പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാകിസ്താനായി ചാരപ്രവൃത്തി ചെയ്തെന്ന് ആരോപണം; റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

വിദേശകാര്യ മന്ത്രാലയത്തിന്റെ മള്‍ട്ടി ടാസ്കിങ് സ്റ്റാഫായി (എംടിഎസ്) പ്രവൃത്തിച്ചിരുന്ന സത്യേന്ദ്ര സിവാളാണ് പ്രതിയെന്ന് എടിഎസ് അറിയിച്ചു

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐക്കായി ചാരവൃത്തി ചെയ്തെന്ന് ആരോപിച്ച് മോസ്കോയില്‍ നിയമിതനായ വിദേശകാര്യ മന്ത്രാലയം ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്). വിദേശകാര്യ മന്ത്രാലയത്തിന്റെ മള്‍ട്ടി ടാസ്കിങ് സ്റ്റാഫായി (എംടിഎസ്) പ്രവൃത്തിച്ചിരുന്ന സത്യേന്ദ്ര സിവാളാണ് പ്രതിയെന്ന് എടിഎസ് അറിയിച്ചു. മീററ്റില്‍ വച്ചായിരുന്നു അറസ്റ്റ്.

"ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചുള്ള അതീവരഹസ്യങ്ങള്‍ ചോർത്തുന്നതിനായി പാകിസ്താനി ചാര ഏജന്‍സിയായ ഐഎസ്ഐ പണം ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി വിശ്വാസയോഗ്യമായ വൃത്തങ്ങളില്‍ നിന്ന് യുപി എടിഎസിന് അറിയാന്‍ കഴിഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടിഎസ് തെളിവുകള്‍ ശേഖരിച്ചു. യുപിയിലെ ഹാപൂർ സ്വദേശിയായ സത്യേന്ദ്ര സിവാള്‍ ഇതില്‍ പങ്കാളിയാണെന്നും കണ്ടെത്തി," എടിഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
കേരള മീഡിയ അക്കാദമിയുടെ അവാർഡ് പ്രഖ്യാപനം വാർത്തയാക്കി അന്താരാഷ്ട്ര വാർത്ത ഏജൻസി അൽ ജസീറ

"ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍‍ സത്യേന്ദർ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പണത്തിന് പകരം ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും സൈനിക പ്രവർത്തനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ സത്യേന്ദർ കൈമാറിയിട്ടുണ്ട്. മീററ്റിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ ഉത്തരം നല്‍കാനായില്ല. കൂടുതല്‍ ചോദ്യ ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു," പ്രസ്താവനയില്‍ എടിഎസ് അറിയിച്ചു.

റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സെക്യൂരിറ്റി അസിസ്റ്റന്റായ സത്യേന്ദർ സിവാളിനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 121എ വകുപ്പ് പ്രകാരവും 1923ലെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരവുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകള്‍, ആധാർ കാർഡ്, പാന്‍ കാർഡ്, 600 രൂപ എന്നിവ പിടിച്ചെടുത്തതായും എടിഎസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in