ജയിലില്‍ ഭക്ഷണം കൊടുത്തില്ല; 28 കിലോ കുറഞ്ഞെന്ന  ആരോപണവുമായി
സത്യേന്ദ്ര ജയിന്‍

ജയിലില്‍ ഭക്ഷണം കൊടുത്തില്ല; 28 കിലോ കുറഞ്ഞെന്ന ആരോപണവുമായി സത്യേന്ദ്ര ജയിന്‍

മന്ത്രിയ്ക്ക് ഭാരം കുറഞ്ഞിട്ടില്ലെന്നും 8 കിലോ കൂടിയിരിക്കുകയാണെന്നും ജയില്‍ അധികൃതര്‍

ജയിലില്‍ ഭക്ഷണം കിട്ടാത്തതിനാല്‍ 25 കിലോ ഭാരം കുറഞ്ഞെന്ന വാദവുമായി ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിന്‍. തിഹാര്‍ ജയിലില്‍ മന്ത്രിയ്ക്ക് മസാജ് ചെയ്ത് നല്‍കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് സത്യേന്ദ്ര ജയിനിന്റെ ആരോപണം. മതപരമായ ഉപവാസത്തിലിരിക്കുന്ന താന്‍ പട്ടിണി കിടക്കുകയാണെന്നാണ് ഡല്‍ഹി കോടതിയില്‍ ജെയിന്‍ നല്‍കിയ ഹര്‍ജി. മെയ് 31 ലെ അറസ്റ്റിന് ശേഷം തനിക്ക് ഭക്ഷണവും മരുന്നും നിഷേധിച്ചതായും ജെയിന്‍ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ 12 ദിവസമായി ജയിലധികൃതർ മതവിശ്വാസത്തിന് അനുസൃതമായ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ ജയില്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. മന്ത്രിക്ക് 28 കിലോ കുറഞ്ഞിട്ടില്ലെന്നും 8 കിലോ ഭാരം കൂടിയിരിക്കുകയാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ജയിലില്‍ പട്ടിണിയിലാണെന്നും, ഉപവാസത്തിലായിരുന്ന തനിക്ക് ഭക്ഷണം നിഷേധിച്ചെന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു ജെയിന്‍ കോടതിയില്‍ ഉന്നയിച്ച വാദം. മെയ് 31 ന് ശേഷം തനിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നായിരുന്നു ജെയിന്‍ വാദിച്ചത്. തന്റെ ഉപവാസത്തെ മാനിക്കാതെ ഭക്ഷണം നല്‍കുന്നത് വിലക്കിയെന്നും ജെയിന്‍ ആരോപിച്ചു. ജെയിനിസത്തില്‍ വിശ്വസിക്കുന്ന മന്ത്രി ഉപവാസത്തിലാണെന്നും പാതി പാകം ചെയ്ത ഭക്ഷണവും പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് ജയില്‍ അധികൃതര്‍ നിഷേധിച്ചുവെന്ന ആരോപണമായിരുന്നു അഭിഭാഷകന്‍ വഴി സത്യേന്ദ്ര ജെയിന്‍ ഉന്നയിച്ചത്.

എന്നാല്‍ അതിന് പിന്നാലെ സത്യേന്ദ്ര ജയിന്‍ ജയിലില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പഴങ്ങളും,പച്ചക്കറികളും കഴിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

ജയിലില്‍ വീണ് പരിക്കേറ്റ താന്‍ ചികിത്സയിലായിരുന്നെന്നും പ്രോട്ടീന്‍, അയണ്‍ എന്നിവയുടെ കുറവുകാരണം കഴിഞ്ഞ ആറ് മാസമായി പഴങ്ങളും, പച്ചക്കറികളും,ഡ്രൈ ഫ്രൂഡ്‌സും മാത്രമാണ് കഴിക്കുന്നതെന്നും. കഴിഞ്ഞ 12 ദിവസമായി ജയില്‍ അധികൃതര്‍ അത് നിഷേധിച്ചു എന്നും ജെയിന്‍ ആരോപിച്ചു.

സത്യേന്ദ്ര ജയിന് ജയിലില്‍ മസാജ് നല്‍കിയത് ബലാത്സംഗ കേസ് പ്രതിയാണെന്ന വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മന്ത്രിക്ക് മസാജ് നല്‍കിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഈ വര്‍ഷം അറസ്റ്റിലായ ജെയിനിന് ജയിലില്‍ വിഐപി പരിഗണന എന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മസാജ് നല്‍കിയത് ഫിസിയോതെറാപിസ്റ്റാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ വാദങ്ങളും അതോടെ പൊളിഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in