കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിന് എതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും, പ്രതിഷേധം കടുപ്പിക്കാന്‍ എഎപി

കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിന് എതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും, പ്രതിഷേധം കടുപ്പിക്കാന്‍ എഎപി

അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ എഎപി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അടിയന്തരമായി പരിഗണിക്കാനായി കോടതി രാത്രി സിറ്റിങ് നടത്തിയില്ല

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് എതിരെ എഎപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ എഎപി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അടിയന്തരമായി പരിഗണിക്കാനായി കോടതി രാത്രി സിറ്റിങ് നടത്തിയില്ല.

അതേസമയം, കെജ്‌രിവാളിനെ ഇന്ന് റോസ് അവന്യു കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി ആവശ്യപ്പെടും. ഇ ഡി ആസ്ഥാനത്ത് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കെജ്‌രിവാളിന് എതിരെ തെളിവുകളുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹവാല ഇടപാടുകള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍, ഫെയ്‌സ്‌ടൈം കോളുകള്‍ എന്നിവ തെളിവായി ഉണ്ടെന്നാണ് ഇ ഡി നല്‍കുന്ന സൂചന. പ്രതികളുമായി കെജ്‌രിവാള്‍ നടത്തിയ സംഭാഷണങ്ങളുടെ തെളിവുകള്‍ ഇ ഡിക്ക് ലഭിച്ചെന്നു സൂചനയുണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ, കെജ്‌രിവാളിന്റെ വസതിയില്‍ റെയ്ഡിനെത്തിയ പന്ത്രണ്ടംഗ ഇ ഡി സംഘം, ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അറസ്റ്റിന് പിന്നാലെ, എഎപി വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. എംഎല്‍എമാര്‍ അടക്കം നിരവധി എഎപി നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്തു മണിക്ക് എഎപി ഓഫീസിന് മുന്നില്‍ എത്താന്‍ പ്രവര്‍ത്തകരോട് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് പാര്‍ട്ടി തീരുമാനം.

കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിന് എതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും, പ്രതിഷേധം കടുപ്പിക്കാന്‍ എഎപി
അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് എന്തിന് ?; എന്താണ് ഡല്‍ഹി മദ്യനയകേസ് ?

അറസ്റ്റിലായെങ്കിലും കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നാണ് എഎപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം ജയിലില്‍ നിന്ന് സംസ്ഥാന ഭരണം നിര്‍വഹിക്കുമെന്ന് എഎപി നേതാവ് അതിഷി സിങ് പറഞ്ഞു. കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. കെജ്‌രിവാളിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി സംഘം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയത്. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിലപാട്. ഒന്‍പതാം തവണയും സമന്‍സ് അയച്ചതിന് പിന്നാലെയാണ്, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിംസ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 22-ന് വാദം കേള്‍ക്കാനായി ഹര്‍ജി മാറ്റിയിരുന്നു.

മദ്യനയ കേസുമായി ബന്ധപ്പെട്ട്, എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍, ബിആര്‍എസ് നേതാവ് കെ കവിത എന്നിവരെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇ ഡി നല്‍കിയ രണ്ട് പരാതികളില്‍ കെജ്രിവാളിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഇ ഡി ഒന്‍പതാമത്തെ സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് വിസ്സമ്മതിച്ച കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണം എന്നായിരുന്നു ഇ ഡിയുടെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in