തെലങ്കാനയില്‍ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു;  ബിജെപിയിലേക്ക്

തെലങ്കാനയില്‍ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; ബിജെപിയിലേക്ക്

സംസ്ഥാനത്ത് ഭരണകക്ഷിയായ ടിആർഎസിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാജി
Published on

തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മാരി ശശിധർ റെഡ്ഡി പാർട്ടി വിട്ട് ബിജെപിയിലേക്ക്. എഐസിസി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചു. സംസ്ഥാന വിഭജനത്തിന് മുന്‍പുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി മാരി ചന്ന റെഡ്ഡിയുടെ മകനാണ് ശശിധർ റെഡ്ഡി. സംസ്ഥാനത്ത് ഭരണകക്ഷിയായ ടിആർഎസിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാജി. എന്നാല്‍ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റെഡ്ഡിയെ കോൺഗ്രസില്‍ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. നവംബർ 25 ന് റെഡ്ഡി ബിജെപിയില്‍ ചേരും.

രാജിയുടെ കാരണങ്ങള്‍ വിശദീകരിച്ച് റെഡ്ഡി സോണിയാ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. പാർട്ടി കാര്യങ്ങളില്‍ പണത്തിന്റെ സ്വാധീനം വർധിക്കുന്നതായി കത്തില്‍ കുറ്റപ്പെടുത്തുന്നു. ഭരണകക്ഷിയായ ടിആർഎസിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ല. എഐസിസി ഭാരവാഹികളുടെയും പിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തന മികവില്ലായ്മയേയും കത്തില്‍ വിമർശിക്കുന്നു.

1960കൾ മുതൽ കോൺഗ്രസുമായി തന്റെ പിതാവിനുളള ബന്ധത്തെക്കുറിച്ചും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആദ്യ ചിഹ്നമായ പശുക്കിടാവിൽ നിന്ന്, തന്റെ പിതാവിന്റെ ഉപദേശപ്രകാരമായിരുന്നു കൈ ചിഹ്നമായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

'എഐസിസി ഭാരവാഹികൾ ഹൈക്കമാൻഡിന്റെ പ്രതിനിധികളായി പ്രവർത്തിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയും തുടർച്ചയായി പിസിസി പ്രസിഡന്റുമാരുടെ വ്യക്തിപരമായ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ഇടപെടുകയും ചെയ്യുന്നു. പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു'. കത്തില്‍ പറയുന്നു.

രാഹുൽ ഗാന്ധിയും മാരി ശശിധർ റെഡ്ഡിയും
രാഹുൽ ഗാന്ധിയും മാരി ശശിധർ റെഡ്ഡിയും

പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിക്കെതിരെയും കത്തില്‍ വിമർശനമുണ്ട്. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോർ മാത്രമല്ല രേവന്ത് റെഡ്ഡിയില്‍ നിന്ന് നേട്ടം കൈവരിച്ചത്. പണം കൈമാറ്റം ചെയ്യുന്നത് കണ്ടിട്ടില്ലെങ്കിലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അതില്‍ പങ്കാളിയാണെന്നും റെഡ്ഡി ആരോപിക്കുന്നു. ആരോപണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കത്തില്‍ പറയുന്നു.

എന്നാല്‍, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണ് പുറത്താക്കലെന്ന് വ്യക്തമാക്കിയായിരുന്നു പുറത്താക്കല്‍ നടപടി. ബിജെപിയുടെ തെലങ്കാന പ്രസിഡന്റ് ബണ്ടി സഞ്ജയ്, ദേശീയ വൈസ് പ്രസിഡന്റ് ഡികെ അരുണ എന്നിവർക്കൊപ്പമായിരുന്നു അമിത് ഷായുമുള്ള കൂടിക്കാഴ്ച. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.

logo
The Fourth
www.thefourthnews.in