വ്യാജവാർത്ത: ഓപ്ഇന്ത്യക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

വ്യാജവാർത്ത: ഓപ്ഇന്ത്യക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

എഫ്ഐആർ റദ്ദാക്കുന്നതിന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച സുപ്രീം കോടതി, അറസ്റ്റിൽനിന്ന് ഇരുവർക്കും നാലാഴ്ച സംരക്ഷണം അനുവദിച്ചു

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കേസിൽ ഓപ് ഇന്ത്യ ന്യൂസ് പോര്‍ട്ടൽ എഡിറ്റർ ഇൻ ചീഫിനും സിഇഒയ്ക്കും അറസ്റ്റിൽനിന്ന് സംരക്ഷണം. ഇരുവർക്കുമെതിരെ നാലാഴ്ചത്തേക്ക് അറസ്റ്റ് നടപടി പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പിഎസ് നരംസിഹയും ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടു.

തമിഴ്‌നാട്ടില്‍ ബിഹാര്‍ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണം സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പോർട്ടൽ എഡിറ്റർ ഇൻ ചീഫ് നൂപുർ ജെ ശർമ, സിഇഒ രാഹുൽ റൗഷന്‍ എന്നിവർക്കെതിരെ തമിഴ്നാട് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

തങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യം കോടതി പരിഗണിച്ചില്ല. ഭരണഘടനയുടെ 32ാം അനുച്ഛേദം പ്രകാരം എഫ്‌ഐആര്‍ റദ്ദാക്കാന്‍ എങ്ങനെയാണ് സുപ്രീംകോടതിയ്ക്ക് സാധിക്കുകയെന്നു ബെഞ്ച് ചോദിച്ചു.

എഫ്ഐആർ റദ്ദാക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി നിർദേശം നൽകി. ഹൈക്കോടതിയെ സമീപിക്കുന്നതിനാണ് എഡിറ്റർ ഇൻ ചീഫിനും സിഇഒയ്ക്കും നാലാഴ്ചത്തെ സംരക്ഷണം അനുവദിച്ചത്.

ബിഹാര്‍ കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടില്‍ വ്യാപകമായി ആക്രമിക്കുന്നുവെന്ന വാർത്തയെത്തുടർന്ന് ഏപ്രിലിലാണ് ഓപ്ഇന്ത്യക്കെതിരെ തമിഴ്നാട് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഡിഎംകെ നേതാവ് സൂര്യപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ, 501, 505 വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്.

logo
The Fourth
www.thefourthnews.in