'സേന'യ്ക്ക് പുതിയ കമ്മിറ്റി; ഉദ്ധവിനെ തലപ്പത്ത് 'ഇരുത്തി' ഷിന്‍ഡെ

'സേന'യ്ക്ക് പുതിയ കമ്മിറ്റി; ഉദ്ധവിനെ തലപ്പത്ത് 'ഇരുത്തി' ഷിന്‍ഡെ

വിമത നീക്കത്തിനെതിരായ ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെയാണ് ഷിന്‍ഡെയുടെ അപ്രതീക്ഷിത നീക്കം.

കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ചു വിമതപക്ഷ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. താക്കറെ കുടുംബത്തില്‍ നിന്നു ശിവസേനയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായി ദേശീയ എക്‌സിക്യൂട്ടീവ് പുനസംഘടിപ്പിച്ച ഷിന്‍ഡെ പാര്‍ട്ടിയുടെ അവസാനവാക്കായി സ്വയം അവരോധിതനായി.

എന്നാല്‍ പുതിയ എക്‌സിക്യൂട്ടീവിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉദ്ധവ് താക്കറെയ്ക്കു തന്നെയാണെന്നതും ശ്രദ്ധേയം. ഉദ്ധവിനെ പുറത്താക്കി അണികളെ അകറ്റാന്‍ ശ്രമിക്കാതെ ഷിന്‍ഡെ നടത്തിയ നീക്കം ഔദ്യോഗിക പക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

വിമത വിഭാഗത്തിന്റെ പരിഷ്‌കാരങ്ങള്‍

പാര്‍ട്ടി ഘടനയില്‍ വിമതയോഗം വലിയ തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. പ്രവര്‍ത്തങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ മുഖ്യ നേതാവ്, നേതാക്കള്‍, ഉപനേതാക്കള്‍ എന്നീ പദവികള്‍ രൂപീകരിച്ച ഷിന്‍ഡെ സ്വയം മുഖ്യനേതാവായും മറ്റു പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ തന്റെ വിശ്വസ്തരെയും അവരോധിച്ചു.

ദീപക് കേസാര്‍ക്കറിനെ പാര്‍ട്ടിയുടെ മുഖ്യ വക്താവായും, നിയമസഭാംഗങ്ങളായ താനാജി സാവന്ത്, ഗുലാബ്രാവു പാട്ടീല്‍, ഉദയ് സാമന്ത്, മുന്‍ എംപി ശിവാജിറാവു അധല്‍റാവു പാട്ടീല്‍, യശ്വന്ത് ജാദവ്, വിജയ് നഹത, നടന്‍ ശരദ് പോങ്ക്ഷെ എന്നിവരെ പാര്‍ട്ടിയുടെ ഉപനേതാക്കളായും നിയമിച്ചു. മുഖ്യ നേതാവ് എന്നത് ശിവസേന രാഷ്ട്രയത്തിലെ തന്നെ പുതിയ പദവിയാണ്.

ബാല്‍താക്കറെ സ്ഥാപിച്ച ശിവസേനയുടെ പാര്‍ട്ടി ഘടനയില്‍ പാര്‍ട്ടി അധ്യക്ഷനു പുറമേ അദ്ദേഹത്തെ സഹായിക്കുന്നതിനായി 'നേതാക്കള്‍', 'ഉപനേതാക്കള്‍' എന്നീ പദവികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഷിന്‍ഡെ തനിക്കായി 'മുഖ്യ നേതാവ്' എന്ന പദവി രൂപീകരിക്കുകയായിരുന്നു. 'യഥാര്‍ത്ഥ ശിവസേനയെ ആരാണ് നിയന്ത്രിക്കുന്നത് എന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള നിയമപോരാട്ടം പരിഗണിച്ചാണ് ഉദ്ധവ് താക്കറെ പാര്‍ട്ടി അധ്യക്ഷനായും ഷിന്‍ഡെയെ മുഖ്യ നേതാവായും തെരഞ്ഞടുത്തതെന്ന് ഒരു വിമത വിഭാഗം നേതാവ് പറഞ്ഞു.

പാര്‍ട്ടി കാര്യം കോടതിയില്‍ എത്തുമ്പോള്‍

പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വിമത വിഭാഗത്തിന്റെ പുതിയ നീക്കം. ശിവസേനയുടെ 19 എംപി മാരില്‍ 12 പേരും ദേശീയ എക്സിക്യൂട്ടീവ് പുനസംഘടിപ്പിക്കാനുള്ള ഷിന്‍ഡയുടെ തീരുമാനത്തിന് ഒപ്പമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി കാര്യം കോടതിയിലെത്തുമ്പോള്‍ കാര്യങ്ങള്‍ ഷിന്‍ഡെ വിചാരിക്കുന്നിടത്ത് തന്നെ എത്താനാണ് സാധ്യത.

'സേന'യ്ക്ക് പുതിയ കമ്മിറ്റി; ഉദ്ധവിനെ തലപ്പത്ത് 'ഇരുത്തി' ഷിന്‍ഡെ
ശിവസേനയിലെ കലാപം മുതലെടുക്കാന്‍ നവനിര്‍മാണ്‍ സേന; കൂടെക്കൂട്ടാന്‍ ഷിന്‍ഡെ പക്ഷം

ഉദ്ധവ് റബ്ബര്‍ സ്റ്റാംപാകുമ്പോള്‍

മറാത്ത രാഷ്ട്രീയത്തില്‍ താക്കറെ കുടുംബത്തിന്റെ സ്വാധീനം തിരിച്ചറിഞ്ഞ് തന്നെയാണ് ഷിന്‍ഡെയുടെ നീക്കങ്ങള്‍. പാര്‍ട്ടിയില്‍ കാര്യമായ അധികാരം നല്‍കാതെ ഉദ്ധവിനെ പാര്‍ട്ടി തലവനായി നിലനിര്‍ത്തുന്നതിലൂടെ അണികള്‍ക്കിടയില്‍ താന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്ന സന്ദേശം നല്‍കുന്നതിനൊപ്പം ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗത്തെ അനുനയിപ്പിക്കാനും ഷിന്‍ഡെ ലക്ഷ്യമിടുന്നു. അതേ സമയം സ്വയം പാര്‍ട്ടി നേതാവായി പ്രഖ്യാപിച്ച ഷിന്‍ഡെയുടെ നീക്കത്തെ ഉദ്ധവ് അംഗീകരിക്കാന്‍ സാധ്യതയില്ല.

ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീല്‍ നിന്നും പാര്‍ട്ടി പദവികളില്‍ നിന്നും ഷിന്‍ഡെയെ നീക്കിയതായി ഉദ്ധവ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലില്ലാത്ത ഒരാള്‍ക്ക് ദേശീയ എക്‌സിക്യൂട്ടീവ് പുനസംഘടിപ്പിക്കാന്‍ അധികാരമില്ലെന്നാകും ഉദ്ധവ് പക്ഷം കോടതിയില്‍ വാദിക്കുക.

ഉദ്ധവ് വിഭാഗത്തിന്റെ പ്രതികരണം

തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി സുപ്രീം കോടതി അംഗീകരിക്കുമെന്ന വിശ്വാസത്തിലാണ് ഉദ്ധവ്‌ പക്ഷം. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്നതിനാലാണ് ഷിന്‍ഡെ വിഭാഗം പുതിയ ദേശീയ എക്‌സിക്യൂട്ടീവിന് രൂപം നല്‍കിയതെന്നു ഉദ്ധവ് അനുകൂലിയും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം നേടാത്ത വിമതര്‍ക്ക് ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവിനെ ഇല്ലാതാക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

'സേന'യ്ക്ക് പുതിയ കമ്മിറ്റി; ഉദ്ധവിനെ തലപ്പത്ത് 'ഇരുത്തി' ഷിന്‍ഡെ
ശിവസേന പിടിക്കാന്‍ ഉദ്ധവും ഷിന്‍ഡെയും; പാര്‍ട്ടി ചിഹ്നത്തിനായി അടുത്ത പടയൊരുക്കം

സുപ്രീം കോടതി എതിരാവുമെന്ന് കണ്ടാണ് ഷിന്‍ഡെയുടെ മന്ത്രിസഭ വിപുലീകരണം വൈകുന്നതെന്നും താക്കറെമാര്‍ ഉള്ളിടത്താണ് ശിവസേനയെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വിട്ട് പോയിട്ടില്ലെന്നും ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത് ശിവസേനയുടെ യാഥാര്‍ഥ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണെന്നുമാണ്‌ വിമത പക്ഷത്തിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in