'കർണാടക മോദിയെ  ഏൽപ്പിക്കൽ' കന്നഡിഗരെ അപമാനിക്കലെന്ന് പ്രിയങ്ക: മോദിയുടെ കരങ്ങളിൽ സംസ്ഥാനം ഭദ്രമെന്ന് യോഗി

'കർണാടക മോദിയെ ഏൽപ്പിക്കൽ' കന്നഡിഗരെ അപമാനിക്കലെന്ന് പ്രിയങ്ക: മോദിയുടെ കരങ്ങളിൽ സംസ്ഥാനം ഭദ്രമെന്ന് യോഗി

ലിംഗായത് - വൊക്കലിഗ ബെൽറ്റുകളിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും താര പ്രചാരകർ

തുടർ ഭരണം കിട്ടിയാൽ സംസ്ഥാനം നരേന്ദ്ര മോദിയെ ഏൽപ്പിക്കുമെന്ന ബിജെപി നേതാക്കളുടെ പരാമർശം കന്നഡിഗരെ അപമാനിക്കലാണെന്ന് പ്രിയങ്ക ഗാന്ധി. സാമൂഹ്യ പരിഷ്കർത്താക്കളായ ബസവേശ്വരുടെയും ശ്രീനാരായണ ഗുരുവിന്റേയും മഹാകവി കൂവംബുവിന്റേയും പിൻതലമുറക്കാർക്ക് സ്വന്തമായൊരു സംസ്ഥാനം ഭരിക്കാനുള്ള കഴിവില്ലേയെന്നും പ്രിയങ്ക ചോദിച്ചു. ചിക്കമംഗളൂരുവിലെ ശൃംഗേരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ബിജെപിയുടെ താരപ്രചാരകരായി എത്തുന്ന ദേശീയ നേതാക്കളെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ടായിരുന്നു പ്രിയങ്കയുടെ പരാമർശം. തുടർ ഭരണം ഉറപ്പാക്കി കർണാടക നരേന്ദ്ര മോദിയുടെ കൈകളിൽ ഏൽപ്പിക്കുമെന്നായിരുന്നു നേതാക്കൾ പ്രസംഗിച്ചത്. കേന്ദ്രത്തിലും കർണാടകയിലും ഇനിയും ബിജെപി ഭരണം തുടർന്നാൽ ഉണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കവെയായിരുന്നു നേതാക്കളുടെ പരാമർശം. ശൃംഗേരി ശാരദ മഠം സന്ദർശിച്ച ശേഷം ബലേഹൊന്നൂരിലെ പൊതു പരിപാടിയിലായിരുന്നു പ്രിയങ്ക ബിജെപിയുടെ താര പ്രചാരകരെ വിമർശിച്ചത്. മുൻപ് മുത്തശ്ശി ഇന്ദിര ഗാന്ധി ലോക്സഭയിൽ പ്രതിനിധീകരിച്ച ചിക്കമംഗളൂരുവിൽ പ്രിയങ്കയെ കേൾക്കാൻ ആയിരങ്ങളാണെത്തിയത്.

കേന്ദ്ര സർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികളാണ് കർണാടകയിലെ കർഷകരെ ആത്മഹത്യയിൽ നിന്ന് കര കയറ്റിയതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു

അതേസമയം, ഡബിൾ എൻജിൻ സർക്കാരിന്റെ മഹത്വം ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ടിയയിലെ വൊക്കലിഗ സ്വാധീന മേഖലകളിൽ പ്രചാരണത്തിനെത്തി. കേന്ദ്ര സർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികളാണ് കർണാടകയിലെ കർഷകരെ ആത്മഹത്യയിൽ നിന്ന് കര കയറ്റിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിന്റെ പഞ്ചവത്സര പദ്ധതികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങി. എന്നാൽ മോദി സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുകയും അവയെല്ലാം സമയ ബന്ധിതമായി ഉദ്‌ഘാടനം ചെയ്യപ്പെടുകയുമാണ്. കർണാടകയിൽ നിരവധി പദ്ധതികൾ വന്നു, ഇനിയും പുതിയ പദ്ധതികൾ വരും. ബിജെപിക്ക് കരുത്തേകാൻ തുടർ ഭരണത്തിന് അവസരമൊരുക്കണമെന്നും യോഗി വോട്ടർമാരോട് അഭ്യർത്ഥിച്ചു. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ബിജെപി നിരോധിക്കുമ്പോൾ സംസ്ഥാനത്ത് അവർക്ക് സംവരണം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in