സ്ഥലംമാറ്റത്തിന് കൈക്കൂലി ചോദിച്ച് സിദ്ധരാമയ്യയുടെ ഓഫിസ്; ആരോപണവുമായി കുമാരസ്വാമി

സ്ഥലംമാറ്റത്തിന് കൈക്കൂലി ചോദിച്ച് സിദ്ധരാമയ്യയുടെ ഓഫിസ്; ആരോപണവുമായി കുമാരസ്വാമി

30 ലക്ഷം രൂപ ചോദിച്ചെന്ന് കുമാരസ്വാമി

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾക്ക് സിദ്ധരാമയ്യയുടെ ഓഫിസ് കൈക്കൂലി ചോദിക്കുന്നുവെന്ന ആരോപണവുമായി ജെഡിഎസ് രംഗത്ത്. ജെഡിഎസ് നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ ' ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. മുപ്പതു ലക്ഷം രൂപ നൽകിയാൽ സ്ഥലം മാറ്റം നൽകാമെന്നാണ് ഓഫിസിലെ ചിലർ അപേക്ഷകരെ രഹസ്യമായി അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ കൈക്കൂലി വാങ്ങി സ്ഥലംമാറ്റം ഉറപ്പാക്കി നൽകാൻ ആ ഓഫിസ് കേന്ദ്രീകരിച്ചു ചിലർ റോന്തു ചുറ്റുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അഴിമതിക്കെതിരെ സംസാരിക്കാൻ ധാർമിക അവകാശം നഷ്ടപ്പെട്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകൾക്ക് ഒരു ലക്ഷ്യമേയുള്ളൂ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ കർണാടകയെ കൊള്ളയടിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തു നിയോഗിച്ച കെ ആർ പുര തഹസിൽദാർ 500 കോടി രൂപയുടെ അനധികൃത സമ്പാദ്യവുമായി ലോകായുക്തയുടെ പിടിയിലായത് ഇതിനു തെളിവാണെന്നും ജെഡിഎസ് ചൂണ്ടിക്കാട്ടി.

വൈകാതെ ഈ സർക്കാർ ഐസിയുവിൽ ആകുന്ന ലക്ഷണമാണ്. കർണാടകയിൽ അഴിമതി ഉണ്ടെന്ന് ആരോപിക്കാൻ മാത്രമല്ല അത് ഇല്ലാതാക്കാനും കോൺഗ്രസ് തയ്യാറാവണം.

ജനങ്ങൾ തെരുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിമതിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടും സിദ്ധരാമയ്യക്ക് കുലുക്കമില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. കർണാടകയിലെ 'അജിത് പവാർ ' ആരാകുമെന്നു കാത്തിരുന്നു കാണാമെന്നും മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങളെ കുറിച്ചുളള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം ആരാണ് കൈക്കൂലി ചോദിച്ചതെന്ന് പേരും പദവിയും ഉൾപ്പടെ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് കുമാരസ്വാമി.

logo
The Fourth
www.thefourthnews.in