ജെഡിഎസ് - ബിജെപി സഖ്യം തിരിച്ചടി; സുമലത അംബരീഷ്  എങ്ങോട്ട് ?

ജെഡിഎസ് - ബിജെപി സഖ്യം തിരിച്ചടി; സുമലത അംബരീഷ് എങ്ങോട്ട് ?

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും പാർട്ടി ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയാണ് സുമലത വീണ്ടും അഭ്യൂഹങ്ങൾക്ക് ഇടനൽകിയിരിക്കുന്നത്

സുമലത അംബരീഷ്  വീണ്ടും മണ്ടിയയിൽ തന്നെ മത്സരിക്കുമോ? സ്വതന്ത്ര സ്ഥാനാർഥിയായിയാണോ അതോ  ബിജെപി സ്ഥാനാർഥിയായിയാണോ കളത്തിലിറങ്ങുക? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു ബിജെപിക്ക്  പിന്തുണ പ്രഖ്യാപിച്ചു  മണ്ടിയ ഉൾപ്പെടുന്ന ഓൾഡ് മൈസൂർ മേഖലയിൽ  പ്രചാരണത്തിൽ സജീവമായിരുന്നു അവർ. ലോക്‌ സഭാ തിരഞ്ഞെടുപ്പ്  അടുക്കവേ  ബിജെപി പക്ഷ  ചായ്‌വ്‌  കൂടുതൽ പ്രകടമാക്കുകയാണ്  മണ്ടിയയിലെ സ്വതന്ത്ര  എം പി.

ലോക്സഭാ  സമ്മേളനത്തിനിടെ ഡൽഹിയിൽ ബിജെപി നേതൃത്വവുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയാണ്  സുമലത  വീണ്ടും അഭ്യൂഹങ്ങൾക്ക് ഇടനൽകിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ  ജെ പി നദ്ദയുമായും പാർട്ടി ജനറൽ സെക്രട്ടറി  ബി എൽ സന്തോഷുമായും  വെവ്വേറെ  കൂടികാഴ്ചകളാണ് നടന്നത്. സുമലത തന്നെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ  ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മണ്ടിയ  ലോകസഭാ മണ്ഡലത്തിലെ  വിഷയങ്ങളും  തിരഞ്ഞെടുപ്പും  ബിജെപി ദേശീയ നേതൃത്വവുമായുള്ള  കൂടിക്കാഴ്ചയിൽ  ചർച്ച  ചെയ്തു എന്നാണ്  സുമലത  കുറിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ  ജെ പി നദ്ദയ്‌ക്കൊപ്പം സുമലത.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കൊപ്പം സുമലത.

ലോക്സഭാ  തിരഞ്ഞെടുപ്പ്  വിജയത്തിന്  ശേഷം  സുമലത  കോൺഗ്രസിൽ ചേരുമെന്ന  അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും  അവർ സ്വതന്ത്ര എം പിയായി  തന്നെ തുടർന്നു. എന്നാൽ  കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്  കാലത്തു  മോദി  പ്രഭാവത്തെ പുകഴ്ത്തി  ബിജെപി ചായ്‌വ് പരസ്യമാക്കി  അവർ രംഗത്ത് വരികയായിരുന്നു. മൈസൂരൂ - ബെംഗളൂരു  അതിവേഗ പാതയുടെ  ഉദ്‌ഘാടനം  നിർവഹിക്കാൻ  പ്രധാനമന്ത്രി  നരേന്ദ്ര മോദി  എത്തിയത് പാത  മണ്ടിയയിലൂടെ കടന്നു പോകുന്ന ഭാഗത്തായിരുന്നു. പ്രധാനമന്ത്രിയിൽ നിന്ന്  സുമലത  ബിജെപി അംഗത്വം  സ്വീകരിക്കുമെന്ന  അഭ്യൂഹം അന്നുണ്ടായിരുന്നു  . എന്നാൽ  ഉപാധികളില്ലാതെ  ബിജെപിയെ  തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നു  എന്ന  പ്രഖ്യാപനം  നടത്തുകയാണ്  സുമലത  ചെയ്തത്. ഓൾഡ്  മൈസൂരു  മേഖലയിൽ  ബിജെപി സ്ഥാനാർഥികളുടെ  പ്രചാരണത്തിൽ   അവർ പങ്കെടുക്കുകയും  വോട്ട് അഭ്യർഥിക്കുകയും  ചെയ്തിരുന്നു. 

ബിജെപി ദേശീയ ജനറൽ സെക്രട്ടറി  ബി എൽ സന്തോഷിനൊപ്പം സുമലത.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനൊപ്പം സുമലത.

കർണാടകയിൽ  ബിജെപി  - ജെഡിഎസ്  തിരഞ്ഞെടുപ്പ് സഖ്യം നിലവിൽ വന്ന പശ്ചാത്തലത്തിൽ  പാർട്ടി  ദേശീയ നേതൃത്വവുമായി  സുമലത നടത്തിയ കൂടിക്കാഴ്ചക്ക്  രാഷ്ട്രീയ  പ്രാധാന്യമുണ്ട്. സഖ്യമായി മത്സരിക്കുമ്പോൾ  ജെഡിഎസ്  ആവശ്യപ്പെടുന്ന  സീറ്റാണ്  സുമലതയുടെ  സിറ്റിംഗ് സീറ്റായ  മണ്ടിയ.  2019 ൽ സ്വതന്ത്ര സ്ഥാനാർഥിയായി  ജനവിധി തേടിയ സുമലത ജെഡിഎസിന്റെ  സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയെ  തോൽപ്പിച്ചാണ്  കന്നി അങ്കം ജയിച്ചത്.

കോൺഗ്രസും  ബിജെപിയും  സുമലതക്ക്  പിന്തുണ നൽകിയിരുന്നു. നടനും കോൺഗ്രസ് നേതാവുമായിരുന്ന  ഭർത്താവ്  എം എച്ച്  അംബരീഷിന്റെ  നിര്യാണത്തെ തുടർന്നായിരുന്നു  അദ്ദേഹത്തിന്റെ തട്ടകമായ  മണ്ടിയയിൽ  മത്സരിക്കാൻ  സുമലത  തീരുമാനിച്ചത്. കോൺഗ്രസ് ടിക്കറ്റ് നൽകുമെന്ന്  പ്രതീക്ഷിച്ചിരുന്നെങ്കിലും  2019 ൽ  ജെഡിഎസുമായുള്ള  തിരഞ്ഞെടുപ്പ്  സഖ്യം  കാരണം  സീറ്റ്  ജെഡിഎസിനു നൽകേണ്ടി വന്നു. തുടർന്നായിരുന്നു  സുമലത  സ്വതന്ത്ര സ്ഥാനാർത്ഥിയായി  കളത്തിലിറങ്ങിയത്. 

മണ്ടിയയിൽ  വീണ്ടുമിറങ്ങി ബിജെപി പിന്തുണയിൽ  ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ  കഴിഞ്ഞ  സുമലത അംബരീഷിന്  വൻ  തിരിച്ചടിയാണ്  ബിജെപി - ജെഡിഎസ്  തിരഞ്ഞെടുപ്പ്  സഖ്യം. മണ്ടിയ ഉൾപ്പടെ അഞ്ച്‌ സീറ്റുകളാണ്  ജെഡിഎസ്  ചോദിച്ചിരിക്കുന്നത്. മണ്ടിയയുടെ കാര്യത്തിൽ  ജെഡിഎസ്  വിട്ടു വീഴ്ച  ചെയ്യാൻ സാധ്യത കുറവാണ്.  ഈ സാഹചര്യത്തിൽ  സുരക്ഷിതമായ  മറ്റൊരു മണ്ഡലം തേടുകയാണ് സുമലത.

ബിജെപി നേതാക്കളുമായി പരസ്യമായി  കൂടിക്കാഴ്ച  നടത്തുന്നതോടൊപ്പം   കോൺഗ്രസ്  പാളയവുമായും  സമ്പർക്കത്തിലാണ്  സുമലത. കർണാടക  മുഖ്യമന്ത്രി  സിദ്ധരാമയ്യയുമായി  നിലവിലെ സാഹചര്യം  അവർ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ  സുമലതക്ക് പാർട്ടി ടിക്കറ്റ് നൽകുന്ന കാര്യത്തിലും  സ്വതന്ത്രയായി വീണ്ടും മത്സരത്തിനിറങ്ങിയാൽ  പിന്തുണക്കണോ  എന്ന കാര്യത്തിലും   തീരുമാനം എടുക്കേണ്ടത്  ഹൈക്കമാന്‍ഡ്‌ ആണ്. ഈ  ദിശയിൽ ചർച്ചകൾ  പുരോഗമിച്ചിട്ടില്ല.

ബിജെപി സ്ഥാനാർഥിയായി  തന്നെ  മത്സരിക്കാൻ  താൻ  ഒരുക്കമാണെന്ന്  അവർ  പാർട്ടി നേതൃത്വത്തെ  അറിയിച്ചെന്നാണ് സൂചന. ബംഗളുരുവിലെ  ഏതെങ്കിലും  മണ്ഡലം  നൽകി  സുമലതയെ  പാർട്ടി ടിക്കറ്റിൽ മത്സരിപ്പിച്ചു ജയിപ്പിച്ചെടുക്കാമെന്നാണ്  ബിജെപിയും  കണക്കു കൂട്ടുന്നതെന്നാണ്  വിവരം. മുതിർന്ന നേതാവും മുൻ  മുഖ്യ മന്ത്രിയുമായിരുന്ന  ഡി വി സദാനന്ദ ഗൗഡയുടെ  സിറ്റിംഗ് സീറ്റായ  ബെംഗളൂരു  നോർത്ത്  മണ്ഡലമാണ്  നിലവിൽ  ബിജെപി  സുമലതക്കായി   ആലോചിക്കുന്നത്. പാർട്ടി നിർദേശ  പ്രകാരം തിരഞ്ഞെടുപ്പു  രാഷ്ട്രീയത്തിൽ  നിന്ന്  വിരമിക്കൽ  പ്രഖ്യാപിച്ചിരിക്കുകയാണ്  സദാനന്ദ  ഗൗഡ. കർണാടകയിൽ  ജെഡിഎസുമായുണ്ടാക്കിയ  തിരഞ്ഞെടുപ്പ്  സഖ്യത്തെ  അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in