ചന്ദ്രിക കുമാരതുംഗ
ചന്ദ്രിക കുമാരതുംഗ

തടവില്‍ 22 വര്‍ഷം; ചന്ദ്രിക കുമാരതുംഗ വധശ്രമക്കേസ് പ്രതികളെ വിട്ടയച്ച് ശ്രീലങ്ക

പതിറ്റാണ്ടുകളായി പിടിഎ നിയമപ്രകാരം 75 ലധികം പേരാണ് ജയിലില്‍ കഴിയുന്നത്

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ വധശ്രമക്കേസ് പ്രതികള്‍ക്ക് മോചനം. 30 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട മൂന്ന് തമിഴ് വിമത പ്രവര്‍ത്തകരെ മോചിപ്പിക്കാനാണ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ അനുമതി നല്‍കിയത്. തടവില്‍ 22 വര്‍ഷം പിന്നിടുമ്പോഴാണ് പ്രതികള്‍ ജയില്‍ മോചിതരാവുന്നത്.

30 വര്‍ഷത്തെ തടവ് അനുഭവിച്ചു വരികയായിരുന്നു മൂന്നുപേരും

1999 ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു ചന്ദ്രിക കുമാരതുംഗയെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം ഉണ്ടായത്. തമിഴ് പുലികളായിരുന്ന ആക്രമണത്തിന് പിന്നില്‍. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ചന്ദ്രിക കുമാരതുംഗെയ്ക്കും വലത് കണ്ണ് നഷ്ടമാവുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ചന്ദ്രിക കുമാരതുംഗെയുടെ പ്രധാന എതിരാളിയായിരുന്നു റെനില്‍ വിക്രമസിംഗെ. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുമാരതുംഗെ തന്നെയായിരുന്നു അത്തവണ വിജയിച്ചതും പ്രസിഡന്റ് ആയതും.

ചന്ദ്രിക കുമാരതുംഗെയുടെ അനുമതിയോടെയാണ് വധശ്രമക്കേസ് പ്രതികളെ മോചിപ്പിക്കുന്നത് എന്നാണ് നടപടിക്ക് റെനില്‍ വിക്രമസിംഗെയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. പ്രിവന്‍ഷന്‍ ഓഫ് ടെററിസം (പിടിഎ) എന്ന നിയമപ്രകാരമായിരുന്നു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന അഞ്ച് മുന്‍ തമിഴ് പുലികളെയും മോചിപ്പിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അന്താരാഷ്ട്രതലത്തില്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ട നിയമമാണ് ശ്രീലങ്കയിലെ പ്രിവന്‍ഷന്‍ ഓഫ് ടെററിസം (പിടിഎ). നിര്‍ബന്ധിത കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടാതെ തന്നെ ജുഡീഷ്യല്‍ റിവ്യൂ കൂടാതെ പ്രതികളെ ദീര്‍ഘകാലത്തേക്ക് തടങ്കലില്‍ വെക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം.

പിടിഎ നിയമ പ്രകാരം 75 ലധികം പേര്‍ ശ്രീലങ്കയില്‍ ജയിലില്‍ കഴിയുന്നതായാണ് വിവരം. ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധ രൂക്ഷമായ കാലത്തായിരുന്നു നിയമം പ്രാബല്യത്തില്‍ വന്നത്. 1972നും 2009 നുമിടയില്‍ 100,000ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ച ആഭ്യന്തരകലാപം അവസാനിച്ചതിന് ശേഷവും രാജ്യത്ത് പിടിഎ ഉപയോഗം തുടര്‍ന്ന് വന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ രാഷ്ടീയ എതിരാളികളെ നേരിടുന്നതിനായാണ് വിവാദ നിയമം പിന്നീട് ഉപയോഗിച്ചിരുന്നത്.

പ്രതികളെ കണ്ടെത്തി നിര്‍ബന്ധിത കുറ്റ സമ്മതം നടത്തുന്ന രീതിയാണ് പ്രിവന്‍ഷന്‍ ഓഫ് ടെററിസം

നാഷണലിസ്റ്റ് ഫ്രീഡം ശ്രീലങ്കന്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ സോളമന്‍ ബണ്ഡാരനായകെയുടേയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിസിരിമാവോ ഭണ്ഡാരനായകെയുടേയും മകളുകൂടിയാണ് ചന്ദ്രിക കുമാരതുംഗെ. 1959-ല്‍ ഒരു ബുദ്ധസന്യാസി നടത്തിയ വെടിവെപ്പിലായിരുന്നു ബണ്ഡാരനായകെ കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in