Uddhav Tackarey
Uddhav Tackarey

ഗ്രേറ്റർ മുംബൈ ആരുഭരിക്കും ? ശിവസേനയ്ക്ക് മുന്പിലെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല

ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശിവസേനയ്ക്ക് മുമ്പിലുള്ളത് വലിയ വെല്ലുവിളി

മഹാനാടകത്തിന് അന്ത്യം കുറിച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും മഹാവികാസ് അഘാടി സഖ്യത്തിന് മുന്നിലുള്ള വെല്ലുവിളി അവസാനിക്കുന്നില്ല. ശിവസേനയില്‍ നിന്ന് നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് എത്തുന്നത്. കഴിഞ്ഞ തവണ 84 സീറ്റുകളായിരുന്നു മഹാവികാസ് അഘാടി സഖ്യത്തിന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്‍ ഡി എ സഖ്യത്തിന് 82 സീറ്റുകളും. അടിത്തറ നഷ്ടപ്പെട്ട ശിവസേനക്ക് ഇത്തവണ എത്രത്തോളം പ്രകടനം നടത്താനാകുമെന്നതാണ് പ്രധാന ചോദ്യം.

മഹാരാഷ്ട്രയിലെ 12 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കും ജില്ലാ പരിഷത്തുകളിലേയ്ക്കും ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. എൻസിപി, കോൺഗ്രസ് സഖ്യത്തിനൊപ്പമാണ് ഇത്തവണയും ശിവസേന തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. ഏകനാഥ് ഷിന്‍ഡെയുടെ നേത്യത്വത്തില്‍ ശിവസേന പിളര്‍ത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ ഗ്രേറ്റർ മുംബൈ ആരുഭരിക്കും എന്ന ചോദ്യത്തിന് പ്രാധാന്യം ഏറുന്നത്.

ശിവസേന വീണ്ടും അധികാരത്തിൽ എത്തുമെന്ന് സഞ്ജയ് റാവത്ത് ഉൾപ്പെടെ താക്കറെ കുടുംബത്തിന്റെ അനുയായികൾ അവകാശപ്പെടുമ്പോഴും, പാർട്ടിയുടെ താഴെത്തട്ടിൽ ആഴത്തിലുള്ള കടന്നുകയറ്റമുള്ളതായി മുതിർന്ന രാഷ്ട്രീയ നിരീക്ഷകന്‍ പ്രകാശ് അകോൽക്കർ പറയുന്നു. നിയമസഭാ കക്ഷിയിലെ പിളർപ്പ് ജനങ്ങൾക്ക് അറിയാം. എന്നാല്‍ പാര്‍ട്ടിയില്‍ എത്രത്തോളം അടിയൊഴുക്ക് ഉണ്ടായന്നതിനെക്കുറിച്ച് വ്യക്തമായി പറയാനാവില്ലെന്നും പ്രകാശ് അകോൽക്കർ ചൂണ്ടിക്കാണിക്കുന്നു.

ശിവസേന രൂപീകരിച്ച് 56 വർഷം പിന്നിട്ടിരിക്കുകയാണ്. സ്ഥാപകൻ ബാലാസാഹേബ് താക്കറെ അന്തരിച്ച് ഒരു പതിറ്റാണ്ടിന് ശേഷവും സംസ്ഥാനത്ത് പാർട്ടിയ്ക്കുള്ള സ്വീകാര്യതയില്‍ കോട്ടം തട്ടിയിരുന്നില്ല. എന്നാൽ ബിഎംസി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബാലാസാഹിബ് താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ നേതൃത്വം വഹിക്കുന്ന പാർട്ടി ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

BMC head quarters
BMC head quarters

ബിഎംസി തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചിട്ടില്ല. 2022 മെയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പ്രതിപക്ഷ ഐക്യത്തില്‍ എംവിഎയ്ക്ക് ഇപ്പോഴും ബിജെപിയെ നേരിടാൻ കഴിയുമെന്ന് തെളിയിക്കുക എന്നത് താക്കറെ-പവാർ കൂട്ടുകെട്ടിന് വെല്ലുവിളിയാണ്.

logo
The Fourth
www.thefourthnews.in