മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി  വേണം, ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം; ലക്ഷ്യം  ശിവകുമാറിനെ ഒതുക്കലോ?

മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണം, ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം; ലക്ഷ്യം ശിവകുമാറിനെ ഒതുക്കലോ?

വീര ശൈവ ലിംഗായത്ത്, പട്ടിക ജാതി -വർഗം, മുസ്ലിം വിഭാഗങ്ങളിൽനിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്ന് കർണാടക മന്ത്രിമാർ

കർണാടകയിൽ ഡി കെ ശിവകുമാറിനെ കൂടാതെ മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പക്ഷം. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, കെ എൻ രാജണ്ണ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരുടെ എണ്ണം നാലാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

അടുത്ത വർഷം ഒക്ടോബറോടെ സർക്കാരിൽ നേതൃമാറ്റം ഉണ്ടാകുമെന്നു മുന്നിൽ കണ്ടാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഈ നേതൃമാറ്റത്തിൽ, സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപുള്ള ധാരണപ്രകാരം നിലവിലെ സിദ്ധരാമയ്യ സ്ഥാനമൊഴിയുകയും ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോൾ ശിവകുമാറിനുമേൽ ആധിപത്യം സ്ഥാപിക്കാനാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ ഏക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ വൊക്കലിഗ സമുദായക്കാരനാണ്. കർണാടകയിലെ പ്രബല സമുദായമായ വീര ശൈവ ലിംഗായത്തുകളെയും കോൺഗ്രസിന്റെ എപ്പോഴത്തെയും വോട്ടു ബാങ്കായ പട്ടിക ജാതി - പട്ടിക വർഗത്തെയും മുസ്ലിം വിഭാഗത്തെയും ഈ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. വിഷയം ഹൈക്കമാൻഡിന്റെ മുന്നിലെത്തിയിട്ടുണ്ട്.

ഡൽഹിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എത്ര ഉപമുഖ്യമന്ത്രിമാർ ഏതൊക്കെ വിഭാഗങ്ങളിൽ നിന്നെന്നതിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിൽനിന്ന് ഉണ്ടാകുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

സമീർ അഹമ്മദ് ഖാനും മുഖ്യമന്ത്രി സിദ്ധരാമയ്യയും
സമീർ അഹമ്മദ് ഖാനും മുഖ്യമന്ത്രി സിദ്ധരാമയ്യയും

കഴിഞ്ഞ വർഷം മേയിലായിരുന്നു കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രി കസേരക്കായുള്ള ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും വടംവലിക്കു ഹൈക്കമാൻഡ് തടയിട്ടത് ശിവകുമാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഫോർമുല അംഗീകരിച്ചുകൊണ്ടായിരുന്നു. സംസ്ഥാനത്ത് ഒറ്റ ഉപമുഖ്യമന്ത്രി പദവിയേ പാടുള്ളൂ എന്നതായിരുന്നു ശിവകുമാറിന്റെ ആവശ്യം. മന്ത്രിസഭയിലെ ഏറ്റവും മികച്ച വകുപ്പെന്ന് കരുതിപ്പോരുന്ന ബെംഗളൂരു നഗരവികസന വകുപ്പും ശിവകുമാർ ചോദിച്ചു വാങ്ങി. കൂടാതെ കെപിസിസി നേതൃസ്ഥാനവും ഉറപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കസേരയിൽനിന്നുള്ള ശിവകുമാറിന്റെ താത്കാലിക പിന്മാറ്റം.

സതീഷ് ജാർക്കിഹോളി രാഹുൽ ഗാന്ധിക്കൊപ്പം
സതീഷ് ജാർക്കിഹോളി രാഹുൽ ഗാന്ധിക്കൊപ്പം

മുഖ്യമന്ത്രിക്കസേര രണ്ടര വർഷം വീതം പങ്കിടുന്ന ഫോർമുല അംഗീകരിച്ചായിരുന്നു സിദ്ധരാമയ്യ കസേരയിൽ ആദ്യ അവസരം നേടിയത്. പടിയിറങ്ങേണ്ടി വരുമെന്ന് ഉറപ്പാക്കിയ സിദ്ധരാമയ്യ, ശിവകുമാർ മുഖ്യമന്ത്രിക്കസേരയേറും മുൻപ് സ്വന്തം പക്ഷക്കാരെ നിർണായക പദവികളിൽ അവരോധിക്കാൻ നടത്തുന്ന ചരടുവലിയാണ് മൂന്നു മുഖ്യമന്ത്രി പദവിയെന്ന ആവശ്യം.

ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, കെ എൻ രാജണ്ണ
ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, കെ എൻ രാജണ്ണ

മുഖ്യമന്ത്രിക്കസേരയിൽ നിന്നിറങ്ങുന്നതോടെ സിദ്ധരാമയ്യ മന്ത്രിസഭയിൽനിന്ന് പുറത്തായേക്കും. മുൻ മുഖ്യമന്ത്രി മന്ത്രി മാത്രമായി തുടരാനുള്ള സാധ്യതയില്ല. പടിയിറങ്ങും മുൻപ് വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തിയാൽ സർക്കാരിൽ പിടിമുറുക്കാമെന്നാണ് സിദ്ധരാമയ്യ കണക്കു കൂട്ടുന്നത്. മന്ത്രിമാരുടെ ആവശ്യത്തോട് ഡികെ ശിവകുമാർ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും കൂടുതൽ അറിയണമെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ചോദിക്കൂ എന്നുമായിരുന്നു ശിവകുമാറിന്റെയും പ്രതികരണം.

മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി  വേണം, ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം; ലക്ഷ്യം  ശിവകുമാറിനെ ഒതുക്കലോ?
അടിയന്തരാവസ്ഥയ്‌ക്കെതിരായ സ്പീക്കറുടെ പ്രമേയം: പ്രതിഷേധവുമായി കോൺഗ്രസ്; പോർമുഖം തുറന്ന് ഓം ബിർല

രാഷ്ട്രീയത്തിൽ പലപ്പോഴും ഒത്തുതീർപ്പ് പദവിയാണ് ഉപമുഖ്യമന്ത്രി. എന്നാൽ കർണാടകയിൽ എപ്പോഴും അത് മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും അപ്രമാദിത്യം ഇല്ലാതാക്കാനും എതിർചേരി ലക്ഷ്യമിടുന്ന പദവിയാണ്. ബി എസ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നപ്പോൾ നാല് ഉപമുഖ്യമന്ത്രിമാരെയായിരുന്നു ബിജെപി നിയോഗിച്ചത് . വിവിധ വിഭാഗങ്ങൾക്കു പ്രാതിനിധ്യം എന്നൊക്കെ പറയുമെകിലും കാൽ ഡസനിലധികം ഉപമുഖ്യമന്ത്രിമാർ എന്നതിന്റെ പ്രധാന ലക്ഷ്യം മുഖ്യമന്ത്രിക്ക് മൂക്കുകയർ തീർക്കൽ തന്നെയാണ്.

logo
The Fourth
www.thefourthnews.in