മഴ
മഴ ഫയല്‍ ചിത്രം

സെപ്തംബറില്‍ നല്ല മഴ ലഭിച്ചു; മണ്‍സൂണിലെ കുറവ് മറികടന്നതായി വിലയിരുത്തല്‍

ഇത്തവണ തുലാവര്‍ഷത്തില്‍ ( ഒക്ടോബര്‍ - ഡിസംബര്‍ ) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത

കേരളത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴ രാജ്യത്തെ മഴക്കുറവ് ഒരു പരിധിവരെ മറികടക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ഒരു നൂറ്റാണ്ടിലെ വരണ്ട ഓഗസ്റ്റ് മാസം എന്ന് വിളികേണ്ട മുന്‍ മാസത്തിന് ശേഷം സെപ്തംബറില്‍ ലഭിച്ച അപ്രതീക്ഷിത മഴയാണ് രാജ്യത്തെ മഴക്കുറവിന് വലിയ തോതില്‍ പരിഹാരമായത് എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.

സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 94 ശതമാനവും ലഭിച്ചതായാണ് വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ പ്രകാരം ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലും ലഭിക്കേണ്ട സ്വാഭാവിക മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, കേരളത്തിലും ഇത്തവണ ഇത്തവണ തുലാവര്‍ഷത്തില്‍ ( ഒക്ടോബര്‍ - ഡിസംബര്‍ ) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബര്‍ മാസത്തിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിം നും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് - വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യത.

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നു

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. ഇന്ന് (ഒക്ടോബർ 01) ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

logo
The Fourth
www.thefourthnews.in