'നേതൃസ്ഥാനത്ത് താനെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി പ്രതിരോധം ശക്തമാക്കും': ശശി തരൂര്‍

'നേതൃസ്ഥാനത്ത് താനെങ്കില്‍ പ്രാദേശിക പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി പ്രതിരോധം ശക്തമാക്കും': ശശി തരൂര്‍

പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കാന്‍ ഒരു കാരണമുണ്ടായിരിക്കുകയാണെന്നും 2024 ല്‍ ബിജെപി വിജയിക്കാന്‍ പാടുപെടുമെന്നും ശശി തരൂർ

കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് താനായിരുന്നെങ്കില്‍ 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തി ഒന്നിച്ചൊരു സഖ്യം ഉണ്ടാക്കുമായിരുന്നെന്ന് ശശി തരൂര്‍. പ്രതിപക്ഷത്തിന്റെ അച്ചുതണ്ട് ഇപ്പോള്‍ കോണ്‍ഗ്രസാണ്. താനാണ് നേതൃ സ്ഥാനത്തെങ്കില്‍ ഇങ്ങനെയായിരിക്കില്ലെന്നും തരൂര്‍ പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു തരൂര്‍. പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കാന്‍ ഒരു കാരണമുണ്ടായിരിക്കുകയാണെന്നും 2024 ല്‍ ബിജെപി വിജയിക്കാന്‍ പാടുപെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യം ആശ്ചര്യകരവും സ്വാഗതാര്‍ഹവുമാണെന്ന് തരൂര്‍ പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ എന്തും നേടാം, ഭിന്നിച്ചു നിന്നാല്‍ എല്ലാം പോകുമെന്ന പഴഞ്ചൊല്ലിലെ സത്യം എല്ലാവരും മനസിലാക്കി തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാഹുലിനെ പിന്തുണച്ചില്ലെങ്കില്‍ ഈ ഭരണകൂടം നാളെ അവരെ ഓരോരുത്തരേയും തേടിച്ചെല്ലുമെന്നും ശശി തരൂര്‍ പറഞ്ഞു.

എന്റെ കാഴ്ചപ്പാടില്‍ സ്ഥാനമാനങ്ങളെക്കാള്‍ പ്രധാനമാണ് ഐക്യം

ശശി തരൂർ

'ദേശീയ തലത്തില്‍ ഞങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി. 200 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ റോള്‍ ചെയ്യാന്‍ ചെറിയ പാര്‍ട്ടികളിലൊന്നിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും. എന്റെ കാഴ്ചപ്പാടില്‍ സ്ഥാനമാനങ്ങളെക്കാള്‍ പ്രധാനമാണ് ഐക്യം'. ശശി തരൂര്‍ പറഞ്ഞു.

എഎപി, തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടി, ഭാരത് രാഷ്ട്ര സമിതി, ഡിഎംകെ, ഉദ്ധവ് സേന എന്നിവയുള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സാഹചര്യത്തിലാണ് തരൂരിന്റെ പരാമര്‍ശം. എന്നാല്‍, 2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in