രാഹുലിന്റെ 'ബിരിയാണി', മോദിയുടെ 'ഫിറ്റ്‌നസ്'; തിരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത് ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ 'വിളയാട്ടം'

രാഹുലിന്റെ 'ബിരിയാണി', മോദിയുടെ 'ഫിറ്റ്‌നസ്'; തിരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത് ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ 'വിളയാട്ടം'

നിലവില്‍ ഓരോ പ്രദേശത്തും സ്വാധീനമുള്ള ഇന്‍ഫ്‌ളൂവന്‍സര്‍മാരുമായി ബിജെപി യോഗം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യം പൊതു തിരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കത്തിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് ആയുധമാക്കി ബിജെപി ഇതിനോടകംതന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകളുമായി 'ഇന്ത്യ' മുന്നണിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സജീവമാണ്.

മുഖ്യധാര, പരമ്പരാഗത മാധ്യമങ്ങളെക്കൂടാതെ കഴിഞ്ഞ പതിറ്റാണ്ടില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയതോതിലുള്ള സ്വീകാര്യതയാണ് കിട്ടിയത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ ലോകത്ത്, തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനുകളുടെ ശൈലിയും മാറിമറിയുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ ചെലുത്തുന്ന സ്വാധീനം വലുതായിരിക്കും.

രാഹുലിന്റെ 'ബിരിയാണി', മോദിയുടെ 'ഫിറ്റ്‌നസ്'; തിരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത് ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ 'വിളയാട്ടം'
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; തൃശൂരില്‍ ചുവരെഴുത്തും പോസ്റ്ററും, കളം നിറഞ്ഞ് 'സ്ഥാനാര്‍ഥികള്‍'

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിനില്‍ സോഷ്യല്‍ മീഡിയ ഫിറ്റ്‌നസ് ഇന്‍ഫ്‌ളൂവന്‍സര്‍ അങ്കിത് ഭയ്യന്‍പുരിയ പങ്കെടുത്തത് പാര്‍ട്ടികളുടെ മാറിവരുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ വ്യക്തമായ ഉദാഹരണങ്ങളില്‍ ഒന്നാണ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെ വിലകുറച്ചു കാണാന്‍ സാധിക്കാത്ത കാലത്താണ് നാമിപ്പോഴുള്ളത്. പൂജ്യം മുതല്‍ 10,000 വരെ ഫോളോവേഴ്‌സുള്ളവരെ നാനോ ഇന്‍ഫ്‌ളൂവന്‍സര്‍മാരെന്നും 10,000 മുതല്‍ 100,000 വരെ ഫോളോവേഴ്‌സുള്ളവരെ മൈക്രോ ഇന്‍ഫ്‌ളൂവന്‍സര്‍മാരെന്നും ഒന്നു മുതല്‍ 10 ലക്ഷം ഫോളോവേഴ്‌സുള്ളവരെ മാക്രോ ഇന്‍ഫ്‌ളൂവന്‍സര്‍മാരെന്നും പത്ത് ലക്ഷത്തിലധികം പേര്‍ ഫോളോവേഴ്‌സുള്ളവരെ മാക്രോ ഇന്‍ഫ്‌ളൂവന്‍സര്‍മാരെന്നും വിളിക്കുന്നു.

ഇന്നത്തെ കാലത്ത് വൈവിധ്യമാര്‍ന്ന വോട്ടര്‍മാരുമായി സംവദിക്കുന്നതിന് സോഷ്യല്‍ മീഡിയ വഴിയുള്ള രാഷ്ട്രീയ മാര്‍ക്കറ്റിങ് സുപ്രധാനമാണ്. നാനോ, മൈക്രോ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ ചെറിയ ഒരു വിഭാഗവുമായി ബന്ധം സ്ഥാപിക്കുമ്പോള്‍, മാക്രോ, മെഗാ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ വലിയ വിഭാഗം ജനങ്ങളിലേക്കാണ് സന്ദേശം നല്‍കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാരോട് ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്വീകാര്യതയുമാണ് രാഷ്ട്രീയ പ്രവര്‍ത്തകരെയും പാര്‍ട്ടികളെയും അവരോടടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 69.2 കോടി വരുന്ന ഓണ്‍ലൈന്‍ ജനസംഖ്യയെ ലക്ഷ്യമിടുന്നതില്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്ക് വലിയ പങ്കാണുള്ളത്.

രാഹുലിന്റെ 'ബിരിയാണി', മോദിയുടെ 'ഫിറ്റ്‌നസ്'; തിരഞ്ഞെടുപ്പില്‍ കാണാനിരിക്കുന്നത് ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെ 'വിളയാട്ടം'
വോട്ടുനേട്ടം ഒരുലക്ഷം കവിഞ്ഞത് നാലു മണ്ഡലങ്ങളില്‍ മാത്രം; യുപിയില്‍ കോണ്‍ഗ്രസിനെ 'കറക്കുന്ന' കണക്കുകള്‍

നിലവില്‍ ഓരോ പ്രദേശത്തും സ്വാധീനമുള്ള ഇന്‍ഫ്‌ളൂവന്‍സര്‍മാരുമായി ബിജെപി യോഗം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയുടെ ഒന്‍പത് വര്‍ഷത്തെ ഭരണ വാര്‍ഷികമായ മെയ് 26ന് മുംബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 500 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരുമായുള്ള അദ്ദേഹത്തിന്റെ യോഗം ചേരലും ശ്രദ്ധേയമായിരുന്നു.

ബിജെപി മാത്രമല്ല, ചെറുതും വലുതുമായ ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളൂവന്‍സര്‍മാരെ പല രാഷ്ട്രീയ പാര്‍ട്ടികളും സമീപിച്ചിട്ടുണ്ട്. അവരുടെ ജനപ്രീതിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നതിന് പണം മുടക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണ്.

ഒന്നാം ഭാരത് ജോഡോ യാത്രക്ക് മുന്‍പുതന്നെ കോണ്‍ഗ്രസ് ഇന്‍ഫ്‌ളൂവേഴ്‌സിനെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വില്ലേജ് കുക്കിങ് ചാനലിലെ അംഗങ്ങള്‍ക്കൊപ്പം ബിരിയാണി വച്ച് കഴിച്ച രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറല്‍ ആയിരുന്നു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പ്രചരിപ്പിക്കുന്നതിന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് 'ജന്‍ സമ്മാന്‍ വീഡിയോ' മത്സരം നടത്തിയതും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഓരോ ക്ഷേമ പദ്ധതികളുടെ ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലുള്ള ചെറിയ വീഡിയോകള്‍ പ്രചരിപ്പിക്കുകയായിരുന്നു മത്സരത്തിന്റെ ഉദ്ദേശ്യം.

'ജന്‍സമ്മാന്‍ ജയ് രാജസ്ഥാന്‍' എന്ന ഹാഷ്ടാഗോട് കൂടി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ ഏതെങ്കിലും രണ്ട് സമൂഹ മാധ്യമങ്ങളില്‍ 30 മുതല്‍ 120 സെക്കന്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കുകയായിരുന്നു മത്സരത്തിന്റെ നിബന്ധന. പിന്നാല മത്സരത്തിലെ വിജയികള്‍ക്ക് ആകെ 2.75 ലക്ഷം രൂപ സമ്മാനമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയെ എങ്ങനെ സര്‍ക്കാര്‍ പ്രചരണ തന്ത്രമാക്കി മാറ്റുന്നുവെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ പറയുന്നത് അതുപോലെ സ്വീകരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍, ഈ തിരഞ്ഞെടുപ്പില്‍ അവരുടെ ഇടപെടലുകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. എന്നാല്‍ അവരുടെ സ്വാധീനം വോട്ടര്‍മാരിലൂടെ വോട്ടായി മാറുമോയെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിശോധിക്കാം.

logo
The Fourth
www.thefourthnews.in