'ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ല,  കോണ്‍ഗ്രസിന് മികച്ച അടിത്തറ';
സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്

'ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ല, കോണ്‍ഗ്രസിന് മികച്ച അടിത്തറ'; സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഈ അടുത്ത് നടന്ന സര്‍വേകളൊക്കെ സൂചിപ്പിക്കുന്നത് ബിജെപിക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ്

നരേന്ദ്രമോദി അധികാരത്തില്‍ വന്ന് ഒമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. 2014 ലെയും 2019 ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ മോദിക്കും ബിജെപിക്കും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളികളില്ലാതെ വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. ഈ അടുത്ത് നടന്ന സര്‍വേകളൊക്കെ സൂചിപ്പിക്കുന്നത് ബിജെപിക്ക് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ്.

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെങ്കിലും നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

എന്‍ഡിടിവി സിഎസ്ഡിഎസുമായി നടത്തിയ ഒരു സര്‍വേയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സര്‍വേകളില്‍ ബിജെപിക്ക് അനുകൂലമായ ചില സാഹചര്യങ്ങളുമുണ്ട്. സര്‍വേയില്‍ 43 ശതമാനം പേരും മോദി അധികാരത്തില്‍ വീണ്ടും വരണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രധാന എതിരാളിയായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ജനപ്രീതിക്ക് ഇപ്പോഴും വലിയ അന്തരമുണ്ട്.

27 ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുവരുമായി പ്രധാനമായുള്ളത്. വോട്ടിങ്ങില്‍ മുന്‍ഗണനയും മോദിക്ക് തന്നെയാണ്. വോട്ടിങ്ങ് ഇന്ന് തന്നെ നടന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്ന 39 ശതമാനം പേരുണ്ട്. 2019 ല്‍ ബിജെപി നേടിയ 37.7 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇത്. 29 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 2019 നെ അപേക്ഷിച്ച് ഇത് കാര്യമായ നേട്ടമാണെങ്കിലും ബിജെപിയുടെ വോട്ടിനേക്കാള്‍ 10 ശതമാനം കുറവാണ്.

ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന 28 ശതമാനം വോട്ടില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എത്ര കിട്ടുമെന്നാണ് അറിയേണ്ടത്

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെങ്കിലും നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും എന്‍ഡിഎ, യുപിഎ എന്നീ സഖ്യകക്ഷികള്‍ക്ക് കിട്ടുന്ന വോട്ടിന് പകരം ബിജെപി, കോണ്‍ഗ്രസ് എന്ന പാര്‍ട്ടികള്‍ക്ക് കിട്ടുന്ന വോട്ടിനാണ് ഇവിടെ പ്രധാന്യം നല്‍കിയിരിക്കുന്നത്.

ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന 28 ശതമാനം വോട്ടില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എത്ര കിട്ടുമെന്നാണ് അറിയേണ്ടത്. നിലവില്‍ യുപിഎയില്‍ വലിയ വോട്ട് വിഹിതമുള്ള പാര്‍ട്ടികള്‍ സഖ്യകക്ഷികളായുള്ളതിനാല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പത്ത് ശതമാനത്തിന്റെ അന്തരം എന്‍ഡിഎയും യുപിഎയും തമ്മില്‍ ഉണ്ടാകണമെന്നില്ല.

ഇങ്ങനെ പറയാനുള്ള പ്രധാന കാരണം 2019 ലെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. 2019 ല്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് നാല് ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് ഏഴ് ശതമാനത്തിലധികം വോട്ടാണ് ലഭിച്ചത്.

ശിവസേന പിളര്‍ന്നതിനാല്‍ സര്‍വേയില്‍ ശിവസേനയെ രണ്ട് പാര്‍ട്ടികളിലും ഉള്‍പ്പെടുത്തിയിട്ടില്ല. ജനതാദള്‍ യുണൈറ്റഡ്, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, ശിരോമണി അകാലിദള്‍ പാര്‍ട്ടി, ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവരെല്ലാം 2019 ന് ശേഷം എന്‍ഡിഎക്കുള്ള പിന്തുണ പിന്‍വലിച്ചു കഴിഞ്ഞു. ഈ പാര്‍ട്ടികളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാകുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാല്‍ ഇതിന് പകരമായി ജനനായക് ജനതാ പാര്‍ട്ടി, ആര്‍എല്‍എസ്പി തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണ ബിജെപി നേടിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ രാഹുല്‍ ഗാന്ധിക്ക് ഉയര്‍ന്ന് വന്ന ജനപ്രീതിയും കര്‍ണാടകയിലെ ഉജ്വല വിജയവും ഇതിന് കാരണമാണ്

2024 ല്‍ എന്ത് സംഭവിക്കുമെന്ന കൃത്യമായ ചിത്രമൊന്നും ഈ സര്‍വേകള്‍ പറഞ്ഞുവയ്ക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനുള്ള സാധ്യതകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. സഖ്യം മാറിയത് കാരണം കഴിഞ്ഞ തവണത്തെ പോലെ ജെഡിയുവിന് കാര്യമായി നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്നും ആശങ്കയുണ്ടാക്കുന്നുണ്ട്.

തമിഴ്‌നാട്, ബീഹാര്‍, അസം, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെല്ലാം സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ആണെങ്കിലും യുപിഎ സഖ്യത്തിന്റെ ഭാഗമല്ല. അതിനാല്‍ സര്‍വേയില്‍ സിപിഎമ്മിനെ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.അതായത് സര്‍വേകള്‍ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിന് വലിയ അടിത്തറ ഇപ്പോഴും ഉണ്ടെന്നു തന്നെയാണ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ രാഹുല്‍ ഗാന്ധിക്കുണ്ടായ ജനപ്രീതിയും കര്‍ണാടകയിലെ ഉജ്ജ്വല വിജയവും ഇതിന് കാരണമാണ്.

logo
The Fourth
www.thefourthnews.in