പത്താം ക്ലാസ് തോറ്റപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; പെണ്‍കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി

പത്താം ക്ലാസ് തോറ്റപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; പെണ്‍കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി

ആറ് വയസുള്ള സഹോദരിയുമായി കൊൽക്കത്തയിൽ നിന്നും ഓടിച്ചോടുകയായിരുന്നു പെൺകുട്ടി

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റതിന്റെ പേരിൽ മാതാപിതാക്കളെ ഭയന്ന് വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകവുമായി പതിനാറുകാരി. ആറ് വയസുള്ള സഹോദരിയുമായി കൊൽക്കത്തയിൽ നിന്നും ഓടിച്ചോടുകയായിരുന്നു. ശേഷം തങ്ങളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കഥ ചമച്ച് പിതാവിന് എസ്എംഎസ് അയച്ചു.മോചിപ്പിക്കണമെങ്കിൽ ഒരു കോടി നല്കണമെന്നും ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ പത്താം ക്ലാസ് മാധ്യമിക് പരീക്ഷാഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. തെക്കന്‍ കൊല്‍ക്കത്തയിലെ ബാന്ദ്രോണി സ്വദേശിനിയായ പെണ്‍കുട്ടി മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് വരാമെന്ന് പറഞ്ഞ് സഹോദരിയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനാൽ മാതാപിതാക്കള്‍ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ആശങ്കയിലായ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു .

അന്വേഷണം ഊർജിതമാക്കിയ പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. തുടർന്ന് ലോക്കല്‍ മെട്രോ സ്റ്റേഷനു സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ സ്‌കൂട്ടി കണ്ടെത്തി. ഇതോടെ സീല്‍ദാ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുവരും കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനില്‍ കയറിയിട്ടുണ്ടാകുമെന്നും പൊലീസ് സംശയിച്ചു.ഇതിനിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയയ്ക്കണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം പിതാവിന് ലഭിക്കുന്നത്. പണവുമായി നേപ്പാൾഗഞ്ച് മേഖലയിൽ എത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

തുടർന്ന് റെയില്‍വേ പൊലീസിന്റേയും കൃഷ്ണനഗര്‍ ജില്ലാ പൊലീസിന്റേയും സംയുക്ത നീക്കത്തോടെ കൊല്‍ക്കത്ത പൊലീസ് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പങ്കിട്ടു. ഇതോടെ അധികം വൈകാതെ തന്നെ, കൃഷ്ണ നഗര്‍ ജില്ലാ പൊലീസ് നാദിയ ജില്ലയിലെ ഡിവൈന്‍ നഴ്സിംഗ് ഹോമിന് മുന്നില്‍ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. പിന്നീട് ഇവരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് കള്ളിവെളിച്ചത്തായത് .

തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്ന് പെൺകുട്ടി പൊലീസിനോട് തുറന്നുപറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ 31% മാര്‍ക്ക് ആണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മാതാപിതാക്കളോട് വാഗ്ദാനം ചെയ്‌തെങ്കിലും അത് പാലിക്കാൻ സാധിക്കാത്തതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചു

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in