ജി-20 യോഗം; പാശ്ചാത്യ പ്രതിനിധികൾ ഇന്ത്യയോട് മോശമായി പെരുമാറിയെന്ന് റഷ്യ; ക്ഷമ ചോദിച്ച് സെര്‍ജി ലാവ്റോവ്

ജി-20 യോഗം; പാശ്ചാത്യ പ്രതിനിധികൾ ഇന്ത്യയോട് മോശമായി പെരുമാറിയെന്ന് റഷ്യ; ക്ഷമ ചോദിച്ച് സെര്‍ജി ലാവ്റോവ്

അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ കാരണം ഇന്ത്യ ഉന്നയിച്ച വികസന പ്രശ്‌നങ്ങൾ ചർച്ചയാകാതെ പോയി

ജി-20 യോഗത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ മോശം പെരുമാറ്റത്തിൽ ഇന്ത്യയോട് ക്ഷമാപണം നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ജി-20യുടെ മുഖ്യ അജണ്ട പാശ്ചാത്യ രാജ്യങ്ങൾ പ്രഹസനമാക്കിയെന്ന് ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ പ്രസംഗത്തിനിടെ സെർജി ലാവ്‌റോവ് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ കാരണം ഇന്ത്യ ഉന്നയിച്ച വികസന പ്രശ്‌നങ്ങൾ ചർച്ചയാകാതെ പോയി. പകരം യുക്രെയ്ൻ വിഷയം മാത്രമാണ് യോഗത്തിൽ ആധിപത്യം സ്ഥാപിച്ചതെന്നും സെർജി ലാവ്‌റോവ് ആരോപിച്ചു.

ജി 20 അജണ്ടയിലെ പ്രവർത്തനങ്ങൾ പ്രഹസനമാക്കി മാറ്റിയ ചില പാശ്ചാത്യൻ പ്രതിനിധികളുടെയും മോശം പെരുമാറ്റത്തിന് ഇന്ത്യയോടും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ സഖ്യകക്ഷികളോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു-ലാവ്‌റോവ് പറഞ്ഞു. തങ്ങളുടെ സാമ്പത്തിക പരാജയം റഷ്യയുടെ തലയിൽ കെട്ടിവയ്ക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ ചെയ്തതെന്നും ലാവ്‌റോവ് ആരോപിച്ചു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന് റഷ്യ സുപ്രധാന സംഭാവനകൾ നൽകുന്നത് തുടരുമെന്ന് ലാവ്‌റോവ് കൂട്ടിച്ചേർത്തു. ജി-20യിൽ ന്യായമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്.

അമേരിക്ക-റഷ്യ ചേരിപ്പോര് വ്യക്തമാക്കുന്നതായിരുന്നു G20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം. യുക്രെയ്ൻ അധിനിവേശം പാശ്ചാത്യ സൃഷ്ടിയാണെന്നും ലാവ്റോവ് ആരോപിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പരസ്പര ബഹുമാനവും വിശ്വാസവും മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ. പാശ്ചാത്യ രാജ്യങ്ങൾ കാരണമാണ് ജി-20 രാജ്യങ്ങൾക്ക് പൊതുവായ ഒരു പ്രസ്താവനയോട് യോജിക്കാൻ കഴിയാത്തതെന്നും റഷ്യ ആരോപിച്ചു.

അതിനിടെ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെയും റഷ്യൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ഇന്ന് ജി-20 യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തുലിതവും ഉത്തരവാദിത്തമുള്ളതുമായ നിലപാടാണ് അവതരിപ്പിച്ചതെന്ന് ലാവ്‌റോവ് പറഞ്ഞു. ആഗോള സംഘർഷങ്ങളിലെ അഭിപ്രായ ഭിന്നതയോടെയാണ് G-20 വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ അവസാനിച്ചത്. ജി 20 രാജ്യങ്ങള്‍ക്ക് ലോകത്തോട് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും ചില കാര്യങ്ങളുടെ നടത്തിപ്പിലെങ്കിലും ഈ കൂട്ടായ്മ പരാജയപ്പെട്ടെന്നും യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

logo
The Fourth
www.thefourthnews.in