അഖിലേഷ് യാദവ്
അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഖിലേഷ് യാദവിന്റെ അപ്രതീക്ഷിത നീക്കം; യുപിയില്‍ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്ന ആദ്യ പാര്‍ട്ടിയാണ് എസ്പി

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്പിയിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസം തീരുമാനമായതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്ന ആദ്യ പാര്‍ട്ടിയാണ് എസ്പി.

അഖിലേഷ് യാദവിന്റെ ഭാര്യയും മെയിന്‍പുരിയിലെ എംപിയുമായ ഡിംപിള്‍ യാദവ് സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ലഖ്‌നൗവില്‍ എംഎല്‍എ രവിദാസ് മെഹ്‌റോത മത്സരിക്കും. അംബേദ്കര്‍ നഗറില്‍ ലാല്‍ജി വെര്‍മയും ഫിറോസാബാദ് മണ്ഡലത്തില്‍ അഖിലേഷിന്റെ ബന്ധു അക്ഷയ് യാദവും ജനവിധി തേടും.

എസ്പിയുടെ മറ്റൊരു പ്രമുഖ നേതാവ് ധര്‍മേന്ദ്ര യാദവ് ബൗദനില്‍ നിന്ന് മത്സരിക്കും. ഇന്ത്യ മുന്നണി സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എസ്പിയുടെ അപ്രതീക്ഷിത നീക്കം. കോണ്‍ഗ്രസിന് പതിനൊന്നു സീറ്റ് നല്‍കാമെന്നാണ് എസ്പി വ്യക്തമാക്കിയിരിക്കുന്നത്.

അഖിലേഷ് യാദവ് കനൗജില്‍ നിന്ന് മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനമായെങ്കിലും ആദ്യ പട്ടികയില്‍ അഖിലേഷിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇവിടെ ബിജെപിയോട് പരാജയപ്പെട്ടിരുന്നു. കനൗജിലാണ് അഖിലേഷ് യാദവ് പയറ്റി തെളിഞ്ഞത്. 2012-ല്‍ മുഖ്യമന്ത്രിയാകാനായി അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചപ്പോഴാണ് ഡിംപിള്‍ ഇവിടെ ആദ്യമായി മത്സരിച്ച് ജയിച്ചത്. 2014-ല്‍ 19,900 വോട്ടിന് ഡിംപിള്‍ വീണ്ടും ഇവിടെനിന്ന് വിജയിച്ചു. എന്നാല്‍ 2019-ല്‍ ഡിംപിളിന് ഇവിടെ കാലിടറി. 12,353 വോട്ടിനായിരുന്നു പരാജയം.

ഒരുവര്‍ഷത്തോളമായി അഖിലേഷ് യാദവ് സ്ഥിരമായി കനൗജ് സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. വെള്ളിയാഴ്ച അദ്ദേഹം എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മുസ്ലിം, യാദവ ഭൂരിപക്ഷ മണ്ഡലമായ കനൗജില്‍ കഴിഞ്ഞ തവണത്തെപ്പോലെ എതിര്‍ വികാരമില്ലെന്നാണ് എസ്പി വിലയിരുത്തുന്നത്.

പാര്‍ട്ടി സ്ഥാപകന്‍ മുലായാം സിങ് യാദവ് മരിച്ചതിനെ തുടര്‍ന്ന് 2022-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ മെയിന്‍പുരിയില്‍ നിന്ന് വിജയിച്ചിരുന്നു. അഖിലേഷ് യാദവിന്റെ 'പിഡിഎ' ഫോര്‍മുലയിലൂന്നിയാണ് ഇത്തവണയും എസ്പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനക്ഷങ്ങള്‍ എന്നിവയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് പിഡിഎ.

logo
The Fourth
www.thefourthnews.in