മഹുവ മൊയ്‌ത്ര
മഹുവ മൊയ്‌ത്ര

'ലോക്സഭാ അംഗത്വം റദ്ദാക്കണം'; മഹുവ മൊയ്ത്രയ്ക്കെതിരെ പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിയുടെ 500 പേജുള്ള റിപ്പോർട്ട്

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കുകയും ചർച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ. മൊയ്‌ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എത്തിക്സ് പാനൽ കമ്മിറ്റി ശുപാർശ ചെയ്തതിരിക്കുന്നത്.

500 പേജുള്ള റിപ്പോർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. നിയമപരവും, സമയബന്ധിതവുമായ അന്വേഷണം കേന്ദ്രം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. എത്തിക്സ് കമ്മിറ്റി മറ്റന്നാൾ വീണ്ടും യോഗം ചേരും.

മഹുവ മൊയ്‌ത്ര
രാത്രി ഫോണ്‍ ചെയ്യുന്നതാരെ എന്നതടക്കം ചോദ്യങ്ങള്‍; എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങില്‍ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയി

മഹുവ മൊയ്‌ത്രയുടെ നടപടികളെ വളരെ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണെന്നാണ് പാനൽ വിശേഷിപ്പിച്ചത്. മഹുവയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ നിലനിൽക്കുന്നത്.

മഹുവ മൊയ്‌ത്ര
ചോദ്യത്തിന് കോഴ വിവാദം: മഹുവ മൊയ്ത്ര നവംബർ രണ്ടിന് ഹാജരാകണം, കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് എത്തിക്സ് കമ്മിറ്റി

"തൃണമൂൽ എംപി മഹുവ മൊയ്ത്രയും വ്യവസായി ശ്രീ ദർശൻ ഹിരാനന്ദാനിയും തമ്മിലുള്ള പണമിടപാട് നിയമപരമായും സ്ഥാനപരമായും സമയബന്ധിതമായും കേന്ദ്ര സർക്കാർ അന്വേഷിക്കണം," റിപ്പോർട്ട് പറയുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർക്ക് സമർപ്പിക്കുകയും ചർച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും.

ഇന്ന് രാവിലെ മഹുവയ്ക്കെതിരായ അഴിമതി ആരോപണങ്ങളിൽ അഴിമതി വിരുദ്ധ സംഘടനയായ ലോക്‌പാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) അന്വേഷണത്തിന് ഉത്തരവിട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു.

"എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള മഹുവ മൊയ്ത്രയുടെ അഴിമതിയെക്കുറിച്ച് ലോക്പാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു," ദുബെ പോസ്റ്റ് ചെയ്തു.

മഹുവ മൊയ്‌ത്ര
സ്വാഭാവിക നീതി ലഭിച്ചില്ല, ഹിരാനന്ദാനിയെ ക്രോസ് വിസ്താരം ചെയ്യാന്‍ അവസരം വേണം: മഹുവ മൊയ്ത്ര

ഈ മാസം ആദ്യം ആരോപണത്തിന്റെ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് മഹുവ, ബിഎസ്പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരുടെ പ്രതിഷേധം. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ വെളിപ്പെടുത്തിയിരുന്നു.

ആരോപണങ്ങളിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ്വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in