ഗ്യാന്‍വാപി ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കൂടുതല്‍ സമയം വേണം: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ഗ്യാന്‍വാപി ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കൂടുതല്‍ സമയം വേണം: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

അലഹബാദ് ഹൈക്കോടതി ഹര്‍ജി നവംബര്‍ 30ന് പരിഗണിക്കും

ഗ്യാന്‍വാപി മസ്ജിദിലെ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. അലഹബാദ് ഹൈക്കോടതിയോട് മൂന്ന് മാസത്തെ സമയമാണ് ASI ആവശ്യപ്പെട്ടത്. കാലപ്പഴക്കം നിര്‍ണയിക്കാന്‍ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ് . കൃത്യമായ മാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധ സമിതികളെ സമീപിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ ശാസ്ത്രീയ പരിശോധനയുമായി ബന്ധപ്പെട്ട ഹര്‍ജി നവംബര്‍ 30ന് കോടതി പരിഗണിക്കും.

കാര്‍ബണ്‍ ഡേറ്റിങ് മാർഗം ശിവലംഗത്തിന് കേടുപാടുകള്‍ ഉണ്ടാക്കുമെന്ന് എഎസ്‌ഐ അഭിഭാഷകന്‍ പറഞ്ഞു എന്ന തരത്തില്‍ വരുന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും. ഹിന്ദുമത വിശ്വാസികള്‍ക്ക്‌വേണ്ടി ഹാജരായ അഭിഭാഷകന്‍ സൗരഭ് തിവാരിയാണ് അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും എഎസ്‌ഐ കൗണ്‍സില്‍ മനോജ് കുമാര്‍ വ്യക്തമാക്കി. കാര്‍ബണ്‍ ഡേറ്റിങ് കല്ലില്‍ ചെയ്യാന്‍ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന് കാര്‍ബണിന്റെ അംശമുള്ള പ്രതലത്തില്‍ മാത്രമേ കാര്‍ബണ്‍ ഡേറ്റിങ് സാധ്യമാകൂ എന്നാണ് അഭിഭാഷകന്‍ പറഞ്ഞതെന്നും എഎസ്‌ഐ കൗണ്‍സില്‍ വ്യക്തമാക്കി.

ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. ശിവലിംഗത്തിന്റെ പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിങ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. അഞ്ച് പേരായിരുന്നു ഹര്‍ജി നല്‍കിയതെങ്കിലും കാര്‍ബണ്‍ ഡേറ്റിങ്ങിന് വിധേയമാക്കിയാല്‍ ശിവലിംഗത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ പിന്മാറി.

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി വാരണാസി ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും നിത്യാരാധനയ്ക്ക് അനുമതി വേണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളില്‍ നിത്യാരാധന നടത്താന്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

logo
The Fourth
www.thefourthnews.in