ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനാല്‍ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ബില്‍ക്കിസ് ബാനു ആവശ്യപ്പെട്ടിരുന്നു

ഗുജറാത്ത് കൂട്ടബലാത്സംഗ കേസ് പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് മോചിപ്പിച്ചത് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു നല്‍കിയ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനാൽ പുതിയ ബെഞ്ച് രൂപീകരിക്കണമെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും ബിൽക്കിസ് ബാനുവിന് വേണ്ടി ഹാജരായ അ‍‍ഡ്വ ശോഭാ ​ഗുപ്ത ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് എത്രയും വേഗം പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ഉറപ്പ് നൽകിയത്.

2004-2006 കാലഘട്ടത്തിൽ ​ഗുജറാത്ത് സർക്കാരിന്റെ നിയമ സെക്രട്ടറിയായിരുന്നു ത്രിവേദി എന്ന കാരണത്താലായിരുന്നു പിന്മാറ്റം

2023 ജനുവരി 4നാണ് കേസുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് ബേല എം ത്രിവേദി പിൻമാറിയത്. മോദി സർക്കാർ അധികാരത്തിലിരിക്കെ 2002 മാർച്ച് മൂന്നിനാണ് ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. 2004-2006 കാലഘട്ടത്തിൽ ​ഗുജറാത്ത് സർക്കാരിന്റെ നിയമ സെക്രട്ടറിയായിരുന്നു ത്രിവേദി എന്ന കാരണത്താലായിരുന്നു പിന്മാറ്റം. പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് 2022 ‍ഡിസംബറിൽ ബിൽക്കിസ് ബാനു സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ത്രിവേദി പിന്മാറിയത്. അന്ന് ജസ്റ്റിസ് അജയ് രസ്തോ​ഗിയാണ് ത്രിവേദിക്കൊപ്പം ബഞ്ചിൽ ഉണ്ടായിരുന്നത്. ത്രിവേദി പിന്മാറുന്നു എന്ന കാരണത്താൽ നിലവിൽ കേസ് പരി​ഗണിക്കാൻ സാധിക്കില്ലെന്നും മറ്റൊരു അം​ഗത്തോടൊപ്പമുള്ള ബഞ്ചിൽ കേസ് പരാമർശിക്കാനും രസ്തോ​ഗി ബില്‍ക്കിസ് ബാനുവിനോട് ആവശ്യപ്പെടുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസും അഞ്ച് മാസം ഗർഭിണിയുമായിരുന്നു

ഗോധ്രാ ദുരന്തത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസുള്ള മകളുമുണ്ട്. ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയതിനും 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് അനുമതി നല്‍കിയതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ്, ശിക്ഷയിൽ ഇളവ് അനുവദിച്ച് 11 പ്രതികളെ ഗുജറാത്ത് സർക്കാർ 2022 ഓഗസ്റ്റ് 15ന് വിട്ടയച്ചത്.

logo
The Fourth
www.thefourthnews.in