'ഇടപെടാനില്ല, ലെഫ്. ഗവര്‍ണര്‍ക്ക്‌ നടപടിയെടുക്കാം'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

'ഇടപെടാനില്ല, ലെഫ്. ഗവര്‍ണര്‍ക്ക്‌ നടപടിയെടുക്കാം'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പ്രതിയായ അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടാന്‍ താല്‍ര്യമില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നടപടി എടുക്കെട്ടെ എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. ഹര്‍ജിക്കാരന് 50000 രൂപ പിഴ ചുമത്തിയായിരുന്നു ഹൈക്കോടതി നടപടി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ കോടതിക്ക് താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതിയെ സമീപിച്ച ഹരജിക്കാരന്‍ കാന്ത് ഭാട്ടിയല്ല ഹൈക്കോടതിയുടെ മുമ്പാകെയുള്ള ഹര്‍ജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239എഎ പ്രകാരം ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ തുടരുന്നതിനെ ചോദ്യം ചെയ്താണ് സന്ദീപ് കുമാര്‍ എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

മദ്യനയ അഴിമതി കേസില്‍ മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് കെജ്‌രിവാൾ ജയിലില്‍ കഴിഞ്ഞത്. വിശദമായ ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നും കേസിൽ അടുത്തയാഴ്ചയോടെ വാദം കേൾക്കൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി. ജൂൺ ഒന്നിന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം രണ്ടാം തീയതി കെജ്‌രിവാൾ തിരിച്ച് ജയിലിൽ ഹാജരാകണം.

logo
The Fourth
www.thefourthnews.in