സുപ്രീം കോടതി
സുപ്രീം കോടതി

'സിഎഎ സ്റ്റേ ചെയ്യണം'; ഹർജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

237 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്

പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ 19ന് സുപ്രീംകോടതി പരിഗണിക്കും. 237 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. സിഎഎ നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

"സിഎഎ 2019ല്‍ പാസാക്കിയതാണ്. അന്ന് നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ സ്റ്റേ അനുവദിച്ചില്ല. ഇപ്പോഴിതാ കേന്ദ്രം തിരഞ്ഞെടുപ്പിന് മുന്‍പ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു. പൗരത്വം അനുവദിച്ചു കഴിഞ്ഞാല്‍ അത് തിരുത്തുകയെന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് ഇടക്കാല ഹർജികള്‍ പരിഗണിക്കണം," മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയോട് പറഞ്ഞു. എന്നാൽ പൗരത്വം നല്‍കുന്നത് ചോദ്യം ചെയ്യാന്‍ ഹർജിക്കാർക്ക് അവകാശമില്ലെന്നാണ് കേന്ദ്രം കോടതിയിൽ നിലപാടെടുത്തത്.

സുപ്രീം കോടതി
സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി

കബില്‍ സിബലിന്റെ ആവശ്യപ്രകാരം തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കാമെന്ന നിർദേശമായിരുന്നു കോടതി ആദ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ കേന്ദ്രം ഒരാഴ്ച സമയം ചോദിക്കുകയായിരുന്നു. ശേഷം, സമർപ്പിച്ച 237 ഹർജികളും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

സിഎഎ നടപ്പാക്കില്ലെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ല. പൗരത്വം കേന്ദ്രത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ദേശീയ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി
ലക്ഷ്യം ബംഗാള്‍; സിഎഎയിലൂടെ മതുവ-രാജ്‌വന്‍ഷി ബെല്‍റ്റ് പിടിക്കാന്‍ ബിജെപി

2019ലാണ് സിഎഎ ബിൽ പാസാക്കുന്നത്. എന്നാൽ നാലുവർഷത്തിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ മാർച്ച് പതിനൊന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നത്.

logo
The Fourth
www.thefourthnews.in