Video story | സവർക്കര്‍ v/s ടിപ്പുസുൽത്താൻ; ശിവമോഗയിൽ സംഘർഷം

3 പേര്‍ അറസ്റ്റില്‍ , നിരവധി പേര്‍ കസ്റ്റഡിയില്‍

കർണാടകയിലെ ശിവമോഗയിൽ സ്വാതന്ത്ര്യ ദിനത്തിൽ സ്ഥാപിച്ച ബാനറുകളെ ചൊല്ലിയുണ്ടായ ബഹളം സംഘർഷത്തിൽ കലാശിച്ചു . വി ഡി സവർക്കറുടെയും ടിപ്പു സുൽത്താന്റെയും ചിത്രങ്ങൾ അടങ്ങിയ ബാനറുകളാണ് പ്രശ്നങ്ങളുടെ തുടക്കം . മുസ്ലിം ആരാധനാലയം ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് മുന്നിൽ ഒരു വിഭാഗം സ്ഥാപിച്ച സവർക്കറുടെ ചിത്രം മറുവിഭാഗം എടുത്തു മാറ്റി അവിടെ ടിപ്പു സുൽത്താന്റെ ചിത്രം വെക്കുകയായിരുന്നു . പ്രദേശത്തു സംഘർഷ സാധ്യതയായതോടെ പോലീസ് എത്തി ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ലാത്തി ചാർജ് നടത്തി . ബാനറുകൾ നീക്കം ചെയ്തു പോലീസ് ദേശീയ പതാക സ്ഥാപിച്ചെങ്കിലും സംഘർഷത്തിന് അയവു വന്നില്ല . ഇതിനിടെ സംഭവം നടക്കുന്നതിനു 200 മീറ്റർ അകലെ ഗാന്ധി ബസാറിൽ രാജസ്ഥാൻ സ്വദേശിയായ പ്രേം സിംഗ്‌ എന്ന യുവാവിന് കുത്തേറ്റു

ബാനർ പ്രശ്നത്തിലുള്ള പകയാകാം ഇതിനു പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു . സംഭവുമായി ബന്ധപ്പെട്ടു 3പേരെ ശിവമോഗ സിറ്റി പോലീസ് അറസ്റ്റു ചെയ്തു . നദീം (25) അബ്ദുൽ റഹ്മാൻ (25) ജബീഉള്ള (27) എന്നിവരാണ് അറസ്റ്റിലായത് . അറസ്റ്റു ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിച്ച ജെബിഉള്ളക്ക് നേരെ പോലീസ് വെടി ഉതിർത്തു .കാലിൽ വെടിയേറ്റ ഇയാൾ ചികിത്സയിലാണ് . അതേസമയം ബാനർ പ്രശ്നവുമായി ബന്ധപ്പെട്ടാണോ രാജസ്ഥാൻ സ്വദേശിക്കു കുത്തേറ്റതെന്നു പരിശോധിച്ചു വരികയാണ് പോലീസ്.

ശിവമോഗ സംഘർഷവുമായി ബന്ധപ്പെട്ടു നിരവധി യുവാക്കളെ കസ്റ്റഡിയിൽ എടുത്തതായി ശിവമോഗ സിറ്റി പോലീസ് അറിയിച്ചു . പ്രദേശത്തു ബുധനാഴ്ച്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് ,30 പ്ലാറ്റൂൺ സായുധ സേനയെയും വിന്യസിച്ചു

Related Stories

No stories found.
logo
The Fourth
www.thefourthnews.in