ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം

ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം

ഇന്നു രാത്രി ചേര്‍ന്ന പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ടീസ്റ്റയ്ക്കു ഇടക്കാല ജാമ്യം അനുവദിച്ചത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖക്കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. ഇന്നു രാത്രി ചേര്‍ന്ന പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ടീസ്റ്റയ്ക്കു ഇടക്കാല ജാമ്യം അനുവദിച്ചത്.

നേരത്തെ കേസ് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിനെ ടീസ്റ്റ സമീപിച്ചെങ്കിലും ഭിന്നാഭിപ്രായത്തെത്തുടര്‍ന്ന് കേസ് ഉയര്‍ന്ന ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിനു വിട്ടത്.

തുടര്‍ന്ന് രാത്രി 9:15 ഓടെ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് ബി ആര്‍. ഗവായ്ക്കു പുറമേ ജസ്റ്റിസുമാരായ എ എസ്. ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം
'ഉടൻ കീഴടങ്ങണം'; 'വ്യാജരേഖ' കേസിൽ ടീസ്റ്റ സെതൽവാദിന്റെ ജാമ്യഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി

നേരത്തെ കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് പികെ മിശ്രയാണ് ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കുന്നതിനോട് വിയോജിച്ചത്. എന്നാല്‍, കീഴടങ്ങാന്‍ ടീസ്റ്റ സെതല്‍വാദിന് ഹൈക്കോടതി കുറച്ച് സമയം നല്‍കണമായിരുന്നുവെന്ന് നിരീക്ഷിച്ചു. അതേസമയം ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ടീസ്റ്റ സെതല്‍വാദിന് കീഴടങ്ങാന്‍ സമയം നല്‍കുന്നതിനെ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിനു വിട്ടത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റ എത്രയും വേഗം കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം നല്‍കണമെന്ന ടീസ്റ്റ സെതല്‍വാദിന്റെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചിരുന്നു.

logo
The Fourth
www.thefourthnews.in