സുപ്രീംകോടതി
സുപ്രീംകോടതി

'എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം'; വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാന്‍ പരാതിക്കായി കാത്ത് നിൽക്കരുതെന്ന് സുപ്രീംകോടതി

വിദ്വേഷ പ്രസംഗം തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഷഹീൻ അബ്ദുള്ളയെന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്

വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പരാതിക്കായി കാത്തിരിക്കേണ്ടെന്ന മുൻ ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമെന്ന് സുപ്രീംകോടതി. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലീസിനോട് കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീംകോടതി ഇതേ നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്നയുടെ എന്നിവരുടെ ബെഞ്ചാണ് ഈ ഉത്തരവ് മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി ബാധകമാക്കിയത്.

രാജ്യത്തുടനീളം അരങ്ങേറുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകവെയാണ് കോടതിയുടെ ഉത്തരവ്. വിദ്വേഷ പ്രസംഗ കേസുകൾ ഫയൽ ചെയ്യാൻ കാലതാമസമുണ്ടായാൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി. ഇനിമുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതികൾക്ക് വേണ്ടി സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കാത്ത് നിൽക്കേണ്ടതില്ല. വിദ്വേഷ പ്രസംഗം ശ്രദ്ധയില്പെടുന്ന പക്ഷം സ്വമേധയാ നടപടിയെടുക്കാം. പ്രാസംഗികന്റെ മതമൊന്നും കേസെടുക്കുന്നതിൽ പരിഗണനവിഷയമാകേണ്ടതില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു.

രാഷ്ട്രീയപാർട്ടികൾ പ്രശ്നമല്ല ഭരണഘടനാ മാത്രമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്
ജസ്റ്റിസ് കെ എം ജോസഫ്

"ഐപിസി സെക്ഷൻ 153A, 153B, 295A, 506 മുതലായ വകുപ്പുകളുടെ പരിധിയിൽ വരുന്ന ഏതെങ്കിലും പ്രസംഗമോ പ്രവൃത്തിയോ ഉണ്ടാകുമ്പോൾ, ഒരു പരാതിയും ഫയൽ ചെയ്തില്ലെങ്കിലും സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും നിയമപരമായ തുടർന് നടപടികൾ എടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന മതേതരത്വം സംരക്ഷിക്കപ്പെടാൻ പ്രാസംഗികന്റെ മതം പരിഗണിക്കാതെ അത്തരം നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്നു" സുപ്രീംകോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗം തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഷഹീൻ അബ്ദുള്ളയെന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നടപടികൾ എടുക്കാൻ ഉത്തരവാദിത്വപ്പെട്ട നോഡൽ ഓഫീസർമാരെ ഓരോ സംസ്ഥാനത്തും നിയമിക്കണമെന്ന് ഹർജിയിൽ അപേക്ഷിച്ചിരുന്നു. റാലികളിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാന അധികാരികൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ മാർച്ച് 29ന് കോടതി മഹാരാഷ്ട്ര സർക്കാരിന്റെയും പ്രതികരണം തേടിയിരുന്നു.

സംസ്ഥാനം അശക്തമാണെന്നും സമയബന്ധിതമായി പ്രവർത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നിശബ്ദത പാലിക്കാണെങ്കിൽ എന്തിനാണ് സംസ്ഥാനങ്ങളെന്നും കോടതി ചോദിച്ചു. കൂടാതെ സാമുദായിക സൗഹാർദ്ദവും സാഹോദര്യവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ബെഞ്ച് ഓർമിപ്പിച്ചു.

"രാഷ്ട്രീയപാർട്ടികൾ പ്രശ്നമല്ല ഭരണഘടനാ മാത്രമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്" ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. ഒരു പ്രത്യേക സമുദായത്തെ നശിപ്പിക്കാനുള്ള ആഹ്വാനങ്ങൾ രാജ്യത്തുടനീളം നടക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഇടപെടൽ അപേക്ഷ ബെഞ്ച് അടുത്ത മാസം 12ന് പരിഗണിക്കും.

logo
The Fourth
www.thefourthnews.in