ജെയിന്‍ സര്‍വകലാശാല
ജെയിന്‍ സര്‍വകലാശാല

ബി ആര്‍ അംബേദ്കറെ അധിക്ഷേപിച്ച് ജെയിന്‍ സര്‍വകലാശാലയില്‍ സ്‌കിറ്റ്; പ്രതിഷേധം

സ്കിറ്റില്‍ എല്ലാം എളുപ്പത്തില്‍ നേടുന്നവരാണ് പട്ടിക ജാതി വിഭാഗമെന്ന പരാമര്‍ശവും

ബെംഗളൂരുവിലെ ജെയിന്‍ സര്‍വകലാശാലയില്‍ ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് സ്‌കിറ്റ് അരങ്ങേറിയതായി പരാതി. സര്‍വകലാശാലയിലെ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് ദളിത് അധിക്ഷേപവും മോശം പരാമര്‍ശങ്ങളും. കോളേജിലെ 'ഡെല്‍റോയ്സ് ബോയ്‌സ് 'എന്ന നാടക ഗ്രൂപ്പാണ് ആക്ഷേപഹാസ്യ സ്‌കിറ്റിന്റെ പിന്നില്‍.

ഭരണഘടനാ ശില്പി ഡോ.ബി ആര്‍ അംബേദ്കറിനെയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെയും അടച്ചാക്ഷേപിക്കുന്ന ഭാഗങ്ങളാണ് സ്‌കിറ്റില്‍ ഉണ്ടായിരുന്നത്. ബി ആര്‍ അംബേദ്കറെ 'ബിയര്‍ അംബേദ്കര്‍ 'എന്ന് വിശേഷിപ്പിക്കുന്ന ഭാഗവും എല്ലാം എളുപ്പത്തില്‍ നേടുന്നവരാണ് പട്ടിക ജാതി വിഭാഗമെന്ന പരാമര്‍ശവും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റില്‍ ഉണ്ടായിരുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഗാന്ധിജി ദളിതരെ ഹരിജന്‍ എന്ന് വിളിച്ചത് എല്ലാം വേഗത്തില്‍ കിട്ടുന്നവരായതു കൊണ്ടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടത് അതിന് ഉദാഹരണമാണെന്നും സ്‌കിറ്റില്‍ പരിഹസിക്കുന്നുണ്ട്.

സ്‌കിറ്റ് അവതരണത്തിന് മുന്‍പ് അധികാരപ്പെട്ടവര്‍ പരിശോധിച്ചിട്ടും ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്നത് കുറ്റകരമാണെന്നും പരാതിക്കാര്‍

ദളിത് യുവാവും സവര്‍ണ ജാതിയില്‍പെട്ട യുവതിയും തമ്മിലുള്ള പ്രണയമാണ് സ്‌കിറ്റിന്റെ പ്രമേയം. ദളിത് കഥാപാത്രങ്ങളെ മുഴുവന്‍ അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങളാണ് സ്‌കിറ്റിലുള്ളത്. ജെയിന്‍ സര്‍വകലാശാലയിലെ സി എം എസ് വകുപ്പിന്റെ അറിവോടെയും അംഗീകാരത്തോടെയുമാണ് ഈ സ്‌കിറ്റ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ഥികള്‍ ആരോപിച്ചു. സ്‌കിറ്റ് അവതരണത്തിന് മുന്‍പ് അധികാരപ്പെട്ടവര്‍ പരിശോധിച്ചിട്ടും ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്നത് കുറ്റകരമാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഇതേ നാടക സംഘം മൂന്നിടങ്ങളില്‍ ഈ സ്‌കിറ്റ് അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന jhadkaa .org വഴിയാണ് സ്‌കിറ്റിനെതിരെയുള്ള പ്രതിഷേധം വിദ്യാര്‍ഥികള്‍ പുറത്തു വിട്ടത്.

logo
The Fourth
www.thefourthnews.in