കൗൺസിലിൽ ഭൂരിപക്ഷമില്ല, ഹിന്ദു ആരാധനാലയ  ധനവിനിയോഗ ഭേദഗതി ബിൽ തള്ളി; കർണാടക സർക്കാരിന് തിരിച്ചടി

കൗൺസിലിൽ ഭൂരിപക്ഷമില്ല, ഹിന്ദു ആരാധനാലയ ധനവിനിയോഗ ഭേദഗതി ബിൽ തള്ളി; കർണാടക സർക്കാരിന് തിരിച്ചടി

ബില്ലുകൾ ഉപരി സഭയിലും പാസാക്കാനായാൽ മാത്രമേ ഗവർണറുടെ അംഗീകാരത്തിന് അയക്കാനാകൂ

ഹിന്ദു ക്ഷേത്ര - മത സ്ഥാപന ധനവിനിയോഗ ഭേദഗതി ബിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പാസാക്കാനാകാതെ കർണാടക സർക്കാർ. കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയ ഭേദഗതി ബിൽ കൗൺസിലിൽ സർക്കാരിന് ഭൂരിപക്ഷമില്ലാതായതോടെ വോട്ടിങ്ങിൽ തള്ളപ്പെടുകയായിരുന്നു. 75 അംഗ കൗൺസിലിൽ 29 ആണ് കോൺഗ്രസിന്റെ അംഗബലം. ബിജെപിക്കു 34ഉം ജെഡിഎസിന്  എട്ടും അംഗങ്ങളുണ്ട്. ബിജെപിയും ജെഡിഎസും തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച സാഹചര്യത്തിൽ  ഒറ്റകെട്ടായി കൗൺസിലിൽ എതിർത്തതോടെയാണ് ബിൽ തള്ളപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു ലെജിസ്ലേറ്റീവ് കൗൺസിൽ മുൻപാകെ  അംഗീകാരം തേടി ഭേദഗതി ബിൽ അവതരിപ്പിച്ചത്.

ബില്ല് തള്ളിയതോടെ ജയ്‌ശ്രീറാം വിളികളുമായി  ബിജെപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ആഹ്ളാദ പ്രകടനം നടത്തി. കോൺഗ്രസ് നിരയിൽ നിന്ന്  ഭാരത് മാതാ കി ജയ്, ജയ് ഭീം വിളികളും ഉയർന്നു. 

കർണാടകയിൽ 1997ൽ പാസാക്കപ്പെട്ട ഹിന്ദു ആരാധനാലയ  - മത സ്ഥാപന ധനവിനിയോഗ നിയമമാണ്  സിദ്ധരാമയ്യ സർക്കാർ ഭേദഗതി വരുത്തി പരിഷ്കരിക്കാൻ ശ്രമിച്ചത്. കർണാടകയിലെ  വൻ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് നികുതി ഈടാക്കി വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ക്ഷേത ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടേ ആയിരുന്നു ഭേദഗതി കൊണ്ട് വന്നത്. ഒരു കോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ള  ക്ഷേത്രങ്ങൾ  വരുമാനത്തിന്റെ പത്തു ശതമാനവും 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയുടെ അടുത്തു വരുമാനമുളള ക്ഷേത്രങ്ങൾ വരുമാനത്തിന്റെ അഞ്ച് ശതമാനവും  സർക്കാരിന്റെ പൈതൃക വകുപ്പിന് നൽകണമെന്നായിരുന്നു  ഭേദഗതി.

കൗൺസിലിൽ ഭൂരിപക്ഷമില്ല, ഹിന്ദു ആരാധനാലയ  ധനവിനിയോഗ ഭേദഗതി ബിൽ തള്ളി; കർണാടക സർക്കാരിന് തിരിച്ചടി
'ക്ഷേത്രവരുമാനത്തിന്റെ പങ്കുപറ്റാൻ നിയമഭേദഗതിയുമായി കർണാടക സർക്കാർ'; ബിജെപി പ്രചാരണത്തിന്റ വാസ്തവമെന്ത്?

എന്നാൽ, ഭേദഗതി ബില്ലിനെ എതിർത്ത് രംഗത്തെത്തിയ ബിജെപി സർക്കാരിനെ ഹൈന്ദവ വിരുദ്ധ സർക്കാരെന്ന് ആക്ഷേപിക്കുകയും സർക്കാർ നീക്കത്തിനെതിരെ ഹിന്ദു മത വിശ്വാസികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ തുടങ്ങുകയും ചെയ്തു. ഹിന്ദു ക്ഷേത്രങ്ങളുടെ പണം തട്ടിയെടുത്തു സർക്കാർ ഖജനാവ് നിറക്കാനുളള  നീക്കമായി ബില്ലിനെ വ്യാഖ്യാനിച്ചു. നിയമസഭക്ക് അകത്തും പുറത്തും  ബിജെപി  ഭേദഗതി ബില്ലിനെ നഖശിഖാന്തം എതിർത്തു.

ഇതിനിടെ ഹിന്ദുത്വ സംഘടനകൾ  'നോ ഹുണ്ടി കാണിക്കേ' (ഹുണ്ടിയിൽ കാണിക്ക ഇടരുത്) എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ  പോയി ഇത് പോലെ കണക്കു ചോദിച്ചു പണം വാങ്ങാൻ  സിദ്ധരാമയ്യ സർക്കാരിന് ധൈര്യമുണ്ടോയെന്ന്  ബിജെപി നേതാക്കൾ വെല്ലുവിളിച്ചു. ശബരിമല ക്ഷേത്രത്തിലെ  വരുമാനം മുഴുവൻ കേരള സർക്കാർ എടുക്കുന്നുവെന്ന പ്രചാരവേലക്കു സമാനമായിരുന്നു  കർണാടകയിലും ബിജെപി നടത്തിയ  നീക്കം.

കൗൺസിലിൽ ഭൂരിപക്ഷമില്ല, ഹിന്ദു ആരാധനാലയ  ധനവിനിയോഗ ഭേദഗതി ബിൽ തള്ളി; കർണാടക സർക്കാരിന് തിരിച്ചടി
'ഹിന്ദുത്വ വിരുദ്ധ നയങ്ങള്‍'; ക്ഷേത്രങ്ങള്‍ക്കുമേല്‍ 10 ശതമാനം നികുതി ഏർപ്പെടുത്തിയ കർണാടക സർക്കാരിനെതിരെ ബിജെപി

ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭൂരിപക്ഷം ലഭിക്കും വരെ ഏതു ബില്ല് നിയമസഭയിൽ പാസാക്കിയാലും അത് നിയമമാക്കാൻ ഇതേ പ്രതിസന്ധിയാണ്‌ കർണാടക സർക്കാരിനെ കാത്തിരിക്കുന്നത്. കൗൺസിലിലെ ബിജെപി അംഗങ്ങളുടെ കാലാവധി (മൂന്നു വർഷം) കഴിയുന്ന മുറക്കെ അംഗങ്ങളെ കൗൺസിലിൽ എത്തിക്കാൻ  കോൺഗ്രസിനാകൂ. 75 അംഗ കൗൺസിലിൽ 25 അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടവകാശം  എംഎൽഎമാർക്കാണ്. 

logo
The Fourth
www.thefourthnews.in