ഡിവൈ ചന്ദ്രചൂഡ്
ഡിവൈ ചന്ദ്രചൂഡ്

'ജനാധിപത്യ സമൂഹത്തിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകം'; മീഡിയവൺ കേസിലെ സുപ്രീംകോടതിയുടെ 5 സുപ്രധാന നിരീക്ഷണങ്ങള്‍

സിഎഎ, എൻ‌ആർ‌സി എന്നിവയ്‌ക്കെതിരായ റിപ്പോർട്ടുകൾ ചാനലിന്റെ ഭരണകൂട വിരുദ്ധത തെളിയിക്കാനുതകുന്ന കാരണങ്ങളല്ലെന്ന് സുപ്രീംകോടതി

മീഡിയവണ്ണിന് മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് സുപ്രീംകോടതി മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് നടത്തിയതു സുപ്രധാന നിരീക്ഷണങ്ങൾ. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവൈ ചന്ദ്രചൂഡിന്റെ രണ്ടംഗ ബെഞ്ച് ഉന്നയിച്ചത്. ലൈസൻസ് റദ്ദാക്കിയതിനുള്ള കാരണമായി കേന്ദ്ര സർക്കാർ സമർപ്പിച്ച രേഖകളൊന്നും ഒരു ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തുന്നതിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു.

സുപ്രീംകോടതി വിധിയിലെ സുപ്രധാന നിരീക്ഷണങ്ങൾ:

  • ദേശസുരക്ഷയെന്ന വാദം ശൂന്യതയിൽനിന്ന് എടുത്ത് ഉന്നയിക്കാനാകില്ല. അതിന് വസ്തുതാപരമായ തെളിവുകൾ ആവശ്യമാണ്

  • പൗരന്മാരുടെ അവകാശങ്ങൾ റദ്ദ് ചെയ്യുന്നതിന് ദേശസുരക്ഷയെന്ന വാദം ഉപയോഗിക്കുന്നു

  • സത്യം വിളിച്ചുപറയാനും പരുക്കൻ വസ്തുതകൾ പൗരന്മാരെ അറിയിക്കാനും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ ചാനലിന്റെ വിമർശനാത്മക വീക്ഷണങ്ങളെ ഭരണകൂട വിരുദ്ധമെന്ന് വിളിക്കാനാകില്ല. മാധ്യമങ്ങൾ സർക്കാരിനെ പിന്തുണയ്ക്കണമെന്ന നിലപാട് അനുവദിക്കാനാവില്ല

  • ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുദൃഢമായ പ്രവർത്തനത്തിന് സ്വതന്ത്ര മാധ്യമം ആവശ്യമാണ്. ജനാധിപത്യ സമൂഹത്തിൽ അതിന്റെ പങ്ക് നിർണായകമാണ്

  • എല്ലാ അന്വേഷണ റിപ്പോർട്ടുകളും രഹസ്യമായി വയ്ക്കാനാകില്ല. കാരണം ഇത് പൗരന്മാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നു.

    മുദ്രവച്ച കവറിൽ കാരണങ്ങൾ വെളിപ്പെടുത്തുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്

ചാനലിന്റെ ലൈസൻസ് പുതുക്കാൻ അനുവദിക്കാത്തത് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ചാനലിന്റെ ഷെയർഹോൾഡർമാർക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ട് എന്നതിനാൽ ചാനലിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ല. കൂടാതെ ഈ ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളുമില്ലെന്നും കോടതി പറഞ്ഞു.

നാലാഴ്ചക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്നാണ് കോടതിയുടെ നിർദേശം. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌ആർ‌സി) എന്നിവയ്‌ക്കെതിരായ റിപ്പോർട്ടുകൾ ചാനലിന്റെ ഭരണകൂട വിരുദ്ധത തെളിയിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും പ്രക്ഷേപണ ലൈസൻസ് പുതുക്കുന്നത് നിരസിക്കാനുള്ള ന്യായമായ കാരണങ്ങളല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in