എസ്‌സിഒ വെർച്വൽ ഉച്ചകോടി നാളെ; ഷി ജിൻ പിങ്ങും പുടിനും ഷെഹ്ബാസ് ഷെരീഫും പങ്കെടുക്കും

എസ്‌സിഒ വെർച്വൽ ഉച്ചകോടി നാളെ; ഷി ജിൻ പിങ്ങും പുടിനും ഷെഹ്ബാസ് ഷെരീഫും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും

നാളെ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വെർച്വൽ ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും. പ്രാദേശിക സുരക്ഷയും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സാമ്പത്തികവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിലും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. ഉച്ചയ്‌ക്ക് 12.30ന് ആരംഭിക്കുന്ന ഉച്ചകോടി മൂന്ന് മണിയോടെ സമാപിക്കും.

"സുരക്ഷിത എസ്‌സിഒയിലേക്ക്" എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.  2018 ലെ എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയാണ് 'സെക്യുർ' എന്ന ചുരുക്കപ്പേരുണ്ടാക്കിയത്. സാമ്പത്തികവും വ്യാപാരവും; കണക്റ്റിവിറ്റി; ഐക്യം; പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം; പരിസ്ഥിതിയും ഉൾപ്പെടുത്തിക്കൊണ്ട് പ്രാദേശിക സുരക്ഷയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഗ്രൂപ്പിലെ പുതിയ സ്ഥിരാംഗമെന്ന നിലയിൽ ഇറാനെ ഉച്ചകോടി സ്വാഗതം ചെയ്യും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ സംഘർഷം, എസ്‌സിഒ അംഗരാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തൽ പ്രത്യേകിച്ച് സാമ്പത്തിക ബന്ധവും വ്യാപാരവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 24ന് റഷ്യയിൽ വാഗ്നർ കൂലിപ്പടയാളി സംഘം നടത്തിയ ഹ്രസ്വ കലാപത്തിന് ശേഷം പുടിൻ പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര യോഗമാണിത്. ഉച്ചകോടിയിൽ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെസ്‌ക്കിസ്ഥാന്‍, റഷ്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. അവസാന എസ്‌സിഒ ഉച്ചകോടി നടന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിലാണ്.

നാളെ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ആറ് അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ തലവൻമാരെയും ക്ഷണിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ്, ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്), സിഐഎസ് (കോമൺ‌വെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്), സിഎസ്ടിഒ (കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ), ഇഎഇയു (യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ), സിഐസിഎ (ഏഷ്യൻ കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആൻഡ് കോൺഫിഡൻസ് ബിൽഡിംഗ് മെഷേഴ്സ്) എന്നിവയാണ് സംഘടനകൾ.

എന്താണ് എസ്‌സിഒ ഉച്ചകോടി?

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) കിഴക്കൻ ഏഷ്യ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പടിഞ്ഞാറൻ സഖ്യങ്ങളെ പ്രതിരോധിക്കാൻ റഷ്യയും ചൈനയും ചേർന്ന് 2001ൽ സ്ഥാപിച്ച ഒരു സാമ്പത്തിക, സുരക്ഷാ കൂട്ടായ്മയാണ്. 2017ൽ ഇ‌ന്ത്യ ഇതിൽ അംഗമായതിന് ശേഷം ഈ വർഷമാണ് എസ്‌സിഒ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 2005 ൽ ഒരു നിരീക്ഷക രാജ്യമായാണ് ഇന്ത്യ എസ്‌സിഒയിലേക്ക് എത്തുന്നത്. 2017ലെ അസ്താന ഉച്ചകോടിയിൽ ഇന്ത്യ എസ്‌സിഒയുടെ പൂർണ അംഗരാജ്യമായി മാറി. കഴിഞ്ഞ ആറ് വർഷമായി, എസ്‌സിഒയുടെ എല്ലാ മേഖലകളിലും ഇന്ത്യ വളരെ സജീവവും ക്രിയാത്മകവുമായ പങ്ക് വഹിച്ച് വരികയാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്ന് വർഷത്തിലേറെയായി കിഴക്കൻ ലഡാക്ക് അതിർത്തി തർക്കത്തിന്റെയും പാക്കിസ്ഥാനുമായും ഇന്ത്യയുടെ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് എസ്‌സിഒ ഉച്ചകോടി നടക്കുന്നത്. അതുമാത്രമല്ല, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിന് രണ്ടാഴ്ച പിന്നിട്ടതിന്റെ പിന്നാലെയാണ് ഉച്ചകോടി നടക്കുന്നതെന്നും ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് വർഷമായി യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തർക്കവും ഉഭയകക്ഷി ബന്ധവും ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയ്ക്ക് വളറെയേറെ പ്രാധാന്യം ഉണ്ട്.

logo
The Fourth
www.thefourthnews.in