5 രൂപയ്‌ക്ക്  പ്രഭാത ഭക്ഷണം 10 രൂപയ്‌ക്ക്  ഊണ്; ബെംഗളൂരു വിമാനത്താവളത്തിലും ഇന്ദിര കാന്റീൻ തുറന്നു

5 രൂപയ്‌ക്ക്  പ്രഭാത ഭക്ഷണം 10 രൂപയ്‌ക്ക്  ഊണ്; ബെംഗളൂരു വിമാനത്താവളത്തിലും ഇന്ദിര കാന്റീൻ തുറന്നു

കാന്റീൻ തുറന്നതു ടാക്സി ഡ്രൈവേഴ്സ് ഫെഡറേഷന്റെ അഭ്യർത്ഥന പ്രകാരം

അഞ്ചു രൂപ കയ്യിലുണ്ടെങ്കിൽ   പ്രഭാത ഭക്ഷണമായി  ഇഡ്‌ലിയും ചട്ണിയും, പൊങ്കലും കഴിക്കാം. 10 രൂപയുണ്ടെങ്കിൽ വയറു നിറച്ച്‌  സാമ്പാറും ചോറും ഉച്ച ഭക്ഷണമായി കിട്ടും.  തൈര്  സാദം അത്താഴമായി വിളമ്പും. ഭക്ഷണ സാധനങ്ങൾക്ക്  അന്യായ വില ഈടാക്കുന്ന  വിമാനത്താവളത്തിൽ  തുറന്നു വച്ചിരിക്കുകയാണ്  സർക്കാർ വക ന്യായ വില ഭക്ഷണ ശാല.  

ബെംഗളൂരു  അന്താരാഷ്ട്ര വിമാനത്താവളത്തിനകത്താണ്  കർണാടക സർക്കാരിന്റെ  ഇന്ദിര കാന്റീൻ  തുറന്നു പ്രവർത്തനമാരംഭിച്ചത്. വിമാനത്താവളവുമായി ബന്ധപ്പെട്ടു  ജോലി ചെയ്യുന്ന  ഡ്രൈവർമാർ , ഗ്രൗണ്ട് സ്റ്റാഫുകൾ  തുടങ്ങിയവരുടെ ആവശ്യ പ്രകാരമാണ്  സർക്കാർ  വിമാനത്താവള  വളപ്പിൽ  ന്യായവില ഭക്ഷണ ശാലയായ  ഇന്ദിര കാന്റീന്റെ ഔട് ലെറ്റ്  തുറന്നത്. മുഖ്യമന്ത്രി  സിദ്ധരാമയ്യയും  ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാറും  ചേർന്നാണ്  ഉദ്‌ഘാടനം നിർവഹിച്ചത്.

ഇന്ദിര ക്യാന്റീന്‍
ഇന്ദിര ക്യാന്റീന്‍

നഗരത്തിനു പുറത്ത്‌ 35 കിലോമീറ്റർ  അകലെ ദേവനഹള്ളിയിലാണ്  ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വൻകിട ബ്രാൻഡുകളുടെ ഭക്ഷണശാലകൾ മാത്രമമാണ്  ഇവിടെ പ്രവർത്തിക്കുന്നത്. യാത്രക്കാരും  യാത്രയയ്‌ക്കാൻ  എത്തുന്നവരും  വേറെ നിവൃത്തി ഇല്ലാത്തതിനാൽ  ഈ  ഭക്ഷണശാലകളിൽ  താങ്ങാവുന്നതിലും അധികം പണം നൽകി  ഭക്ഷണം കഴിക്കേണ്ട  സാഹചര്യമാണ്. വിമാനത്താവളവുമായി  ബന്ധപ്പെട്ടു  ജോലി ചെയ്യുന്നവർക്ക്  ദിനവും ഇവയെ ആശ്രയിക്കൽ  പ്രായോഗികവുമല്ല.

കുറഞ്ഞത്  200 രൂപയെങ്കിലും  ചിലവഴിച്ചാൽ മാത്രമേ  വിമാനത്താവളത്തിന്  അകത്തു ഭക്ഷണം കിട്ടൂ എന്നതാണ്  അവസ്ഥ. കുറഞ്ഞ വിലയിൽ  ആഹാരം ലഭിക്കാൻ  വിമാനത്താവളത്തിന്  പുറത്തേക്ക്  കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. വിമാനത്താവളത്തിലെ  ജീവനക്കാരും  ടാക്സി  ഡ്രൈവര്മാരുമൊക്കെയാണ്   ഇക്കാര്യം ഗതാഗത മന്ത്രി  രാമലിംഗ  റെഡ്ഢിയുടെ  ശ്രദ്ധയിൽ പെടുത്തിയത്. 

ഇതോടെയാണ്‌ ഇന്ദിര കാന്റീൻ  വിമാനത്താവളത്തിനകത്ത്  തുറക്കാനുളള  പദ്ധതി സർക്കാർ തയാറാക്കിയത്. ആഭ്യന്തര ടെർമിനലിലാണ്  ഇപ്പോൾ  കാന്റീൻ തുറന്നിരിക്കുന്നത്. വൈകാതെ  ഒരു ഇന്ദിരാ കാന്റീൻ കൂടി  വിമാനത്താവളത്തിൽ  തുറക്കുമെന്ന്  മുഖ്യമന്ത്രി  സിദ്ധരാമയ്യ വ്യക്തമാക്കി.

ഇന്ദിര ക്യാന്റീനില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ഇന്ദിര ക്യാന്റീനില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തമിഴ്‌നാട്ടിൽ ജയലളിത സർക്കാർ നടപ്പിലാക്കിയ  'അമ്മ കാന്റീനിന്റെ '  മാതൃകയിൽ 2018 ൽ ആയിരുന്നു കർണാടകയിലെ കോൺഗ്രസ് സർക്കാർ  ഇന്ദിര കാന്റീൻ ആരംഭിച്ചത്. തുടക്കത്തിൽ  ബെംഗളൂരു കോര്പറേഷന്  കീഴിലെ  198 വാർഡുകളിൽ പദ്ധതി  നടപ്പിലാക്കി. ബെംഗളൂരു നഗരത്തിലെ  നിർമാണ തൊഴിലാളികൾ, ഓട്ടോ - ടാക്സി ഡ്രൈവർമാർ , മറ്റു അസംഘടിത തൊഴിലാളികൾ, യാചകർ  എന്നിവർക്കെല്ലാം  ഗുണനിലവാരമുള്ള ഭക്ഷണം ന്യായവിലയിൽ വിതരണം ചെയ്യുന്ന പദ്ധതി  ആവിഷ്കരിച്ചത്  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ  നിർദേശ പ്രകാരമായിരുന്നു.

2019 ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ  കഴിഞ്ഞ നാല് വർഷക്കാലം  മിക്ക ഇന്ദിര കാന്റീനുകളും പൂട്ടി. ഇന്ദിര എന്ന പേര് മാറ്റി മറ്റൊരു പേരിൽ  ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കാൻ  ബിജെപി നീക്കം നടത്തിയെങ്കിലും  അത് നടക്കാതെ പോയി. അധികാരം തിരിച്ചു പിടിച്ച കോൺഗ്രസ്  ഇന്ദിര കാന്റീനിന്റെ പുനരുദ്ധാരണത്തിനായി ബജറ്റിൽ 100 കോടി രൂപ  അനുവദിച്ചു. ഇതോടെ ബെംഗളൂരുവിലെ പൂട്ടിയ കാന്റീനുകൾ വീണ്ടും തുറന്നു. മംഗളുരു, കലബുർഗി എന്നിവിടങ്ങളിൽ  ഔട്ട്‌ ലെറ്റുകൾ തുറന്ന്  ഇന്ദിര കാന്റീൻ സംസ്ഥാനത്തുടനീളം തുറക്കാനുള്ള  പദ്ധതിക്കും സർക്കാർ തുടക്കമിട്ടു.

കർണാടകയിലെ പ്രാദേശിക വിഭവങ്ങളാണ് ഇന്ദിര കാന്റീനിന്റെ  മെനുവിൽ ഉള്ളത്. വിമാനത്താവളത്തിലെ  ഔട്ട്‌ ലെറ്റിലെ മെനുവിൽ  ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ തൊഴിലാളികൾക്ക് മാത്രമല്ല  യാത്രക്കാർ ഉൾപ്പടെ ആർക്കും ഇന്ദിര ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാം. 

logo
The Fourth
www.thefourthnews.in