 10.10നാണ്. ശരദ് പവാറിന്റെ സമയം അത്ര ശരിയല്ല എന്നും മരുമകൻ അജിത് പവാറിന്റെ സമയം തെളിഞ്ഞു എന്നുമാണോ വിലയിരുത്തേണ്ടത്? പല കൗതുകമുള്ള ചോദ്യങ്ങൾക്കും ഇവിടെ സ്ഥാനമുണ്ട്. പണ്ട് മുതലേ എൻസിപിയുടെ കൊടിയിലെ ക്ലോക്കിന് പല വ്യാഖ്യാനങ്ങളുമുണ്ടായിരുന്നു.

അതേ ക്ലോക്ക്, പക്ഷേ പുതിയ സമയം; ശരദ് പവാറിന് നഷ്ടപ്പെട്ട 'കൊടിയടയാളം'
എൻസിപിയെന്ന പേരും ചിഹ്നവും നഷ്ടമായത് രാജ്യസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ശരദ് പവാറിനു മുന്നിൽ ഇനിയെന്ത്?

ചൊവ്വാഴ്ചയാണ് ഔദ്യോഗിക വിഭാഗം അജിത് പവാർ പക്ഷമാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. ശരദ് പവാർ പക്ഷത്ത് നിന്ന്‌ ബിജെപിയുടെയും ശിവസേന-ഷിൻഡെ വിഭാഗത്തിന്റെയും കൂടെ പോയി ഭരണത്തിന്റെ ഭാഗമാവുകയായായിരുന്നു അജിത്. ഔദ്യോഗിക പാർട്ടി അജിത് പവാറിന്റേതാണ് എന്ന തീരുമാനം വന്നതോടെ ശരദ് പവാർ വിഭാഗത്തിന് എൻസിപി- ശരദ്‌ചന്ദ്ര പവാർ എന്ന് താൽക്കാലിക പേരും നൽകിയിരുന്നു.

എൻസിപിയുടെ കൊടിയിലെ എക്കാലവും ഒരേ സമയം കാണിക്കുന്ന ആ ക്ലോക്ക് സൂചിപ്പിക്കുന്നത് ഒരിക്കലും മാറാത്ത ശക്തമായ നിലപാടാണെന്നാണ് ഒരു വ്യാഖ്യാനം. അത്രയും ശക്തമായി നിലപാടെടുക്കുന്ന ശരദ് പവാറിനെ തന്നെയാണ് ആ ക്ലോക്ക് സൂചിപ്പിക്കുന്നതെന്ന് ശരദ് പവാർ പക്ഷം പറയും. അവരെ സംബന്ധിച്ച് അവരുടെ നേതാവ് തന്നെയാണ് ആ ക്ലോക്ക്. എന്നാൽ അജിത് പവാർ പക്ഷത്തിന് അവർ ഇപ്പോൾ നടത്തിയ ചുവടുമാറ്റവുമായി തന്നെ ഈ ക്ലോക്കിനെ ചേർത്ത് വായിക്കാൻ സാധിക്കും. 1999ൽ കോൺഗ്രസിൽ നിന്നടർന്ന് എൻസിപി രൂപീകരിക്കപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് അവരുടെ വിശദീകരണം. മാറുന്ന രാഷ്ട്രീയകാലത്തെയാണ് അത് സൂചിപ്പിക്കുന്നത് എന്നാണ് അവരുടെ പക്ഷം.

ചർക്ക ആവശ്യപ്പെട്ടു, കിട്ടിയത് ക്ലോക്ക്

1999ൽ പാർട്ടി രൂപീകരിക്കപ്പെടുമ്പോൾ എൻസിപി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് ചിഹ്നം ചർക്കയായിരുന്നു, കോൺഗ്രസിനെതിരെ തിരുത്തൽ ശക്തിയായി ഉയർന്ന സംഘടനയായതുകൊണ്ടാണ് ചർക്ക ആവശ്യപ്പെട്ടത്. എന്നാൽ ചർക്ക നൽകാൻ സാധിക്കില്ല എന്നും പകരം ക്ലോക്ക് നൽകാം എന്നും കമ്മീഷൻ പറയുകയായിരുന്നു. ആ ക്ലോക്ക് നഷ്ടപ്പെടുന്നതോടെ തങ്ങളുടെ നേതാവിനെ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുന്ന മറ്റേത്‌ ചിഹ്നം സ്വീകരിക്കാം എന്ന ആലോചനയിലാണ് ഇപ്പോൾ ശരദ്പവാർ പക്ഷം. എന്നാൽ മഹാരാഷ്ട്രയിൽ എൻസിപിക്കു വോട്ട് ചെയ്യുക എന്ന് പറയുന്നതിന് പകരം ക്ലോക്കിന് വോട്ട് ചെയ്യുക എന്നാണ് ആളുകൾ സ്ഥിരം പറയാറ്. ആളുകളുടെ മനസിൽ ക്ലോക്കിലൂടെയാണ് പാർട്ടി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ ചിഹ്നം നഷ്ടപ്പെടുന്നത് ശരദ് പവാറിനെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

ഓരോ മിനിറ്റും കൃത്യതയോടെ ഉപയോഗിക്കുന്ന, കൃത്യസമയത്ത് ഇടപെടലുകൾ നടത്തുന്ന ശരദ് പവാർ സമയത്തിനത്രയും വിലകല്പിക്കുന്നതുകൊണ്ടു തന്നെ അയാളെ സംബന്ധിച്ച് ക്ലോക്ക് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ സാധിക്കാത്തതാണ്. എപ്പോൾ ഒരു തീരുമാനം എടുക്കണം, എപ്പോൾ എല്ലാവരെയും ഞെട്ടിക്കണം എന്നൊക്കെ കൃത്യമായി അറിയാവുന്ന ആളാണ് ശരദ് പവാർ.

1978 ൽ ഇന്ദിര കോൺഗ്രസിൽ നിന്ന് പിളർന്ന് ദേവരാജരുടെ കോൺഗ്രസിന്റെ ഭാഗമാവുകയായിരുന്നു ശരദ് പവാർ. പഴയ ബോംബെ സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായിരുന്ന യെശ്വന്ത്‌ റാവു ചവാൻ ആയിരുന്നു ശരദ് പവാറിന്റെ രാഷ്ട്രീയ ഗുരു. 78ൽ കോൺഗ്രസ് (യു)വും ഇന്ദിര കോൺഗ്രസും ചേർന്ന് രുപീകരിച്ച സഖ്യസർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ശരദ് പവാർ അന്ന് ഉപമുഖ്യമന്ത്രി. ആ സഖ്യസർക്കാരിനെ തകർത്ത് അന്ന് പുറത്ത് വന്നതും ശരദ് പവാർ തന്നെയായിരുന്നു.

പിന്നീട് വർഷങ്ങൾക്കിപ്പുറം 2019ൽ ശരദ് പവാറിന്റെ നേതൃത്വത്തിലാണ് മഹാവികാസ് അഘാടി രൂപീകരിക്കപ്പെടുന്നത്. ശിവസേനയും കോൺഗ്രസും എൻസിപിയും ഉൾക്കൊള്ളുന്നതാണ് ആ സഖ്യം. ഇതെല്ലാം സമയബന്ധിതമായി ശരദ് പവാർ നടത്തിയ ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്. അതേസമയം രാഷ്ട്രീയത്തിലെ സമയബന്ധിതമായ ഇടപെടലിനെയാണ് ഈ ക്ലോക്ക് സൂചിപ്പിക്കുന്നതെങ്കിൽ അത് അജിത് പവാറിനും ബാധകമാണ് എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നു.

അതേ ക്ലോക്ക്, പക്ഷേ പുതിയ സമയം; ശരദ് പവാറിന് നഷ്ടപ്പെട്ട 'കൊടിയടയാളം'
'ബോർഡുകളിൽ എന്റെ ഫോട്ടോ ഉപയോഗിക്കരുത്'; അജിത് പവാറിനും ബിജെപിക്കുമൊപ്പം പോകില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ

അതേ ക്ലോക്കുതന്നെ പക്ഷേ പുതിയസമയം

1999ൽ എൻസിപി ആരംഭിക്കുന്ന സമയത്ത് "പുതിയ സമയം, പുതിയ തുടക്കം" എന്ന വാചകത്തിലൂടെയാണ് അവർ തിരഞ്ഞെടുപ്പ് ചിഹ്നം ആളുകൾക്കിടയിലേക്ക് അവതരിപ്പിച്ചത്. പെട്ടന്നായിരുന്നു എൻസിപിയുടെ വളർച്ച. എൻസിപിയുടെ ചിഹ്നം എല്ലാ വീടുകളിലേക്കും എത്തി. വലിയ തിരഞ്ഞെടുപ്പ് വിജയങ്ങളുണ്ടായി. തുടക്കത്തിൽ സംസ്ഥാന അസംബ്ലിയിലും ലോക്സഭയിലും ഒരുപോലെ സീറ്റുകൾ വിജയിച്ചിരുന്ന എൻസിപി പിന്നീട് സംസ്ഥാനത്തേക്ക് ചുരുങ്ങി തുടങ്ങി. അതേ ക്ലോക്ക് പക്ഷേ മാറിയ സമയം എന്നായിരുന്നു ഈ അടുത്തകാലം വരെ എൻസിപി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അജിത് പവാർ പക്ഷം "അതേ ക്ലോക്ക് പക്ഷേ പുതിയ സമയം" എന്ന് വ്യാഖ്യാനിക്കുന്നു.

logo
The Fourth
www.thefourthnews.in