അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍

അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍

ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വര്‍ഗീയ സംഘര്‍ഷം തടയുക എന്ന ലക്ഷ്യത്തോടെയാണ് നരസിംഹറാവു സര്‍ക്കാര്‍ 1991-ല്‍ ആരാധനാലയ നിയമം പാസാക്കിയത്

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഗ്യാന്‍വാപിയില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നം ദേശീയ പ്രാധാന്യമുള്ളതാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടത് നിയമ രാഷ്ട്രീയ വൃത്തങ്ങളില്‍ ആശ്ചര്യം ജനിപ്പിച്ചിരുന്നു. എന്തായാലും പുരാവസ്തു ഗവേഷണ റിപ്പോര്‍ട്ടിന് ശേഷമാണ് ഇത്തരമൊരു നടപടി കോടതി എടുത്തിട്ടുള്ളത്. ആരാധാനലയങ്ങളുടെ സ്വഭാവം സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എന്തായിരുന്നുവോ അതില്‍നിന്ന് മാറ്റം പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്. അയോധ്യയില്‍ ആറ് നൂറ്റാണ്ട് പഴക്കമുള്ള പള്ളി നിലനിന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം പണിയാന്‍ നൂറ്റാണ്ടിന്റെ ശ്രമം വേണ്ടിവന്നുവെങ്കില്‍ ഗ്യാന്‍വാപിയില്‍ കാര്യങ്ങള്‍ ഹിന്ദുത്വ വാദികളെ സംബന്ധിച്ച് കുറച്ചുകൂടി എളുപ്പമാകുകയാണ്.

അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചതിന് ശേഷം , കാശി, മഥുര വിഷയങ്ങള്‍ നിയമപരവും മതപരവുമായ വിവിധ വേദികളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു

ഗ്യാന്‍വ്യാപിക്ക് മേലുള്ള അവകാശവാദം

ഗ്യാന്‍വ്യാപി പള്ളി ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച ആദ്യത്തെ കേസ് ഫയല്‍ ചെയ്യുന്നത് 1991-ലാണ്. എന്നാല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദും (മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി) കീഴ്‌ക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 1998-ല്‍ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രവും മസ്ജിദും പുരാതന കാലം മുതല്‍ സഹകരിച്ച് നിലനിന്നിരുന്നു എന്നും, ഇരു സമുദായങ്ങളും അതത് ആരാധനാലയങ്ങളില്‍ ഒരു തടസവുമില്ലാതെ പ്രാര്‍ഥനകള്‍ നടത്തിയിരുന്നുവെന്നും കേസ് പുനഃപരിശോധിക്കേണ്ടതില്ല എന്നും കോടതിയെ അറിയിച്ചു. ഇതായിരുന്നു അവിടുത്തെ അവസ്ഥ. അതായത് അവിടെ ഹിന്ദു മുസ്ലീം ആരാധനലയങ്ങള്‍ ഒരേ പോലെ നിലനിന്നിരുന്നു. അതില്‍ മുസ്ലീം ആരാധനലായം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഔറംഗസേബിന്റെ കാലത്ത് ക്ഷേത്രം പൊളിച്ചാണ് പണിതതെന്നാണ് വാദം.

അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചതിന് ശേഷം , കാശി, മഥുര വിഷയങ്ങള്‍ നിയമപരവും മതപരവുമായ വിവിധ വേദികളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി 2019 ഡിസംബറില്‍ വിജയ് ശങ്കര്‍ റസ്തോഗി എന്നയാള്‍ അതിവേഗ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. 1664-ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് തകര്‍ത്ത പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് പണിതതെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഹിന്ദു സമൂഹത്തിന്റെ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനായി ക്ഷേത്ര-മസ്ജിദ് സമുച്ചയത്തിന്റെ പുരാവസ്തു സര്‍വേ നടത്തണമെന്നും അഭ്യര്‍ഥിച്ചു. 2021 ഏപ്രില്‍ 8-ന്, വാരാണസിയിലെ അതിവേഗ കോടതി, ഗ്യാന്‍വ്യാപി സമുച്ചയത്തില്‍ ഒരു സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യോട് ഉത്തരവിട്ടു. മസ്ജിദ് പണിയുന്നതിനായി ഒരു ഹിന്ദു ക്ഷേത്രം അവിടെ തകര്‍ത്തോ എന്നറിയാന്‍ മസ്ജിദ് സമുച്ചയത്തിന്റെ സമഗ്രമായ സര്‍വേ നടത്താനായിരുന്നു ഉത്തരവ്. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മസ്ജിദ് നിര്‍മിക്കാന്‍ ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 1991 ലെ ആരാധനാലയ നിയമത്തിലെ ചില വകുപ്പുകള്‍ പുനഃപരിശോധിക്കാനുള്ള വിവിധ വിഭാഗങ്ങളുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്.

1664-ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് തകര്‍ത്ത പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് പണിതതെന്നായിരുന്നു ഹര്‍ജിയിലെ വാദം.

കേസിന്റെ വാദം 2021 ഏപ്രില്‍ 2-ന് പൂര്‍ത്തിയായി. എഎസ്‌ഐയുടെ സര്‍വേയ്ക്ക് മാത്രമേ സത്യം കൊണ്ടുവരാന്‍ കഴിയൂ എന്ന് സിവില്‍ ജഡ്ജി അശുതോഷ് തിവാരി വ്യക്തമാക്കി. പ്രദേശത്തിന്റെ സമഗ്രമായ പുരാവസ്തു സര്‍വേ നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ എഎസ്‌ഐ ഡയറക്ടര്‍ ജനറലിനോട് ജഡ്ജി ഉത്തരവിട്ടു. പുരാവസ്തുഗവേഷണ മേഖലയിലെ പ്രഗത്ഭരായ അഞ്ച് അംഗങ്ങള്‍ കമ്മിറ്റിയില്‍ ഉണ്ടാകണമെന്നും അവരില്‍ രണ്ട് പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരുമാകണമെന്നും ജഡ്ജി പറഞ്ഞു. പുരാവസ്തുശാസ്ത്രത്തില്‍ വിദഗ്ധനും കേന്ദ്ര സര്‍വകലാശാലയിലെ അക്കാദമിഷ്യനുമായ ഒരാളെ നിരീക്ഷകനായി നിയമിക്കണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു.

അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍
ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവര്‍ക്ക് പൂജ നടത്താന്‍ കോടതി അനുമതി

നിലവിലെ സ്ഥലത്ത് നില്‍ക്കുന്ന കെട്ടിടം (മസ്ജിദ്) നിര്‍മിച്ചതാണോ, മാറ്റം വരുത്തിയതാണോ, കൂട്ടിച്ചേര്‍ക്കലാണോ എന്നും, മറ്റേതെങ്കിലും മതവുമായി ഏതെങ്കിലും തരത്തില്‍ ഘടനാപരമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്നറിയാന്‍ സമിതി സമഗ്രമായ രേഖ തയ്യാറാക്കണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചു.

അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍
ഗ്യാന്‍വാപി മസ്ജിദിന് മുമ്പ് ക്ഷേത്രമുണ്ടായിരുന്നു; നിര്‍ണായക കണ്ടെത്തലുമായി എഎസ്ഐ, റിപ്പോർട്ട് പുറത്ത്

ഡിസംബര്‍ 18ന് സീല്‍ വച്ച കവറില്‍ എഎസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എട്ട് തവണ മാറ്റിവച്ചതിനെ തുടര്‍ന്നാണ് അന്ന് എഎസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരാണസി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ കാരണം പറയാതെയാണ് എഎസ്ഐ ജില്ലാ ജഡ്ജിയോട് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും എഎസ്ഐ പറഞ്ഞിരുന്നു.

പിന്നാലെയാണ് ഹിന്ദുമത വിശ്വാസികളെ ആരാധനയ്ക്ക് അനുവദിച്ചു കൊണ്ടുള്ള വിധി വന്നത്.

ആരാധനാലയ നിയമം

1991-ല്‍ നരസിംഹറാവു സര്‍ക്കാര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വര്‍ഗീയ സംഘര്‍ഷം തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരാധനാലയ നിയമം പാസാക്കിയത്. അയോധ്യയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെയാണ് ഈ നിയമത്തിന് രൂപം നല്‍കുന്നത്. തര്‍ക്കമുള്ള എല്ലാ മത ആരാധനാലയങ്ങളുടെയും പദവി 1947 ഓഗസ്റ്റ് 15-ലെ കൈവശാവകാശം പോലെ നിലനിര്‍ത്തുമെന്നും ഇന്ത്യയിലെ ഒരു കോടതിയിലും അവയുടെ പദവി മാറ്റുന്നത് സംബന്ധിച്ച് വ്യവഹാരം നടത്തില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ രാമജന്‍ഭൂമി-ബാബറി മസ്ജിദ് തര്‍ക്കം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇതില്‍ നിന്ന് ഒഴിവാക്കുകയും കോടതിയുടെ പരിധിയിലേക്ക് വിട്ട് കൊടുക്കുകയും ചെയ്തു.

അയോധ്യയില്‍നിന്ന് വാരാണസിയിലേക്ക്; ഹിന്ദുത്വത്തിന്റ വഴികള്‍
ഗ്യാന്‍വാപി പള്ളി: സര്‍വേ ഫലം പരസ്യപ്പെടുത്തണോ? വാരാണസി കോടതിയുടെ നിലപാട് ഇന്നറിയാം

അയോധ്യ വിധിക്ക് പിന്നാലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. അതിലൊന്ന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് സമര്‍പ്പിച്ചത്. ഇന്ത്യയിലെ അധിനിവേശക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ നിയമം നിയമവിധേയമാക്കുന്നുവെന്നും ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവരുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഹര്‍ജി വാദിച്ചിരുന്നു. എന്തായാലും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയില്‍ പ്രധാനമന്ത്രി തന്നെ നിര്‍വഹിച്ച രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അതുകൊണ്ട് തന്നെയാണ് അയോധ്യയുടെ വഴിയെ വാരാണസിയും പോകുമോ എന്ന സംശയം വ്യാപകമാകുന്നത്.

logo
The Fourth
www.thefourthnews.in