മണിപ്പൂർ ലൈംഗികാതിക്രമം: അതിജീവിതമാരുടെ മൊഴിയെടുക്കലിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി

മണിപ്പൂർ ലൈംഗികാതിക്രമം: അതിജീവിതമാരുടെ മൊഴിയെടുക്കലിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി

ഉച്ചയ്ക്ക് രണ്ടുമണിവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിർദേശം

മണിപ്പൂരിൽ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് അതിൽ രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിതമാരുടെ മൊഴിയെടുക്കുന്നതിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി. ഉച്ചയ്ക്ക് രണ്ടുമണിവരെ ചോദ്യം ചെയ്യുന്നതിനാണ് വിലക്ക്. മണിപ്പൂരുമായി ബന്ധപ്പെട്ട കേസുകൾ രണ്ടുമണിക്ക് കോടതി പരിഗണിക്കുന്നതിനാലാണ് സിബിഐയോട് കാത്തിരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ആവശ്യപ്പെട്ടത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് വാക്കാലാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.

അതിജീവിതമാരുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്ദേശിക്കുന്നതായി അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീംകോടതിയെ ബോധിപ്പിച്ചത്. അതിക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് കഴിഞ്ഞ ദിവസം അതിജീവിതമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താനുള്ള ഹർജിയും പരിഗണയ്‌ക്കെടുക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

"മിസ്റ്റർ എസ്ജി, അവരോട് കാത്തിരിക്കാൻ പറയൂ, ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വാദം കേൾക്കാൻ പോകുകയാണ്" സിബിഐക്ക് സന്ദേശം കൈമാറണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. മണിപ്പൂരിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ കോടതിയുടെ നിരീക്ഷണത്തിലുള്ള സ്വതന്ത്രമായ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

മണിപ്പൂർ ലൈംഗികാതിക്രമം: അതിജീവിതമാരുടെ മൊഴിയെടുക്കലിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി
ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് ആൾക്കൂട്ടം തീയിട്ടു, ഇമാം കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം പരിഗണിച്ച അതിജീവിതമാരുടെ ഹർജിയിൽ കേസ് സിബിഐയ്ക്ക് കൈമാറുന്നതിനെയും വിചാരണ അസമിലേക്ക് മാറ്റാനുള്ള നീക്കത്തെയും മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ എതിർത്തിരുന്നു. അതിജീവിതമാർക്ക് വിശ്വാസമുള്ള സംഘത്തെക്കൊണ്ട് വേണം കേസ് അന്വേഷിപ്പിക്കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 19ന് ദൃശ്യങ്ങൾ പ്രചരിച്ചതിനെ പിന്നാലെ തൊട്ടടുത്ത ദിവസം സുപ്രീംകോടതി സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിരുന്നു. കൂടാതെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശം നൽകി. അതേ തുടർന്നാണ് കേന്ദ്രസർക്കാർ സിബിഐയ്ക്ക് കേസ് കൈമാറിയത്. ഒപ്പം കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 28ന് കേന്ദ്രസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാനും നടപടിയെടുത്തിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. കൂടാതെ കുറ്റപത്രം സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദേശവും നൽകിയതായി കേന്ദ്രസർക്കാർ പറഞ്ഞു.

logo
The Fourth
www.thefourthnews.in