സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇനി വാദം കേൾക്കുന്ന മെയ് മൂന്നിനുള്ളിൽ കൃത്യമായ മറുപടി നൽകണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടു

സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കാൻ എങ്ങനെയാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് സുപ്രീംകോടതി. സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമസാധുത ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇനി വാദം കേൾക്കുന്ന മെയ് മൂന്നിനുള്ളിൽ കൃത്യമായ മറുപടി നൽകണമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടു.

സ്വവർഗാനുരാഗികളായവർ ഒരുമിച്ച് ജീവിക്കുമ്പോൾ അവർക്ക് എന്ത് തരത്തിലുള്ള സുരക്ഷിത്വബോധവും സാമൂഹിക ക്ഷേമവുമാണ് ഉറപ്പാക്കാൻ പദ്ധതിയിടുന്നത്
ചീഫ് ജസ്റ്റിസ്

സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള മാർഗങ്ങൾ രൂപപ്പെടുത്തുകയാണ് കേസ് പരിഗണിക്കുന്നതിന്റെ ലക്ഷ്യമെന്ന് സുപ്രീംകോടതി. സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത അനുവദിക്കുന്നത് നിയമനിർമാണ സഭയുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കൂടാതെ നിലവിലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം, കല്യാണം കഴിക്കേണ്ടവർ 30 ദിവസം മുൻപ് അറിയിക്കണമെന്ന ചട്ടം പരിശോധിക്കാൻ പുതിയൊരു ബെഞ്ചിനെക്കൊണ്ട് വേണമെങ്കിൽ പരിഗണിപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. ഈ വിഷയം ഭിന്നലിംഗ-സ്വവർഗ ദമ്പതികളെ ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് കാലാവധി പുരുഷാധിപത്യപരമാണെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
സ്വവർഗ വിവാഹം നഗരത്തിലുള്ള പരിഷ്കാരികളുടെ ആവശ്യമെന്ന് പറയുന്നതെങ്ങനെ? തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി

സ്വവർഗ ദമ്പതികൾക്ക് നിയമപരമായ അംഗീകാരമില്ലെങ്കിലും നൽകാവുന്ന സാമൂഹിക ആനുകൂല്യങ്ങള്‍ സംബന്ധിച്ച് മറുപടി നൽകണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 'സ്വവർഗാനുരാഗികളായവർക്ക് സഹവസിക്കാനും പങ്കാളിയെ തിരഞ്ഞെടുക്കാനുമുള്ള മൗലികാവകാശമുണ്ടെങ്കിൽ അവർക്കുള്ള സാമൂഹിക അവകാശങ്ങൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്' ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വിവാഹമെന്ന ലേബൽ സ്വവർഗാനുരാഗികൾക്ക് നൽകാനാകില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തിന് മറുപടി നൽകുകയായിരുന്നു കോടതി.

'സ്നേഹിക്കാനും സഹവസിക്കാനും പങ്കാളിയെ തിരഞ്ഞെടുക്കാനും ലൈംഗികാഭിമുഖ്യം പുലർത്താനുമുള്ള അവകാശം മൗലികമാണ്. എന്നാൽ ആ ബന്ധത്തെ വിവാഹമെന്നോ മറ്റേതെങ്കിലും പേരിട്ട് വിളിക്കണമെന്ന് ആവശ്യപ്പെടുന്നതോ മൗലികമല്ല' . സോളിസിറ്റർ ജനറൽ പറഞ്ഞു. വിവാഹമെന്ന അംഗീകാരം നൽകിയില്ലെങ്കിലും മറ്റാനുകൂല്യങ്ങളും അനുവദിക്കാവുന്നതാണെന്ന് ജസ്റ്റിസ് പിഎസ് നരസിംഹയും അഭിപ്രായപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും സമാന അഭിപ്രായമാണ് പങ്കുവച്ചത്. വിവാഹം എന്നതല്ലെങ്കിലും എന്തെങ്കിലും തരത്തിലുള്ള പദവി ആവശ്യമാണെന്നായിരുന്നു ജസ്റ്റിസ് ഭട്ടിന്റെ ആവശ്യം.

ഈയൊരു അംഗീകാരം നൽകാൻ ജുഡീഷ്യറി ശ്രമിച്ചാൽ നിയമനിർമാണ പ്രശ്നമാകുമെന്നതിലാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗാനുരാഗികളായവർ ഒരുമിച്ച് ജീവിക്കുമ്പോൾ അവർക്ക് എന്ത് തരത്തിലുള്ള സുരക്ഷിത്വബോധവും സാമൂഹിക ക്ഷേമവുമാണ് ഉറപ്പാക്കാൻ പദ്ധതിയിടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത്തരം ബന്ധങ്ങളിലുള്ളവർ ബഹിഷ്കരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിൽ കേന്ദ്രത്തിന് സഹായിക്കാനാകുമെങ്കിലും നിയമപരമായ അംഗീകാരമോ പദവിയോ നൽകാൻ കഴിയില്ലെന്നായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം. നിർദിഷ്ട അധികാരികളുമായി സോളിസിറ്റർ ജനറൽ ചർച്ച ചെയ്ത ശേഷം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

സ്വവർഗ ദമ്പതികളുടെ സുരക്ഷയും സാമൂഹിക ക്ഷേമവും എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
സ്വവർഗ വിവാഹം: പാർലമെന്റിന് വിടണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

സ്വവർഗാനുരാഗികൾക്ക് വിവാഹത്തിനുള്ള അവകാശം നൽകുന്നതിനെതിരാണ് കേന്ദ്ര സർക്കാർ. ഒരേ ലിംഗത്തിലുള്ളവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഇന്ത്യൻ സംസ്കാരത്തിലെ കുടുംബ സങ്കല്പത്തോട് യോജിച്ചതല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിലെ വിശദീകരണം.

logo
The Fourth
www.thefourthnews.in